കേരളത്തെ നടുക്കിയ ഉത്ര വധക്കേസില്‍ കൊല്ലം ആറാംഅഡീഷണല്‍ സെഷന്‍സ് കോടതി വിധി ഇന്ന് ... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതി സൂരജിന് വധശിക്ഷയോ ?

കേരളത്തെ നടുക്കിയ ഉത്ര വധക്കേസില്‍ ഇന്ന് കൊല്ലം ആറാംഅഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതി സൂരജിന് വധശിക്ഷയോ എന്നതാണ് കാത്തിരുന്നുകാണേണ്ടത്. 2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കൊത്തിച്ച ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂര്‍ത്തിയാക്കിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 87 സാക്ഷികളെയും 288 രേഖകളും 40തൊണ്ടിമുതലുകളും ഹാജരാക്കി.പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായിമൂന്ന് സി.ഡി.കളും ഹാജരാക്കുകയും ചെയ്തു. വാദത്തിനിടയില്‍ ഡിജിറ്റല്‍ തെളിവുകള്‍ നേരിട്ട് പരിശോധിക്കേണ്ടതിനാല്‍ തുറന്ന കോടതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേട്ടത്. സൂരജിന് പാമ്പുകളെ നല്‍കിയതായി മൊഴിനല്‍കിയ ചാവര്‍കാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കി.
മുന്‍പ് അണലിയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു പരാജയപ്പെട്ട് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ്മൂര്‍ഖനെക്കൊണ്ടു കൊത്തിക്കാന്‍ സൂരജ് പദ്ധതിയിട്ടത്. തുടര്‍ന്ന് 2020 മേയ് ഏഴിന് മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയത്.
ഉത്രയെ രണ്ടുപ്രാവശ്യം പാമ്പുകടിച്ചതായി കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും കുടുംബത്തിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. ഇതോടെയാണ് ഭര്‍ത്താവ് സൂരജിനെതിരേ ഉത്രയുടെ വീട്ടുകാര്‍ പരാതി നല്‍കിയതും പോലീസ് നടത്തിയ അന്വേഷണത്തില്‍ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതും.
സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹംചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ്കുറ്റപത്രം. ഭിന്നശേഷിക്കാരിയായ ഭാര്യയെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു ഹീനമായ അരുംകൊല. പാമ്പ് ഉത്രയെ കേറി കൊത്തിയെന്ന സൂരജിന്റെ വാദത്തെ നിരാകരിക്കാന്‍ ശാസ്ത്രീയ തെളിവുകളും പരീക്ഷണങ്ങളും വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
\
ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങള്‍ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചത് മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ ഉപയോഗിച്ചാണ്. കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല. പിന്നീട് ഡമ്മിയുടെ വലം കയ്യില്‍ കോഴിയിറച്ചി കെട്ടിവച്ച ശേഷം പാമ്പിനെ പ്രകോപിപ്പിച്ചു. എന്നിട്ടും പാമ്പ് കടിച്ചില്ല. ഇറച്ചി കെട്ടിവച്ച ഡമ്മിയുടെ വലംകൈ കൊണ്ട് പാമ്പിനെ തുടര്‍ച്ചയായി അമര്‍ത്തി നോക്കിയപ്പോള്‍ മാത്രമായിരുന്നു പാമ്പ് ഡമ്മിയില്‍ കടിച്ചത്.
സംഭവം നടന്ന് ഒന്നര വര്‍ഷം തികയുന്നതിന് മുന്‍പേ കേസിന്റെ വിധി വരുന്നത് ശ്രദ്ധേയമാണ്. പരമാവധി ശിക്ഷ സൂരജിന് വാങ്ങി നല്‍കാന്‍ പഴുതടച്ച അന്വേഷണം നടത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഉത്രയെ അണലിയെയും മൂര്‍ഖനെയും കൊണ്ട് കടിപ്പിച്ചെന്ന് കേസിലെ മുഖ്യപ്രതി സൂരജ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും കേസില്‍ പ്രതികളാണ്. തെളിവ് നശിപ്പിക്കല്‍ , ഗാര്‍ഹിക പീഡനം എനനിവയാണ് ഇവര്‍ശക്കതിരെയുള്ള കുറ്റങ്ങള്‍. കേരളത്തെ ഞെട്ടിച്ച അരുംകൊലയില്‍ സൂരജ് ഒന്നാംപ്രതിയും സൂരജിന്റെഅച്ഛന്‍ രണ്ടാം പ്രതിയും അമ്മ മൂന്നാം പ്രതിയും സഹോദരി നാലാം പ്രതിയുമാണ്. ഗാര്‍ഹിക പീഡനം വിശ്വാസ വഞ്ചന ഗൂഢാലോചന ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ഉള്‍പ്പടെ നാല് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷകിട്ടാനുള്ള വകുപ്പുകളാണ് ഉള്ളത്.
ആയിരം പേജുള്ള കുറ്റപത്രത്തില്‍ 96 പേരാണ് സാക്ഷികള്‍. സൂരജിന്റെ അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍, സുഹൃത്തുകള്‍ എന്നിവരുംസാക്ഷിപട്ടികയിലുണ്ട്.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നതിന് പിന്നിലെ ആസൂത്രണം വെളിവാക്കുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള തെളിവുകളാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ നിരത്തിയത്. സര്‍പ്പ ശാസ്ത്രജ്ഞന്‍ മവീഷ് കുമാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അന്‍വര്‍, മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍ കിഷോര്‍ കുമാര്‍, ഫൊറന്‍സിക് വിദഗ്ധ ഡോക്ടര്‍ ശശികല എന്നിവരടങ്ങിയ സമിതിയാണ് ഉത്രയുടേത് കൊലപാതകമാണെന്ന് ശാസ്ത്രീയമായി കണ്ടെത്തിയത്.സര്‍പ്പ കോപത്തെതുടര്‍ന്നാണ് ഉത്രയ്ക്ക് പാമ്പു കടിയേറ്റതെന്ന സൂരജിന്റെ വാദം പൊളിച്ചത് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ്. കിടപ്പ് മുറിയിലേക്ക് ചുവരിലൂടെ മൂര്‍ഖന്‍ പാമ്പ് കയറിയെന്നായിരുന്നു സൂരജിന്റെ വാദം.
https://www.facebook.com/Malayalivartha

























