കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം കരതൊട്ടു,13 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിളും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തീവ്ര ന്യൂനമര്‍ദ്ദം ദക്ഷിണേന്ത്യയില്‍ കരതൊട്ട സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും മഴ കനക്കും. പടിഞ്ഞാറന്‍ കാറ്റ് സജീവമാകുന്നതോടെ കേരളത്തിലും കൂടുതല്‍ മഴ കിട്ടുമെന്ന് മുന്നറിയിപ്പുണ്ട്.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ചെന്നൈയ്ക്കും പുതുച്ചേരിക്കും ഇടയിൽ കരയിൽ പ്രവേശിച്ചത്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനമുള്ളതിനാൽ മഴ തുടരാനാണ് സാധ്യത. നവംബർ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നവംബര്‍ 21 വരെ മധ്യ കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
https://www.facebook.com/Malayalivartha























