പ്രധാനമായ മൂന്ന് പദ്ദതികൾ നടപ്പിലാക്കി ; ജനകീയാസൂത്രണത്തിന്റെ 25ാം വർഷത്തിൽ കൊടുമൺകാർക്ക് അഭിമാനിക്കാൻ ഏറെയുണ്ട്; ഓർമ്മകൾ പങ്കു വച്ച് ഡോ . തോമസ് ഐസക്ക്

ജനകീയാസൂത്രണചരിത്രത്തെ കുറിച്ചുള്ള കുറിപ്പ് തൻറെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തോമസ് ഐസക്ക് പങ്കു വയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കു വച്ചിരിക്കുന്നത് ജനകീയാസൂത്രണത്തിന്റെ 25ാം വർഷത്തിൽ കൊടുമൺകാർക്ക് അഭിമാനിക്കാൻ ഏറെയുണ്ടെന്ന കാര്യത്തെ കുറിച്ചാണ് . കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; ഇരുപത്തഞ്ച് വർഷത്തിന് ശേഷമുള്ള കൊടുമൺ എന്നതായിരുന്നു 1996 ലെ പഞ്ചായത്ത് തല വികസന സെമിനാറിലെ ഒരു ചർച്ചാ വിഷയം. 25 വർഷത്തിനുളളിൽ കൊടുമൺ തരിശുരഹിത പഞ്ചായത്തായി മാറണം. അവിടത്തെ അരി കൊടുമൺ റൈസ് എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിൽക്കണം. കുട്ടികൾക്ക് കളിക്കാനായി ഒരു സ്റ്റേഡിയം പണിയണം. എല്ലാവർക്കും വീടു നൽകണം.
ജനകീയാസൂത്രണത്തിന്റെ 25-ാം വർഷത്തിൽ ഇതു മൂന്നും യാഥാർത്ഥ്യമാകുന്നുവെന്നത് പ്രദേശത്തെ ജനകീയാസൂത്രണ പ്രവർത്തകർക്ക് ഏറെ ചാരിതാർത്ഥ്യം നൽകുന്ന അനുഭവമാണ്. അന്നത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീധരൻ ഇന്ന് വീണ്ടും പ്രസിഡണ്ട് . അന്നത്തെ വൈസ് പ്രസിഡണ്ട് സലിം ഇന്ന് ജനപ്രതിനിധിയല്ലെങ്കിലും ഈ പ്രവർത്തനങ്ങളുടെയെല്ലാം അമരക്കാരനാണ്. പാർട്ടി ഏരിയാ സെക്രട്ടറിയാണ്.
ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ നിന്നും വളർന്നു വന്നയാളാണ് സലിം . ഐ ടി ഐ യിൽ നിന്നും സാങ്കേതിക പരിശീലനം നേടിയെങ്കിലും ജോലിക്ക് പോയില്ല. നല്ല ഒരു കർഷകനാണ്. അന്നേ പാടശേഖര സമിതി പ്രസിഡണ്ടാണ്. 3 തവണ പഞ്ചായത്ത് മെമ്പറായി . 2000-2005 ൽ പ്രസിഡണ്ടും . ഇന്ന് പാടശേഖര സമിതിയുടെ അപ്പക്സ് ബോഡിയായ കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ പ്രസിഡണ്ടാണ്. സ്റ്റേഡിയവുമായി ബന്ധപ്പെട്ടുള്ള EMS സ്പോർട്ട്സ് & ഗയിംസ് അക്കാദമിയുടെ ചെയർമാനാണ്. സലിം വലിയ വർത്തമാനക്കാരനല്ല.
എന്നാൽ എല്ലാവരേയും കൂട്ടിയോജിപ്പിക്കാൻ മിടുക്കനാണ്. പ്രവർത്തനങ്ങൾക്ക് തുടർച്ചയുമുണ്ട്. കഴിവുള്ളവരെ പിന്തുണയ്ക്കാൻ പിശുക്ക് കാട്ടാറുമില്ല. കാർഷിക മേഖലയിലെ വിസ്മയകരമായ നേട്ടത്തിന്റെ പിന്നിലെ പ്രധാന ശില്പി പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന കൃഷി ഓഫീസർ ആദിലയാണ്. ഇങ്ങനെയുള്ള ഓഫീസർമാർക്ക് അംഗീകാരവും നൽകും .
ജനകീയാസൂത്രണത്തിന്റെ തുടക്കം കുറിച്ചത് 4 കിലോമീറ്റർ നീളമുള്ള ജലസേചന തോട് പുനരുദ്ധരിച്ചു കൊണ്ടാണല്ലോ. ഇപ്പോൾ 103 ഹെക്ടർ വയലിൽ കൃഷി നടക്കുന്നു. തരിശുനിലം മുഴുവൻ കൃഷിയിറക്കാനാണ് പരിപാടി. ഇതിനായി ഇപ്പോൾ 4 ട്രാക്ടറുകളും 4 കൊയ്ത്ത് യന്ത്രങ്ങളും കൃഷിഭവന്റെ നേതൃത്വത്തിലുണ്ട്. ഇവയെല്ലാം ഉപയോഗിക്കുന്നതിനായി കാർഷിക കർമ്മസേനയുമുണ്ട്. കീട നിയന്ത്രണത്തിന് സോളാർ കെണിയും പരീക്ഷിച്ചു വരുന്നു.
