ആശങ്കയോടെ ലോകം... ഒമിക്രോണ്‍ ഭീതിയില്‍ ലോകം കഴിയവേ ബ്രിട്ടണില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വാര്‍ത്ത; ബ്രിട്ടനില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സാജിദ് ജാവിദ്; നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണം

കോവിഡിന്റെ വകഭേദമായ ഒമിക്രോണെ എറ്റവുമധികം ഭയക്കുന്നത് അതിന്റെ വ്യാപന ശേഷി കൊണ്ടാണ്. സമൂഹ വ്യാപനം പെട്ടന്ന് ഉണ്ടാകും എന്നതാണ് ഒമിക്രോന്റെ പ്രത്യേകത. ഇപ്പോഴിതാ പേടിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു. ബ്രിട്ടനില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം സ്ഥിരീകരിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി സാജിദ് ജാവിദ്.
നിലവിലുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഒമിക്രോണ്‍ മറികടക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കൊവിഡ് നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്‌കോട്ട്‌ലാന്‍ഡില്‍ 71 പേര്‍ക്കും വെയ്ല്‍സില്‍ നാല് പേര്‍ക്കുമുള്‍പ്പെടെ യു.കെയില്‍ നിലവില്‍ 350 ലധികം ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇവരില്‍ പലരും വിദേശയാത്ര നടത്തിയിട്ടില്ലാത്തതിനാല്‍ ഒമിക്രോണിന്റെ സമൂഹവ്യാപനം രാജ്യത്ത് നടന്നുവെന്നാണ് അനുമാനം. നൈജീരിയ, ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള ഒമ്പത് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ബ്രിട്ടനില്‍ എത്തുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്നും രാജ്യത്തെത്തിയാല്‍ ഏഴ് ദിവസം ഹോട്ടലുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേ സമയം നിലവില്‍ ഒമിക്രോണ്‍ തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും ക്രിസ്മസിന് മുമ്പ് രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 45 ആയി.യു.എസില്‍ 16 സംസ്ഥാനങ്ങളില്‍ ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യാത്രാനിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 10 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് കമ്പോഡിയ നീക്കി. നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്ന ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ആരോഗ്യമന്ത്രി മാം ബുന്‍ഹെംഗ് അറിയിച്ചു.
ഈ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും 14 ദിവസത്തിനിടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരും കമ്പോഡിയയില്‍ എത്തുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണം. ഫലം നെഗറ്റീവായാലും ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്നും ആറാം ദിവസം പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒമിക്രോണ്‍ മുഖേന കൊവിഡ് ബാധിച്ചവരില്‍ ലക്ഷണങ്ങള്‍ സംബന്ധിച്ച് കാര്യമായ വ്യത്യാസങ്ങളൊന്നും ഇല്ലെന്നാണ് ഇതുവരെ വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ വിശദവിവരങ്ങള്‍ കല്യാണില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന കൊവിഡ് കെയര്‍ സെന്ററിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പുറത്തുവിട്ടരുന്നു. ഇവരും പ്രത്യേകമായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചോ മറ്റോ സൂചിപ്പിച്ചിരുന്നില്ല. ഇപ്പോഴിതാ ഒമിക്രോണ്‍ സ്ഥിരീകരിച്ച ബെംഗലൂരു സ്വദേശിയായ ഡോക്ടര്‍ തന്റെ അനുഭവം പങ്കുവയ്ക്കുകയാണ്.
നവംബര്‍ 21ന് തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നും അതോടെ ഐസൊലേഷനിലേക്ക് മാറിയെന്നും ഇദ്ദേഹം പറയുന്നു. 'എനിക്ക് ചെറിയ പനിയുണ്ടായിരുന്നു. അതായത് സാധാരണഗതിയില്‍ കൊവിഡ് ലക്ഷണമായി വരുന്ന തരത്തില്‍, അത്രയൊക്കെ തീവ്രതയിലുള്ള പനി. ഇതൊരിക്കലും കൂടിയിട്ടില്ല. അതുപോലെ ചെറിയ ശരീരവേദന, കുളിര് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും വന്നു.
പരിശോധനാഫലം വന്നപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അപ്പോഴും വീട്ടില്‍ തന്നെയാണ് തുടര്‍ന്നത്. മൂന്ന് ദിവസങ്ങള്‍ അങ്ങനെ പോയി. പക്ഷേ ഓക്‌സിജന്‍ നില താഴ്ന്നതോടെ പെട്ടെന്ന് നല്ല തോതില്‍ തളര്‍ച്ച അനുഭവപ്പെട്ടതോടെ ഞാന്‍ ആശുപത്രിയിലേക്ക് മാറി. അവിടെ പോയി മൊണോക്ലോണല്‍ ആന്റിബോഡീസ് എടുത്തു. ഇപ്പോള്‍ ഭേദമായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha