ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ല, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നേരിട്ട് വീട്ടിലെത്തി... കാറില്‍ സൈറണ്‍ മുഴക്കി ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാനെന്ന പേരില്‍ പാഞ്ഞ യുവാവ് മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിയില്‍..

കാറില്‍ സൈറണ്‍ മുഴക്കി ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷപ്പെടാനെന്ന പേരില്‍ പാഞ്ഞ യുവാവ് മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിയില്‍... സൈറണ്‍ മുഴക്കി പോകുന്ന കാറിന്റെ വിഡിയോ യുവാക്കള്‍ എടുത്തതാണ് ഇയാളെ പിടികൂടാന്‍ സഹായിച്ചത്.
മോട്ടോര്‍ വാഹന വകുപ്പ് 2000 രൂപ പിഴയീടാക്കി. കഴിഞ്ഞദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലാണ് ആംബുലന്‍സിന്റേതു പോലെയുള്ള ശബ്ദം മുഴുക്കുന്ന യന്ത്രം ഉപയോഗിച്ച് കാര്‍ യാത്രക്കാരന്‍ കാറുമായി പാഞ്ഞത്.
ശബ്ദം കേട്ട് ആംബുലന്‍സ് അല്ലെന്ന് മനസ്സിലാക്കിയ ചില യുവാക്കള്‍ കാറിനെ പിന്തുടര്‍ന്നു. ഇതിന്റെ വീഡിയോ പിടിച്ചതും വണ്ടിനമ്പറും കുറിച്ചെടുത്തതും ആര്‍.ടി.ഒ പി.എം. ഷബീറിന് അയച്ചുകൊടുത്തു.
തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ചന്തുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പുക്കാട്ടുപടി സ്വദേശി അന്‍സാറാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തി പിഴ ചുമത്തി. ആദ്യം വാഹനത്തിന്റെ ആര്‍.സി. ബുക്കിലെ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നേരിട്ട് ഇയാളുടെ വീട്ടിലെത്തി.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടി ഓണ്‍ലൈനിലൂടെ സൈറന്‍ വാങ്ങി ഘടിപ്പിക്കുകയായിരുന്നെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആദ്യം കുറ്റം നിഷേധിച്ച അന്‍സാര്‍, പിന്നീട് കേസാകുമെന്ന് അറിഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























