ഇരുനില വീടിന്റെ അമ്പത് വർഷം പഴക്കമുള്ള മച്ച് തകർന്നു വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മുറിയിലെ അലമാര, മേശ തുടങ്ങിയ സാധനങ്ങളും പാലകയ്‌ക്കൊപ്പം വസന്തയുടെ മേൽ പതിച്ചു: മുകളിലെ മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ കട്ടിലോടെ താഴെ പതിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു!

ഇരുനില വീടിന്റെ മച്ച് തകർന്നു വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി പവിത്രന്റെ ഭാര്യ വസന്തയാണ്(60) മരിച്ചത്.
അമ്പത് വർഷം പഴക്കമുള്ള മച്ചാണ് തകർന്ന് വീണത്. പഴക്കമുള്ള ഓട് മേഞ്ഞ വീട്ടിലെ മച്ചിലെ മരം കൊണ്ടുള്ള ബീം ദ്രവിച്ചതായിരുന്നു അപകട കാരണം.
വസന്ത കിടന്നിരുന്ന മുറിയുടെ മുകൾ ഭാഗത്ത് ഇന്റീരിയർ വർക്ക് നടത്തിയിരുന്നതിനാൽ ബീം ദ്രവിച്ചത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.
മുറിയിലെ അലമാര, മേശ തുടങ്ങിയ സാധനങ്ങളും പാലകയ്‌ക്കൊപ്പം വസന്തയുടെ മേൽ പതിക്കുകയായിരുന്നു.
മുകളിലെ മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ ഷിബു (41) കട്ടിലോടെ താഴെ പതിച്ചെങ്കിലും പരിക്കോടെ രക്ഷപ്പെട്ടു.
രക്തമൊലിച്ച് ചുമരിനോട് ചേർന്ന് ചാരിനിൽക്കുന്ന നിലയിലായിരുന്നു ഷിബു.
മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന പവിത്രനും ഇളയ മകൻ ഷിജുവും ശബ്ദം കേട്ട് ഓടിയെത്തിയെങ്കിലും മുറി അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ തുറക്കാനായില്ല.
വിവരമറിയിച്ചയുടൻ ഫയർ ഫോഴ്സ് എത്തി വാതിൽ തകർത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും വസന്ത മരിച്ചിരുന്നു.
ഷിബുവിനെ എ.കെ.ജി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ ഇ. ഉണ്ണികൃഷ്ണന്റെ നേതൃത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
https://www.facebook.com/Malayalivartha






















