ഉഴവൂരിൽ വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കിണറ്റിനകത്ത് നിന്നും ഭർത്താവിനെ രക്ഷിച്ചു; വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടിയെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം ഉഴവൂരിൽ വയോധികയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി. ഊന്നുവടിയ്ക്കാണ് ഭർത്താവ് ഇവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഉഴവൂർ ചേറ്റുകുളം ഉറുമ്പിയിൽ ഭാരതിയമ്മയെ (82) യെയാണ് തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു ശേഷം കിണറ്റിൽ ചാടിയ ഭർത്താവ് രാമൻകുട്ടിയെ(86) നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
ഭർത്താവ് രാമൻകുട്ടിയെ കിണറ്റിൽ നിന്നും പുറത്തു കൊണ്ട് വന്ന ശേഷം ഉഴവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കിണറ്റിൽ വീണുകിടക്കുന്ന നിലയിലാണ് രാമൻ കുട്ടിയെ കണ്ടത്. ഇന്ന് പുലർച്ചെ 5.30നാണ്സംഭവം നടന്നത്. ചേറ്റുകുളത്തെ വീട്ടിൽ കഴിയുകയായിരുന്നു ഇരുവരും.
ഇവരുടെ മക്കളായ സോമനും കുടുംബവും ഇതേ വീട്ടിൽ തന്നെയായിരുന്നു താമസം. പുലർച്ചെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഭാരതിയമ്മ രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ ഇവരുടെ ഭർത്താവായ രാമൻ കുട്ടിയെ തൊട്ടടുത്ത കിണറ്റിൽ കാണപ്പെടുകയായിരുന്നു.
വാക്ക് തർക്കത്തെ തുടർന്നു ഭാരതിയമ്മയെ ഊന്നുവടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നുവെന്നു കരുതുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമൻകുട്ടിയുടെ മൊഴിയെടുത്തെങ്കിലും ഇദ്ദേഹം ഇതുവരെയും കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയുന്ന ആരോഗ്യ സ്ഥിതിയിലല്ല.
85 വയസ്സുള്ളതിനാൽ പ്രായത്തിന്റെ അവശതകളുള്ള രാമൻകുട്ടിയ്ക്കു കാര്യങ്ങൾ കൃത്യമായി ഓർമ്മിച്ചെടുക്കാനും കഴിയുന്നില്ല. രാത്രിയിൽ മുറിയ്ക്കുള്ളിൽ നിന്നും കാര്യമായ ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്നാണ് വീട്ടുകാരും നൽകുന്ന വിവരം. സംഭവം നടന്നയുടൻ തന്നെ ഭാരതിയമ്മയെ ആശുപത്രിയിലേയ്ക്കു മാറ്റി.
ഇൻക്വസ്റ്റ് നടപടികളിൽ മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് . മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രാമൻകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇരുവർക്കുമിടയിൽ കാര്യമായ വഴക്കുകൾ ഒന്നും നിലനിന്നിരുന്നില്ല എന്നാണ് നാട്ടുകാരും വീട്ടുകാരും നൽകിയ പ്രാഥമികമായ മൊഴി. അങ്ങനെയെങ്കിൽ എന്തിനാണ് ഇത്രയും പ്രായമേറിയ ഭാര്യയെ അതിലും പ്രായമുള്ള ഭർത്താവ് കൊന്നത് എന്ന സംശയമാണ് പോലീസിനും നാട്ടുകാർക്കും വീട്ടുകാർക്കും ഉള്ളത്.
വൈകാതെ ഈ കാര്യത്തിൽ ദുരൂഹതനീക്കാനാകുമെന്ന് കുറവിലങ്ങാട് സ്റ്റേഷൻഹൗസ് ഓഫീസർ വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തി മൃതദേഹ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. സംഭവം കൊലപാതകമെന്ന മൊഴിയാണ് സമീപവാസികളും പ്രാഥമികമായി നൽകിയിരിക്കുന്നത്. എന്നാൽ മൃതദേഹം നേരിട്ട് കാണാതെ ഇക്കാര്യം സ്ഥിരീകരിക്കാനാകില്ല എന്ന നിലപാടിലാണ് പോലീസ്.
പുറത്തു നിന്നുള്ള ആക്രമണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നും പോലീസ് പറയുന്നു. സംഭവം നടന്ന സമയം വീട് അടച്ചിട്ട നിലയിൽ തന്നെയായിരുന്നുവെന്നാണ് പോലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത്. ഏതായാലും ഇത്രയധികം പ്രായം ഉള്ളവർ തമ്മിൽ എന്തു പ്രശ്‌നമായിരുന്നു നിലനിന്നത് എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha





















