ഒടിഞ്ഞ ഇടതുകാല്‍ ചികിത്സിക്കുന്നതിനു പകരം വലതുകാലില്‍ പ്ലാസ്റ്ററിട്ടു, മെഡിക്കല്‍കോളേജില്‍ സംഭവിച്ച അബദ്ധം അറിഞ്ഞത് വീട്ടില്‍ വന്നശേഷം

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇടതു കാലിന് ഒടിവ് സംഭവിച്ച് എത്തിയ രണ്ടു വയസ്സുകാരന്റെ പരുക്കില്ലാത്ത വലതുകാലില്‍ പ്ലാസ്റ്ററിട്ടു. ചികിത്സ കഴിഞ്ഞ് വീട്ടില്‍ വന്നശേഷം വേദന കൊണ്ട് കരഞ്ഞ കുഞ്ഞിനെ പരിശോധിച്ചപ്പോള്‍ അബദ്ധം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ പിന്നീട് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു പ്ലാസ്റ്റര്‍ അഴിച്ചു മാറ്റി.
ആലപ്പുഴ ചാത്തനാട് വെളുത്തശേരില്‍ അനില്‍ കുര്യന്റെ മകന്‍ ആരോണിന്റെ കാലിലാണു മാറി പ്ലാസ്റ്ററിട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടു വീടിനു മുന്നിലിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞു വീണാണ് ആരോണിനു പരുക്കേറ്റത്. തുടര്‍ന്നു കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേദന മൂലം കുട്ടി കരയുകയും ബഹളം കൂട്ടുകയും ചെയ്തതിനാല്‍ എക്‌സ്‌റേ എടുക്കാനായില്ല. അനസ്തീസിയ നല്‍കിയ ശേഷം പരിശോധനയും ചികില്‍സയുമാകാമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നു കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഞായറാഴ്ച ആയതിനാല്‍ മൂന്നു ഹൗസ് സര്‍ജന്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണു കുട്ടിയെ പരിശോധിച്ചു പ്ലാസ്റ്റര്‍ ഇട്ടത്. അനസ്തീസിയ എടുക്കാതെയായിരുന്നു നടപടികള്‍. പ്ലാസ്റ്റര്‍ റൂമില്‍ കുട്ടിയുടെ അമ്മ ഡെയ്‌സി മാത്രമാണു ഡോക്ടര്‍മാര്‍ക്കു പുറമെ ഉണ്ടായിരുന്നത്.
ചികില്‍സയ്ക്കിടെ തീവ്രവേദനയാല്‍ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയുടെ ഒടിഞ്ഞ ഇടത്തെ കാലിനു പകരം വലതു കാലിലാണു പ്ലാസ്റ്റര്‍ ഇട്ടത്. കുട്ടിയെ സാന്ത്വനിപ്പിച്ചു കരച്ചിലടക്കാന്‍ ശ്രമിക്കുന്നതിനിടെ കാലുമാറിയത് അറിഞ്ഞില്ലെന്നു ഡെയ്‌സി പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ വേദന വര്‍ധിച്ചതിനാല്‍ പ്ലാസ്റ്ററിട്ട കാലില്‍ കുത്തിച്ചാടി ഇടതുകാല്‍ ഉയര്‍ത്തി കുട്ടി കരഞ്ഞു. അതോടെ കാലുമാറിയാണു പ്ലാസ്റ്ററിട്ടതെന്നു മനസ്സിലാക്കി വീണ്ടും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു പ്ലാസ്റ്റര്‍ മാറ്റിയിടുകയായിരുന്നു.
സംഭവത്തെ കുറിച്ച് അധികൃതര്‍ക്കു പരാതി നല്‍കുമെന്നു കുട്ടിയുടെ പിതാവ് അനില്‍ കുര്യന്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























