മോന്‍സന്റെ പുരാവസ്തു തട്ടിപ്പ്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തു; പൊലിസ് കേസെടുക്കാന്‍ വൈകിയതിനാലാണ് തങ്ങളും വൈകിയതെന്നും ഇഡി കോടതിയില്‍ പറഞ്ഞു

മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചു. പൊലിസ് കേസെടുക്കാന്‍ വൈകിയതിനാലാണ് തങ്ങളും വൈകിയതെന്നും ഇഡി കോടതിയില്‍ പറഞ്ഞു.
ഇഡിക്ക് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസുകള്‍ മാത്രമേ അന്വേഷിക്കാനാവൂയെന്നും വിദേശയാത്രകളെക്കുറിച്ച് മറ്റേതെങ്കിലും ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്നും ഇഡി കോടതിയെ അറിയിച്ചു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിനെ കോടതി കക്ഷി ചേര്‍ത്തു.
തട്ടിപ്പിനു പിന്നില്‍ വിദേശ ബന്ധവും അന്യസംസ്ഥാന ബന്ധവുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മോന്‍സണ്‍ വിദേശയാത്രകള്‍ നടത്തിയത് പുരാവസ്തു വില്‍പ്പനക്കാണോ എന്നതില്‍ ആശങ്കയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
വിദേശ മലയാളി സംഘടനയുടെ ഭാരവാഹി അനിതാ പുല്ലയില്‍ പരിചയപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മോന്‍സണ്‍ന്റെ വീട് സന്ദര്‍ശിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ മോന്‍സണ് സംരക്ഷണവും നല്‍കി. ഇക്കാര്യങ്ങള്‍ തമാശയല്ലെന്നും ലാഘവത്തോടെ കാണാനാവില്ലന്നും കോടതി വ്യക്തമാക്കി.
സിബിഐ അന്വേഷണമല്ലേ വേണ്ടതെന്ന് അഭിപ്രായപ്പെട്ട കോടതി കേന്ദ്ര സര്‍ക്കാരിനോട് നിലപാട് തേടി. കേരള പൊലീസിന് കേസന്വേഷണത്തിന് അധികാരമുണ്ടന്നും ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്നും നിലപാടറിയിക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
അനിതാ പുല്ലയിലിന്റെ പങ്ക് അന്വേഷിച്ചോയെന്ന് കോടതി പൊലീസിനോട് ആരാഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha























