കോളജുകളില്‍ കര്‍ശന പെരുമാറ്റച്ചട്ടം വന്നേക്കും; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്തെ കോളജുകളില്‍ അച്ചടക്കം ഉറപ്പുവരുത്താന്‍ പൊതു പെരുമാറ്റച്ചട്ടം ഉള്‍പ്പെടെ കര്‍ശന നടപടികള്‍ക്കു സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇന്നു ചേരുന്ന ഉന്നതതല യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമെടുക്കും. സിഇടിയില്‍ അതിരുവിട്ട ഓണാഘോഷത്തിനിടെ ജീപ്പ് ഇടിച്ചു വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണു ഈ നടപടി.
എന്‍ജിനീയറിങ് കോളജുകളുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികളുടെ അച്ചടക്കലംഘനങ്ങള്‍ കൂടി വരുന്നതു സംബന്ധിച്ചു മന്ത്രി പി.കെ. അബ്ദുറബ്ബ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സിഇടിയിലെ അനിഷ്ട സംഭവങ്ങളെക്കുറിച്ചു പ്രിന്‍സിപ്പലിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് അച്ചടക്കലംഘനങ്ങള്‍ കൂടുതലും നടക്കുന്നതെന്ന വിലയിരുത്തലിനെത്തുടര്‍ന്നു ഹോസ്റ്റല്‍ പ്രവേശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചിക്കുന്നു.
സ്ഥിരം പ്രശ്‌നങ്ങള്‍ നടക്കുന്ന ക്യാംപസുകളില്‍ ഹോസ്റ്റല്‍ സൗകര്യം ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു മാത്രമായി നിയന്ത്രിക്കാനുള്ള ശുപാര്‍ശ വിദ്യാഭ്യാസ വകുപ്പു പരിശോധിക്കുന്നുണ്ട്.
സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, പ്രഫഷനല്‍ കോളജ് മേധാവികള്‍ എന്നിവരോട് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പു നിര്‍ദേശിച്ചു. മന്ത്രി രമേശ് ചെന്നിത്തലയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























