അമേരിക്കയിലെ സെർവറിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാത്തതിനാൽ കുറ്റപത്രം സമർപ്പിച്ചില്ല; കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന സംഭവത്തിൽ പ്രതിയായ അമ്മ രേഷ്മയ്ക്ക് ജാമ്യം:- പുറത്തിറക്കിയത് ഭർത്താവ്: ജാമ്യം അനുവദിച്ചത് പാരിപ്പള്ളി പോലീസ് സ്‌റ്റേഷൻ പരിധി വിട്ടുപോകരുതെന്ന ഉപാധിയോടെ

കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന സംഭവത്തിൽ പ്രതിയായ അമ്മയ്ക്ക് ജാമ്യം. കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മയ്ക്ക് (22) ആണ് അറസ്റ്റിലായി 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചത്.
പാരിപ്പള്ളി പൊലീസ് സ്‌റ്റേഷൻ പരിധി വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ഭർത്താവ് വിഷ്ണു ജാമ്യത്തിൽ ഇറക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഈ മാസം പരവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണു പൊലീസ് നീക്കം. ഫെയ്സ്ബുക്കിന്റെ അമേരിക്കയിലെ സെർവറിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാത്തതാണു കുറ്റപത്രം വൈകാൻ കാരണം.
നവജാത ശിശുവിനെ ഉപേക്ഷിക്കാൻ ചാറ്റിലൂടെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ എന്നത് ഉൾപ്പടെയുള്ള വിവരങ്ങളാണ് ഫെയ്‌സ്‌ബുക്കിൽ നിന്ന് തേടുന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു രേഷ്മ.
ജനുവരി 5നാണ് കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം സുദർശൻപിള്ളയുടെ വീടിനോട് ചേർന്നുള്ള കരിയിലക്കൂനയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്.
മൂന്ന് കിലോഗ്രാം ഭാരമുള്ള ആൺകുട്ടി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരിച്ചത്. ശ്വാസ കോശത്തിൽ കരിയില കയറിയതായിരുന്നു മരണ കാരണം. കുഞ്ഞിനെ ആരാണ് ഇവിടെ ഉപേക്ഷിച്ചതെന്ന് ആദ്യഘട്ടത്തിൽ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സമീപത്തുള്ള ഏതെങ്കിലും സ്ത്രീകൾ പ്രസവിച്ച ഉടനെ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലെത്തിയ അന്വേഷണ സംഘം ഈ പരിസര പ്രദേശത്തുള്ള സ്ത്രീകളെ അങ്ങോളം ഇങ്ങോളം നടത്തിച്ച് ആദ്യം അന്വേഷണം നടത്തി.
തലേന്ന് പ്രസവം കഴിഞ്ഞ സ്ത്രീ ആ കൂട്ടത്തിൽ ഉണ്ടെങ്കിൽ ഇത്രയും ദൂരം നടക്കുമ്പോൾ ക്ഷീണവും തളർച്ചയും തോന്നാം, ഇതിലൂടെ കുഞ്ഞിന്റെ അമ്മയെ കണ്ടെത്താമെന്ന് പോലീസ് കരുതിയെങ്കിലും ഈ ശ്രമം പാളുകയായിരുന്നു.
മൊബൈൽ ടവർ, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും കുട്ടി ആരുടേതാണെന്നും ഉപേക്ഷിച്ചത് ആരാണെന്നും കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന ഒരു തെളിവും ലഭിച്ചില്ല.
ഇതോടെയാണ് ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. രേഷ്മ ഉൾപ്പെടെ 8 പേരുടെ ഡിഎൻഎ പരിശോധന നടത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം പരവൂർ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കോടതിയുടെ അനുമതിയോടെയാണു ഡിഎൻഎ പരിശോധന നടത്തിയത്.
ഡിഎൻഎ പരിശോധനയ്ക്ക് ഒരു മടിയും കൂടാതെ രേഷ്മ സഹകരിക്കുകയായിരുന്നു. ആറു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ കുഞ്ഞിന്റെ ഡിഎൻഎ വിഷ്ണുവിന്റേതും രേഷ്മയുടേതുമായി യോജിക്കുന്നതാണെന്നു കണ്ടെത്തിയതോടെയാണ് രേഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാൻ കുഞ്ഞു തടസ്സമാകുമെന്നു കണ്ടു പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നെന്നു സമ്മതിച്ചതോടെ ജൂൺ 22ന് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിഷ്ണു– രേഷ്മ ദമ്പതികൾക്ക് 3 വയസ്സുള്ള പെൺകുട്ടിയുണ്ട്. രണ്ടാമതൊരു കുഞ്ഞു കൂടി ഉണ്ടെങ്കിൽ സ്വീകരിക്കാനാവില്ലെന്നു കാമുകൻ പറഞ്ഞിരുന്നതിനാൽ വീണ്ടും ഗർഭിണിയായതും പ്രസവിച്ചതും ഇയാളെ അറിയിച്ചിരുന്നില്ല. വിവരം ഭർത്താവിൽ നിന്നും മറച്ചുവച്ചു.
ജനുവരി 4നു രാത്രി 9 മണിയോടെ വീടിനു പുറത്തുള്ള കുളിമുറിയിൽ ആൺകുട്ടിയെ പ്രസവിച്ച രേഷ്മ, പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാതെ റബർ തോട്ടത്തിലെ കരിയിലകൾ കൂട്ടിയിടുന്ന കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രസവിച്ച കുളിമുറി കഴുകി വൃത്തിയാക്കിയ ശേഷം മുറിയിലെത്തി ഭർത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു.
അതേ സമയം അനന്തു എന്ന പേരിൽ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്ന അടുത്ത ബന്ധുക്കളായ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ ആര്യ (23), രേഷ്മ ഭവനിൽ ഗ്രീഷ്മ (22) എന്നിവരെ ഇതിന് പിന്നാലെ ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
ഇവരുടെ ആത്മഹത്യയുമായി ചുറ്റിപ്പറ്റി നടന്ന അന്വേഷണമായിരുന്നു കഥയുടെ ചുരുളഴിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഗ്രീഷ്മ വിളിച്ച നമ്പറിൽ നിന്ന് തിരികെ ആറ് തവണ കോൾ വന്നു. ഈ കോളുകള്‍ വന്ന സമയത്ത് ഗ്രീഷ്മയും ആര്യയും ഇത്തിക്കരയാറ്റിലേക്ക് ചാടിയെന്ന് പൊലീസ് കണ്ടെത്തി.
ഇരുവരുടെയും ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഗ്രീഷ്മയുടെ ഫോണിലേയ്ക്ക് വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ തുമ്പുണ്ടാക്കിയത്. ഗ്രീഷ്മയുടെ അടുത്ത സുഹൃത്തായിരുന്ന യുവാവിന്റേതായിരുന്നു നമ്പർ എന്ന് കണ്ടെത്തിയ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തതോടെയാണ് അനന്തുവെന്ന അജ്ഞാത കാമുകനായി ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയുമാണെന്ന് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha






















