നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസ് പ്രതികളുമായി പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് ബന്ധമുണ്ടോ? അന്വേഷിക്കാൻ കളത്തിലിറങ്ങി കസ്റ്റംസ് ;ഇയാളുടെ കൈവശമുള്ള വാഹനങ്ങളെക്കുറിച്ചും വിശദമായി അന്വേഷണം

മോൻസൺന്റെ തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കാൻ ഒടുവിൽ കസ്റ്റംസും ഇറങ്ങി...ഇപ്പോഴും ദുരൂഹമായി തുടരുന്നത് ആ ഒരു കോടി രൂപ എവിടെ എന്ന സംശയമാണ്. നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസ് പ്രതികളുമായി പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് ബന്ധമുണ്ടോയെന്നാണ് പ്രധാനമായും കസ്റ്റംസ് അന്വേഷിക്കാൻ ഒരുങ്ങുന്നത്.
ഇയാളുടെ കൈവശമുള്ള വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സ്വപ്നയെ ഒളിവിൽ താമസിക്കാൻ സഹായിച്ചത് മോൺസൺ ആണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എൻ.ഐ.എയുടെ പിടിയിലാകും മുമ്പ് സ്വപ്ന സുരേഷിന് കൊച്ചിയിൽ ഒളിവിൽ കഴിയാൻ മോൻസണിന്റെ സഹായം ലഭിച്ചിരുന്നോ എന്ന സംശയം സ്ഥിരീകരിക്കാനാണ് അന്വേഷണം ഇപ്പോൾ നടത്തുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം കഴിഞ്ഞവർഷം ജൂലായിലായിരുന്നു സ്വപ്ന സുരേഷ് പുറത്തുവിട്ടത്. മോൻസണുമായി അടുപ്പമുണ്ടായിരുന്ന ചിലർ വഴിയാണ് ശബ്ദരേഖ പുറത്തുവന്നതെന്ന സംശയം അന്നേ ശക്തമായിരുന്നു. ഇരുവരുടേയും ഫോൺവിളികൾ ഉൾപ്പെടെ പരിശോധിക്കുമെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന സൂചന.
മോൻസണിന്റെ വിദേശ വാഹനങ്ങൾ നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്തതാണോയെന്ന് കസ്റ്റംസ് അന്വേഷണ വിധേയമാക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിലാണോ ഇവയുടെ രജിസ്ട്രേഷൻ എന്ന സംശയവും നിലവിലുണ്ട്. അതുകൊണ്ട് കലൂരിലെ വീട്ടിലെത്തി കസ്റ്റംസ് പ്രാഥമിക പരിശോധന നടത്തിയിരുന്നു.
മോൻസൺ മാവുങ്കലിനെതിരായ കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ സംഘം പ്രവർത്തിക്കുന്നുണ്ട് . ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേൽനോട്ടം വഹിക്കും.
അതേ സമയം പുരാവസ്തു തട്ടിപ്പിൽ മോൻസൺ മാവുങ്കൽ പിടിയിലായി ഒരാഴ്ചയായെങ്കിലും ഇയാൾ തട്ടിയെടുത്ത കോടികൾ എവിടെയെന്ന സംശയം ഇപ്പോഴും ബാക്കിയാണ്. ഈ അന്വേഷണത്തിന് ആവശ്യമായ കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മോൻസന്റെ ബിനാമികൾ ആരൊക്കെ, അടുപ്പക്കാരുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ എന്നിവ വരെ പരിശോധിക്കാനുള്ള നീക്കം നടക്കുന്നുണ്ട് .
നേരിട്ടും ബിനാമികളുടെ അക്കൗണ്ട് വഴിയുമാണ് പണം കൈമാറിയതെന്നാണ് പരാതിക്കാർ പറയുന്ന മൊഴി. പക്ഷേ , പത്ത് കോടി കൈമാറിയെന്ന പരാതിക്ക് ആധികാരിക തെളിവുകൾ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. നാല് കോടി രൂപ കൈമാറിയിട്ടുണ്ടെന്ന രേഖമാത്രമാണ് ഈ അന്വേഷണത്തിന് ആവശ്യമായ തെളിവ്.
എവിടെയെല്ലാം പണം നിക്ഷേപിച്ചു, ആർക്കെല്ലാം കൈമാറി എന്നത് സംബന്ധിച്ചുള്ള സംശയങ്ങൾ ഇപ്പോഴും തുടരുകയാണ്. മോൻസണുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ജീവനക്കാരെയും ചോദ്യം ചെയ്യുവാനും പോലീസ് ഒരുങ്ങുന്നുണ്ട് .
https://www.facebook.com/Malayalivartha





















