ഇന്ന് തൃക്കാര്‍ത്തിക..... വീടുകളിലും ക്ഷേത്രങ്ങളിലും നിലവിളക്കിലും മണ്‍ചെരാതുകളിലും കാര്‍ത്തിക ദീപം തെളിയിച്ച് നാടെങ്ങും ആഘോഷം..... വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളാണ് തൃക്കാര്‍ത്തികയായി ആഘോഷിക്കുന്നത്

ഇന്ന് തൃക്കാര്‍ത്തിക..... വീടുകളിലും ക്ഷേത്രങ്ങളിലും നിലവിളക്കിലും മണ്‍ചെരാതുകളിലും കാര്‍ത്തിക ദീപം തെളിയിച്ച് നാടെങ്ങും ആഘോഷം..... വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളാണ് തൃക്കാര്‍ത്തികയായി ആഘോഷിക്കുന്നത് .
ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുന്ന ആഘോഷവേളയാണിത്. അധര്‍മ്മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു. മത്സ്യമാംസാദികള്‍ ത്യജിച്ച് വ്രതത്തോടെയാണ് ഭക്തര്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നത്.
സന്ധ്യയ്ക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്‍ചെരാതുകളില്‍ എണ്ണത്തിരിയിട്ട് ദീപം തെളിയിക്കുന്നതാണ് രീതി. ഇപ്പോള്‍ മെഴുകുതിരികളാണ് കൂടുതല്‍ . ഗ്രാമങ്ങളില്‍ വാഴത്തടകളിലും കവുങ്ങിന്‍ തടിയിലും ഓലകെട്ടി ഉയര്‍ത്തി സന്ധ്യയ്ക്ക് കത്തിക്കുന്നതും കാര്‍ത്തികയ്ക്ക് പതിവാണ്.
വൃശ്ചികത്തിലെ കാര്‍ത്തിക നാളിലാണ് ദേവി ജനിച്ചതെന്നാണ് സങ്കല്പം. അന്ന് ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നു.ദേവിയുടെ ഭര്‍ത്താവായിത്തീര്‍ന്ന പാലകന്‍ പിറന്ന ദിവസമായി വൃശ്ചികത്തിലെ കാര്‍ത്തികയെപ്പറ്റി ഭദ്രാകളിപ്പാട്ടിന്റെ വടക്കന് ചചീരിലെ അഞ്ചാം കാതത്തില് പറയുന്നു.
തെങ്ങും പ്ലാവും അടുത്തടുത്ത് നില്ക്കുന്ന സ്ഥലത്ത് മുറത്തില്‍ ഇടിഞ്ഞിലുകളോ (ചെരാതുകള്‍) വെളളയ്ക്ക(കൊച്ചങ്ങ) തോടുകളോ നിറച്ച് എണ്ണ നിറച്ച് തിരി കൊളുത്തി വയ്ക്കും. പുതിയ മുറത്തിലോ താമ്പാളത്തിലോ അരി, ശര്‍ക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്, അവില്, പൊരി തുടങ്ങിയ പടുക്ക സാധനങ്ങള്‍ ചന്ദനം, ഭസ്മം, എന്നിവ ഒരുക്കി വച്ച് രണ്ട് പന്തം കത്തിക്കും. ആ പന്തങ്ങളുമായി സ്ത്രീയും, പുരുഷനും വീടിന് മൂന്ന് വലംവയ്ക്കും. ചുറ്റിനുമുളള വൃക്ഷങ്ങളുടെ പേരുചൊല്ലി ദീപം കാട്ടും.
കാര്‍ത്തികക്ക് കാച്ചിലും ചെറുകിഴങ്ങും കരിക്കും കഴിക്കണം. താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.
വൃശ്ചികം ഒന്നു മുതല്‍ കാര്‍ത്തിക വരെ കാര്‍ത്തിക പൂവിടുന്ന ചടങ്ങും ഉണ്ട്. തെക്കതുകള്‍ക്ക് മുന്നിലെ മുറ്റത്താണ് കാര്‍ത്തിക പൂക്കളം ഒരുക്കുന്നത്. ഉപ്പനെച്ചത്തിന്റെ പൂവിനെയാണ് കാര്‍ത്തിക പൂവെന്ന് വിളിക്കുന്നത്.
കാര്‍ത്തിക പൂക്കളത്തില്‍ തിട്ട വേണ്ട. തറയില്‍ ചാണകം മെഴുകി നടുക്ക് ഗണപതിയെ സങ്കല്പിച്ച് പൂവ് കുത്തിവയ്ക്കും. അതിനെച്ചുറ്റിയാണ് കാര്‍ത്തിക പൂവും നിറമുളള മറ്റ് പൂവുകളും ഇടുന്നത്.കാര്‍ത്തിക പൂക്കളം ഒരു മണ്ഡലക്കാലം വരെ ഇടാം. (41 നാള്) വൃശ്ചികം അവസാന നാളിലും മണ്ഡലം തീരുന്ന ദിവസവും കാര്‍ത്തിക പൂവ് മാത്രമെ കളത്തില്‍ പാടുളളൂ.
തലേനാള്‍ കാര്‍ത്തികപ്പൂവിന്റെ മൊട്ട് പറിച്ച് വെളളത്തിലിട്ടു വയ്ക്കും. പിറ്റേന്നാള്‍ അത് വിടരുമ്പോള്‍ തെല്ലു നിറവ്യത്യാസം വരും. അത് അന്ന് ഇറുത്തെടുക്കുന്ന പൂവും മാറിമാറി ഉപയോഗിച്ചാണ് ആ രണ്ടു ദിവസവും പൂക്കളമൊരുക്കുന്നത്. ഒരു പന്തം വയലിന്റെ നടുഭാഗത്തും ഒരെണ്ണം ചാണകക്കുഴിയിലും കുത്തി നിറുത്തും.
കൊതുമ്പിലോ ചൂട്ടിലോ തുണിപൊതിഞ്ഞുകെട്ടി മൂട്ടില്‍് പൂവും കെട്ടി എണ്ണയൊഴിച്ചു കത്തിക്കും. വാഴത്തടയില്‍ കുരുത്തോല വച്ചലങ്കരിച്ചു അതിനു മുകളില്‍ ചിരട്ടയോ ഇടിഞ്ഞിലോ വച്ച് നെല്ലിന്റെ ഉമി കിഴി കെട്ടി എണ്ണയൊഴിച്ച് വയല്ക്കരയില്‍ തടവിളക്കു കത്തിക്കും. വയലില്‍ തെരളിയപ്പം നിവേദിക്കുന്ന ചടങ്ങും ഉണ്ട് ചിലയിടങ്ങളില്‍. ഇത്തരം ചടങ്ങിന് മുമ്പ് കൃഷി പ്രാധാന്യവും ഉണ്ടായിരുന്നെന്നു കാണാം
അധര്‍മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു. തമിഴ്നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും കേരളത്തിലും പ്രത്യേകിച്ച് ദക്ഷിണ കേരളത്തില്‍ തൃക്കാര്‍ത്തിക പ്രധാനമാണ്.
"
https://www.facebook.com/Malayalivartha























