'സ്വന്തം കുഞ്ഞിനോട് ഈ സ്നേഹവും അവനു വേണ്ടി ഏതറ്റം വരെ പൊരുതാൻ കരുത്തുമുള്ള ഈ അമ്മയ്ക്ക് നൽകാനാവുന്നതിൽ കൂടുതൽ കരുതൽ ആ കുഞ്ഞിന് മറ്റാർക്കും നൽകാനാവുമെന്ന് കരുതാനാവില്ല. എത്രയും വേഗം ഈ അമ്മയും മകനും ഒരുമിച്ചാകുന്ന ദിവസം കാത്തിരിക്കുകയാണ്...' ജ്യോതി രാധിക വിജയകുമാർ

അനുപമയുടെ കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ആന്ധ്രയിലേക്ക് തിരിക്കുകയുണ്ടായി. സംഘത്തിൽ മൂന്ന് പോലീസുകാരും ഒരു വനിതാ ഉദ്യോഗസ്ഥയും ഉണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ആന്ധ്രയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. തിരികെ ഇന്ന് തന്നെ എത്തുമെന്നാണ് സൂചന. തിരികെ കേരളത്തിൽ എത്തിയതിനു ശേഷമാകും കുട്ടിയെ ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കുക. ഈ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഏറെ സന്തോഷത്തിലാണ് അനുപമ. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണയുമായി എത്തിയിരിക്കുകയാണ് ജ്യോതി രാധിക വിജയകുമാർ.
എല്ലാ ചെറുത്തു നിൽപ്പുകളും ചോദ്യം ചെയ്യലുകളും എല്ലായിപ്പോഴും സംഘടിതവും പ്രകടവുമാകില്ലെങ്കിലും എല്ലായിടങ്ങളിലും അവ കഴിയുംവിധം എതിർക്കപ്പെട്ടുകൊണ്ടിരിക്കുന്നതും കൃത്യമായി എതിർക്കപ്പെടേണ്ടതും മാറേണ്ടതും തന്നെയാണ് എന്നു ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നാളെ മിക്കവാറും എൻ്റെ മോനെ കാണാൻ പറ്റും ചേച്ചീ.ഒരു വർഷമായി അവനെ കണ്ടിട്ട്. അവന് കളിപ്പാട്ടങ്ങളും ഉടുപ്പുമെല്ലാം വാങ്ങണം.. പ്രസവിച്ചെങ്കിലും ഇതു വരെ എനിക്കെൻ്റെ കുഞ്ഞിനെ വളർത്താൻ പറ്റിയില്ലല്ലോ? അവനെ കളയാനായിരുന്നെങ്കിൽ ഞാനെന്തിനാ അവനെ പ്രസവിച്ചത്? ഒരു കുഞ്ഞു ജനിക്കാൻ പോകുന്ന എക്സൈറ്റ്മെൻ്റാണ് ഇപ്പൊ." അതിൻ്റെ സന്തോഷമാണ്, തിരുവനന്തപുരം നഗരത്തിൽ മഴയിലും വെയിലിലും വലിച്ചു കെട്ടിയ ഒരു ഷീറ്റിനു താഴെയിരുന്ന് സ്വന്തം കുഞ്ഞിനു വേണ്ടി രാപ്പകൽസമരം നടത്തുന്ന ഒരമ്മയുടെ, അനുപമയുടെ മുഖത്തെ ചിരി.
ആ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാനായിരുന്നു ഇവിടുത്തെ സാമൂഹ്യ സാഹചര്യത്തിൽ എളുപ്പം. പക്ഷേ, കുടുംബവും സമൂഹവും സദാചാര വിലയിരുത്തലുകൾ നടത്തി ഒറ്റപ്പെടുത്തുമെന്നറിഞ്ഞിട്ടും ആ കുഞ്ഞിനെ പ്രസവിക്കണമെന്ന്, വളർത്തണമെന്ന്, തീരുമാനിച്ച, കുടുംബവും പാർട്ടി, ഭരണ സംവിധാനങ്ങളും ഒരുമിച്ചു നിന്ന് കുഞ്ഞിനെ എടുത്തു മാറ്റിയപ്പോൾ അപാര ധൈര്യത്തോടെ പൊരുതാൻ തയ്യാറായ ഒരു സ്ത്രീ. സ്വന്തം കുഞ്ഞിനോട് ഈ സ്നേഹവും അവനു വേണ്ടി ഏതറ്റം വരെ പൊരുതാൻ കരുത്തുമുള്ള ഈ അമ്മയ്ക്ക് നൽകാനാവുന്നതിൽ കൂടുതൽ കരുതൽ ആ കുഞ്ഞിന് മറ്റാർക്കും നൽകാനാവുമെന്ന് കരുതാനാവില്ല. എത്രയും വേഗം ഈ അമ്മയും മകനും ഒരുമിച്ചാകുന്ന ദിവസം കാത്തിരിക്കുകയാണ്.
ഇതെഴുതുമ്പോൾ ആന്ധ്രയിലെ ദമ്പതികൾ കുഞ്ഞിനെ കൈമാറി എന്ന വാർത്ത വന്നിട്ടുണ്ട്. അവർക്കും ഈ സാഹചര്യത്തെ അതിജീവിക്കാനാകട്ടെ..
Added: ഈ വിഷയത്തെ സമീപിക്കുന്നതും അതിൽ അഭിപ്രായം പറയുന്നതും അനുപമയ്ക്കൊപ്പം നിൽക്കുന്നതും ഒരു സ്ത്രീ, മനുഷ്യൻ, അമ്മ, ജനായത്ത സംവിധാനത്തിലെ ഒരു പൗര എന്ന രീതിയിലാണ്. അതിനെ കക്ഷിരാഷ്ട്രീയവുമായി ചേർത്ത് മാത്രം കാണുന്ന അഭിപ്രായപ്രകടനങ്ങളോട്, സദാചാര വിലയിരുത്തലുകളോട്, കൃത്യമായ, ശക്തമായ വിയോജിപ്പുണ്ട്. വിവാഹം, കുടുംബം, മതം, രാഷ്ട്രീയം, പൊതുസമൂഹം എന്നിങ്ങനെ ഏതിടങ്ങളിലുമുള്ള പാട്രിയാർക്കിയോട്, അതിൻ്റെ നോർമലൈസേഷനോട്, അതിൻ്റെ അധികാരപ്രയോഗങ്ങളോടുള്ള വിയോജിപ്പ് ഉരുത്തിരിഞ്ഞിട്ടുള്ള രാഷ്ട്രീയ, സാമൂഹ്യ ബോദ്ധ്യങ്ങളുടെ, ജീവിതത്തിൻ്റെ ഭാഗമാണ്.
എല്ലാ ചെറുത്തു നിൽപ്പുകളും ചോദ്യം ചെയ്യലുകളും എല്ലായിപ്പോഴും സംഘടിതവും പ്രകടവുമാകില്ലെങ്കിലും എല്ലായിടങ്ങളിലും അവ കഴിയുംവിധം എതിർക്കപ്പെട്ടുകൊണ്ടിരിക്കുന്നതും കൃത്യമായി എതിർക്കപ്പെടേണ്ടതും മാറേണ്ടതും തന്നെയാണ്.
https://www.facebook.com/Malayalivartha























