മൊബൈല്‍ നമ്പര്‍ എഴുതിവച്ചിട്ടു വാഹനം റോഡില്‍ പാര്‍ക്ക് ചെയ്തുകൊള്ളൂ...

ഓണക്കാലത്ത് നഗരത്തില്‍ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ഇനി മൊബൈല്‍ നമ്പര്‍ കൂടി പ്രദര്‍ശിപ്പിച്ചിരിക്കണം. ട്രാഫിക് പൊലീസിന്റേതാണ് ഈ നിര്‍ദ്ദേശം. വാഹനത്തില്‍ വെറുതെ മൊബൈല്‍ നമ്പര്‍ എഴുതിവച്ചാല്‍ പോര, വ്യക്തമായി കാണുന്ന രീതിയില്‍ തന്നെ വേണം. ടൂ വീലറും കാറുകളുമുള്‍പ്പെടെ എല്ലാത്തരം വാഹനങ്ങള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്തിട്ടുപോയാല്‍ ഉടമയെ വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്താനും വാഹനം എത്രയും വേഗം മാറ്റാനുമുള്ള എളുപ്പവഴിയാണ് ഇതിലൂടെ ട്രാഫിക് പൊലീസ് ലക്ഷ്യമിടുന്നത്.
ഓണക്കാലത്ത് ഇത് നിര്‍ബന്ധമാക്കാനാണ് പൊലീസ് ശ്രമം. നഗരത്തിലെ എല്ലാ റോഡുകളിലും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇത് ബാധകമാണ്. ടൂവീലറുകളാണെങ്കില്‍ മുമ്പില്‍ നമ്പര്‍ ഒട്ടിച്ചുവയ്ക്കണം. കാറുകളാണെങ്കില്‍ പുറത്തുനിന്ന് വായിക്കാന്‍ കഴിയുന്നവിധം ഗ്‌ളാസിന്റെ അകവശത്ത് മൊബൈല്‍ നമ്പര്‍ എഴുതിവയ്ക്കണം. റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാത്രമാണിത് ബാധകം.
തിരക്കേറിയ റോഡുകളില്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു കാരണം അതുവഴിയുള്ള ഗതാഗതനിയന്ത്രണം പൊലീസിനെ വെള്ളംകുടിപ്പിക്കുന്നു. വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് ആര്‍.സി.ബുക്ക് വിവരങ്ങള്‍ പരിശോധിച്ച് മൊബൈല്‍ നമ്പര്‍ തരപ്പെടുത്താന്‍ ശ്രമിച്ചാലും പലപ്പോഴും വിജയിക്കാറില്ല. വാഹനം സര്‍വ്വീസ് ചെയ്ത ഏജന്‍സിയുടെ നമ്പര്‍ വാഹനത്തിലുണ്ടെങ്കില്‍ അതില്‍വിളിച്ച് ഉടമയുടെ നമ്പര്‍ തേടിപ്പിടിക്കേണ്ട ഗതികേടും ഉണ്ടാകുന്നുണ്ട്. ചിലപ്പോഴൊക്കെ വണ്ടിയില്‍ അലക്ഷ്യമായി ഇട്ടിരിക്കുന്ന കത്തുകളില്‍ നിന്ന് വരെ നമ്പര്‍ എടുത്ത് വിളിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഉടമയെ ബന്ധപ്പെടാന്‍ സാഹചര്യമില്ലാത്തപ്പോള്‍ ഫൈന്‍ അടിച്ച സ്റ്റിക്കര്‍ പതിക്കുകയോ റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റുകയോ ആണ് ഇപ്പോള്‍ ചെയ്യുന്നത്. റിക്കവറി വാഹനം ഉപയോഗിക്കുമ്പോള്‍ സമയവും പണവും ഒരുപോലെ നഷ്ടമാകുന്നുണ്ട്.പോരാത്തതിന് നീക്കം ചെയ്യുമ്പോള്‍ വണ്ടികള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ സംബന്ധിച്ച് ഉടമകളും പൊലീസും തമ്മിലുള്ള കശപിശയും പതിവാണ്. ഇത്തരം സാഹചര്യങ്ങളൊഴിവാക്കാനാണ് മൊബൈല്‍ നമ്പര്‍ പരിപാടിയുമായി പൊലീസ് എത്തിയിരിക്കുന്നത്.
അത്യാവശ്യങ്ങള്‍ക്കായി അഞ്ച് മിനിറ്റോ മറ്റോ വാഹനം പാര്‍ക്ക് ചെയ്യാനുള്ള അനുമതി പലയിടത്തും പൊലീസ് നല്‍കിയിട്ടുണ്ടെങ്കിലും പലരും ഇത് ദുരുപയോഗം ചെയ്ത് റോഡ് \'ഗ്യാരേജ്\' ആക്കുന്ന പ്രവണതയ്ക്ക് തടയിടാന്‍ കൂടിയാണ് പുതിയ നീക്കം. എത്രയും വേഗമെത്തി വാഹനങ്ങള്‍ മാറ്റിയാല്‍ പിഴയൊടുക്കുന്നതില്‍ നിന്ന് ഒഴിവാകാനും സാധിക്കും. പാര്‍ക്ക് ചെയ്യേണ്ടി വന്ന സാഹചര്യവും സമയവുമൊക്കെ പരിഗണിച്ചാകും നടപടികള്‍ കൈക്കൊള്ളുകയെന്ന് പൊലീസ് പറയുന്നു.
അതേസമയം, റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നത് ദുരുപയോഗം ചെയ്യാന്‍ ഇടയാക്കില്ലേയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് വനിതകളുടെ ഫോണ്‍ നമ്പര്‍. എന്നാല്‍, അതിനും പൊലീസ് പ്രതിവിധി നിര്‍ദ്ദേശിക്കുന്നു. കാര്‍ നമ്പര്‍ പറഞ്ഞാലുടന്‍ നിങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന നിങ്ങളുടെ ഭര്‍ത്താവിന്റെയോ അടുത്തബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയൊ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചാലും മതിയാകും. പ്രധാന റോഡുകള്‍ക്കു പുറമേ ഓണത്തിന് ട്രാഫിക് ക്രമീകരണങ്ങളുടെ ഭാഗമായി അപ്രധാന റോഡുകളിലൂടെയും വണ്ടികള്‍ തിരിച്ചുവിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാത്തരം റോഡുകളിലും നിര്‍ദ്ദേശം പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























