മറ്റൊരു പെണ്‍കുട്ടിക്കും ഈ ഗതി ഉണ്ടാകരുത്, എല്ലാ സത്യവും പുറത്ത് വരണം, നെഞ്ച് പൊട്ടി അന്‍സിയുടെ അച്ഛന്‍

മറ്റൊരു പെണ്‍കുട്ടിക്കും തന്‍റെ മകള്‍ക്ക് സംഭവിച്ച ഗതിയുണ്ടാകരുതെന്ന് കൊച്ചിയില്‍ കൊല്ലപ്പെട്ട അന്‍സി കബീറിന്‍റെ അച്ഛന്‍ കബീര്‍. അപകടത്തിലെ എല്ലാ ദുരൂഹതയും നീക്കണം, എല്ലാ സംശയങ്ങളും അന്വേഷിക്കണം, സത്യങ്ങളെല്ലാം പുറത്ത് വരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഹോട്ടല്‍ 18ലെ സിസിടിവി ക്യാമറ ഹാര്‍ഡ് ഡിസ്ക് നഷ്ട്ടപ്പെട്ടത് എങ്ങനെയെന്നതില്‍ പ്രത്യേക അന്വേഷണം വേണമെന്ന് കബീര്‍ ആവശ്യപ്പെട്ടു. നിലിവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ് അന്‍സിയുടെ അച്ഛന്‍ പറയുന്നത്. അന്വേഷണത്തിന്റെ ഗതി അനുസരിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് കുടുംബം പറയുന്നു.
ഔഡി കാര്‍ എന്തിനാണ് പെണ്‍കുട്ടികള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നതെന്നാണ് കബീര്‍ ചോദിക്കുന്ന പ്രധാന ചോദ്യം. അൻസി കബീറിന് മോശപ്പെട്ട സൗഹൃദബന്ധങ്ങൾ ഉണ്ടായിരുന്നില്ല. ‘അവളായിരുന്നു ഞങ്ങളുടെ എല്ലാം. അവള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ജീവിച്ചത്. പക്വതയുള്ള വ്യക്തിത്വമായിരുന്നു അവളുടേത്. അവള്‍ ഒരു തെറ്റും ചെയ്യില്ലെന്നും മോശപ്പെട്ട കൂട്ടികെട്ടിലേക്ക് പോകില്ലെന്നും ഉറപ്പാണെന്നാണ് അബ്ദുള്‍ കബീര്‍ പറയുന്നത്.
ആറ്റിങ്ങല്‍ പാലംകോണം സ്വദേശിയായ അബ്ദുള്‍ കബീര്‍-റസീന ദമ്പതിമാരുടെ മകളാണ് അന്‍സി കബീര്‍. മകൾക്ക് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. എറണാകുളത്ത് അമ്മയോടൊപ്പമായിരുന്നു അൻസിയുടെ താമസം. അമ്മ സുഖമില്ലാതെ നാട്ടിലേക്ക് മടങ്ങിയപ്പോഴായിരുന്നു അപകടം നടന്നത്.
https://www.facebook.com/Malayalivartha























