ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി ,ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുന്നു, പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദ്ദേശം

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുന്നു. ഒരു ഷട്ടര്‍ ഒരു മീറ്റര്‍ വരെയാണ് ഉയര്‍ത്തുന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 2,399.88 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള റൂള്‍ കമ്മിറ്റിയുടെ തീരുമാനം.
ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് പരിധിയായ 2400.03 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ചെറുതോണി, പെരിയാര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഷട്ടര്‍ 40 സെന്റിമീറ്ററില്‍ നിന്ന് 80 സെന്റിമീറ്ററിലേക്കാണ് ഉയര്‍ത്തുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായി തുടരുകയാണ്. ഒരു ലക്ഷം ലിറ്റര്‍ വെള്ളം വരെ പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടെങ്കിലും 80,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.05 അടി പിന്നിട്ടതോടെ രണ്ട് ഷട്ടറുകളാണ് ഇന്ന് രാവിലെ തുറന്നത്. നിലവിൽ മൂന്ന് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 777 ഘനയടി വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി വിടുന്നത്.
ഇടുക്കി ഹൈറേഞ്ച് മേഖലയിൽ കഴിഞ്ഞ ദിവസം കനത്ത മഴയാണ് ലഭിച്ചത്. വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതായി അധികൃതർ അറിയിച്ചു. മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളിൽ വെള്ളം കയറി. കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലും വെള്ളം കയറിയിരുന്നു.
https://www.facebook.com/Malayalivartha























