മോഡലുകളുടെ അപകട മരണം, റോയിയുടെ കാര്യം കട്ടപ്പുക, സൈജുവിന്റെ ഇടപെടലിലും സർവ്വത്ര സംശയം, നടപടി കടുപ്പിക്കാന്‍ നിയമോപദേശം തേടാനൊരുങ്ങി പൊലീസ്

മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ നിയമോപദേശം തേടാനൊരുങ്ങി പൊലീസ്. ഹോട്ടലുടമയും കേസിലെ രണ്ടാം പ്രതിയുമായ റോയ് വയലാട്ട്, മോഡലുകളെ കാറില്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍, ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ തുടങ്ങിയവരെ ചോദ്യം ചെയ്ത ശേഷമാകും നിയമോപദേശം തേടുക. മൂന്ന് പേര്‍ മരിക്കാനിടയായ കാറപകടത്തില്‍ റോയ് വയലാട്ടിന്റെയും സൈജുവിന്റെയും ഇടപെടലില്‍ പൊലീസിന് ചില സംശയങ്ങളുള്ള സാഹചര്യത്തിലാണ് നീക്കം.
നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്ക് ലഭിക്കാത്ത സാഹചര്യത്തില്‍ ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെയും ഹോട്ടല്‍ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തല്‍ പുരോഗമിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ റോയിയെയും സൈജുവിനെയും ചോദ്യം ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
സൈജു തങ്കച്ചന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ എത്തിയില്ല. റോയി വയലാട്ട് ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനുള്ള കായലിലെ തെരച്ചില്‍ താത്ക്കാലികമായി പൊലീസ് നിറുത്തി. ഫയര്‍ഫോഴ്‌സ്, പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു കണ്ണങ്ങാട്ട് പാലത്തിന് താഴെ മൂന്ന് ദിവസംതെരച്ചില്‍ നടത്തിയത്. ഡി.ജെ. പാര്‍ട്ടിക്ക് സുരക്ഷയൊരുക്കുന്ന ബൗണ്‍സര്‍മാരെയാണ് ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. നാലു പേരെ മെട്രോ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി.
കാര്യമായ വിവരങ്ങളൊന്നും ഇവരില്‍ നിന്ന് ലഭിച്ചില്ല. ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ചുവെന്ന് പറയുന്ന ഇന്നോവ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ വാഹനം സംഭവ ദിവസം എവിടെയെല്ലാം പോയിട്ടുണ്ടെന്ന് കണ്ടെത്തും. ഇതില്‍ പ്രതികളുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളുള്ള പ്രദേശമാണോയെന്നാണ് പ്രാധാനമായും പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha



