വളപ്രയോഗത്തിന് ഡ്രോൺ ഉപയോഗിക്കുന്നു. കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ ഏറ്റവും വലിയ വിജയം നെല്ല് സംഭരണമാണ്. 400 മെട്രിക്ക് ടൺ നെല്ലിൽ നിന്നും 150 മെട്രിക്ക് ടൺ അരിയാക്കി വിതരണം ചെയ്യുന്നു. സംഭരിക്കുന്ന നെല്ലിന് അപ്പോൾ തന്നെ പണം നൽകുന്നു. ജില്ലാ ബാങ്കിൽ നിന്നും ഇതിന് ഓവർ ഡ്രാഫ്റ്റ് അനുവദിച്ചിട്ടുണ്ട്. കോട്ടയത്ത് കൊണ്ടുപോയാണ് നെല്ല് കുത്തി അരിയാക്കി ബ്രാൻഡ് ചെയ്യുന്നത്.
സൊസൈറ്റിയുടെ കീഴിൽ എക്കോ ഷോപ്പ് പ്രവർത്തിക്കുന്നു. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന എല്ലാ വിഭവങ്ങളും മൂല്യവർദ്ധിത ഉൽപന്നങ്ങളും ഇതുവഴി വിതരണം ചെയ്യാം.
പച്ചക്കറി സംഭരണ കേന്ദ്രവും കൂടിയാണിത്. വേണമെങ്കിൽ ആവശ്യക്കാർക്ക് ഇവിടെ നിന്നും വേണ്ട അളവിൽ തവിട് നിലനിറുത്തി അരി കുത്തിക്കൊണ്ട് പോകാനും സൗകര്യമുണ്ട്. ഫാർമേഴ്സ് സൊസൈറ്റിയെ ഒരു പ്രൊഡ്യൂസർ കമ്പനിയാക്കാനാണ് പരിശ്രമിക്കുന്നത്. കമ്പനിയുടെ ആഭിമുഖ്യത്തിൽ ഒരു റൈസ് മില്ല് സ്ഥാപിക്കാനും പരിപാടിയുണ്ട്. അതുവഴി കോട്ടയത്ത് പോയി വരുന്ന ട്രാൻസ്പോർട്ടേഷൻ ചാർജ് ലാഭിക്കാനാകും.
രണ്ടാമത്തെ ലക്ഷ്യമായ സ്റ്റേഡിയം നിർമ്മാണത്തിന് വലിയൊരു പോരാട്ടം തന്നെ വേണ്ടി വന്നു. ജനകീയാസൂത്രണത്തിന്റെ നാലാം വർഷത്തിൽ അഞ്ചര ഏക്കർ സ്ഥലം സ്റ്റേഡിയം നിർമ്മാണത്തിനായി കണ്ടെത്തി. കൊടുമൺ 2010 - 15 കാലം ഭരിച്ചത് യുഡിഎഫ് ആണ് . അക്കാലത്ത് കളിസ്ഥലത്ത് പഞ്ചായത്ത് ഓഫീസ് പണിയാൻ തീരുമാനിച്ചു. സമരമായി , കേസായി. ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ലഭിച്ചു.ഈ ചെറുത്തു നിൽപ്പിന് നേതൃത്വം നൽകിയത് സലീമായിരുന്നു.
സ്റ്റേഡിയത്തെ കിഫ്ബിയിൽ ഉൾപ്പെടുത്താൻ സലിം പല തവണ ഞാനുമായി ബന്ധപ്പെട്ടിരുന്നു. 3 സ്റ്റേഡിയങ്ങളാണ് 2016 ലെ ബജറ്റിൽ പത്തനംതിട്ട ജില്ലയ്ക്ക് അനുവദിച്ചത്. പ്രളയവും കോവിഡുമെല്ലാമുണ്ടായിട്ടും കൊടുമൺ സ്റ്റേഡിയം പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. സ്റ്റേഡിയം ഉണ്ടാക്കൽ എളുപ്പമാണ്. പക്ഷേ പരിപാലനമാണ് പ്രശ്നം. ഇതിന് പരിഹാരമാണ് സലിം ചെയർമാനായ അക്കാദമി.
സ്റ്റേഡിയം പരിപാലനവും കഴിഞ്ഞ് കുട്ടികൾക്ക് പരിശീലനവും നൽകി വരുന്നു. ഇപ്പോൾ 1100 ലധികം കുട്ടികൾ പരിശീലിക്കാനുണ്ട്. ഇരുപത്തിയഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട അടുത്ത പദ്ധതി സമ്പൂർണ്ണ പാർപ്പിടമായിരുന്നു. ജനകീയാസൂത്രണ കാലത്ത് തന്നെ ഭൂരഹിതരായവർക്ക് 3 സെന്റ് സ്ഥലവും വീടും നൽകാനായി ഒരു പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. അന്ന് 76 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
ഇന്നിപ്പോൾ ലൈഫ് മിഷനിലൂടെ മുഴുവൻ കുടുംബങ്ങൾക്കും വീട് എന്ന സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.
അതുകൊണ്ട് ജനകീയാസൂത്രണത്തിന്റെ 25ാം വർഷത്തിൽ കൊടുമൺകാർക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. അതോടൊപ്പം 25 വർഷത്തെ ജനകീയാസൂത്രണത്തിന്റെ തുടർച്ചയായി കെ കെ ശ്രീധരനും സലിമും അരങ്ങിലുമുണ്ട്.
https://www.facebook.com/Malayalivartha
























