ലഹരി പരിശോധന: ക്യാംപസില്‍ പൊലീസ് കയറും

ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ സര്‍വകലാശാലാ- കോളജ് ക്യാംപസുകളിലും ഹോസ്റ്റലുകളിലും മുന്‍കൂര്‍ അനുമതിയില്ലാതെ പൊലീസിനു പരിശോധന നടത്താം. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി വിവരം കിട്ടിയാല്‍ സര്‍വകലാശാല-കോളജ് അധികൃതരുടെ അനുമതിക്കായി പൊലീസിനു കാത്തുനില്‍ക്കേണ്ടതില്ല.
ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സുരക്ഷയുമായി ബന്ധപ്പെട്ട മറ്റു സാഹചര്യങ്ങളിലും ക്യാംപസുകളിലെ പരിശോധനയ്ക്കു പൊലീസിന് അനുമതി നല്‍കണമെന്നും ശുപാര്‍ശയുണ്ട്.
ക്യാംപസുകളിലെ പ്രശ്‌നങ്ങള്‍ പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു പരിഹരിക്കണമെന്നു മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്യാംപസില്‍ പൊലീസ് കയറുന്നതിനോടു യോജിപ്പില്ല. പക്ഷേ, പല ഹോസ്റ്റലുകളും ലഹരിയുടെ പിടിയിലാണെന്നാണു റിപ്പോര്‍ട്ടുകള്‍. ഇവയുടെ കാര്യത്തില്‍ അധികൃതരുടെ അനുമതിക്കായി പൊലീസ് കാത്തുനില്‍ക്കില്ലെന്നു മന്ത്രി വ്യക്തമാക്കി.
ക്യാംപസ് സുരക്ഷ സംബന്ധിച്ചു സര്‍ക്കാര്‍ വിശദ മാര്‍ഗരേഖ പുറത്തിറക്കുമെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. 18 നിര്‍ദേശങ്ങളടങ്ങിയ കരടു മാര്‍ഗരേഖ യോഗത്തില്‍ അവതരിപ്പിച്ചു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ രണ്ടിനു വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കും. അന്തിമ മാര്‍ഗരേഖ തയാറാക്കാന്‍ വിദഗ്ധസമിതിയെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, കാലിക്കറ്റ്, കേരള, എംജി, കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ എന്നിവരാണ് അംഗങ്ങള്‍.
യോഗത്തില്‍ മന്ത്രിമാര്‍ക്കു പുറമേ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍, എഡിജിപിമാരായ എ. ഹേമചന്ദ്രന്‍, കെ. പത്മകുമാര്‍, തിരുവനന്തപുരം റെയ്ഞ്ച് ഐജി മനോജ് ഏബ്രഹാം, ഡിഐജി പി. വിജയന്‍, സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരായ ഡോ. പി.കെ. രാധാകൃഷ്ണന്‍ (കേരള), ഡോ. ബാബു സെബാസ്റ്റ്യന്‍ (എം.ജി), ഡോ. എം.കെ. അബ്ദുല്‍ ഖാദര്‍ (കണ്ണൂര്‍, കാലിക്കറ്റ്), ഡോ. കെ.പി. ഐസക് (സാങ്കേതിക സര്‍വകലാശാല), ഡോ. ബി. മധുസൂദനക്കുറുപ്പ് (ഫിഷറീസ്), ഡോ. എം.സി. ദിലീപ് കുമാര്‍ (കാലടി) എന്നിവരും കോളജ് പ്രിന്‍സിപ്പല്‍മാരും പങ്കെടുത്തു.
കരടു മാര്‍ഗരേഖയിലെ മറ്റു നിര്‍ദേശങ്ങള്‍
ക്യാംപസിലെ ആഘോഷപരിപാടികള്‍ക്കു സ്ഥാപന മേധാവിയുടെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.കോളജുകളിലെ ആഘോഷങ്ങളില്‍ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിക്കണം. വിദ്യാര്‍ഥികളുടെ വാഹന പാര്‍ക്കിങ് ഏരിയ കോളജ് ഗേറ്റിനു പുറത്ത്. ആഘോഷ പരിപാടികള്‍ നിരീക്ഷിക്കാന്‍ സ്ഥാപനമേധാവി അച്ചടക്കസമിതിയെ ചുമതലപ്പെടുത്തണം. അധ്യയന സമയത്തു വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ഇല്ലെങ്കില്‍ 500 രൂപ പിഴ. മൂന്നു തവണയില്‍ കൂടുതല്‍ ലംഘിച്ചാല്‍ കോളജില്‍ നിന്നു പുറത്താക്കണം. കോളജിന്റെയും ഹോസ്റ്റലിന്റെയും സുരക്ഷാചുമതല വിമുക്തഭടന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ ഏല്‍പ്പിക്കണം. ഹോസ്റ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ സമിതി. പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ ക്യാംപസില്‍ പ്രവേശിക്കാവൂ, ഇവര്‍ ക്ലാസ് മുറികളില്‍ കയറരുത്.
കോളജ് യൂണിയനുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം മുന്നോട്ടുവച്ച വിവിധ നിര്‍ദേശങ്ങള്‍:
കോളജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കു പ്രിന്‍സിപ്പലില്‍നിന്നും സ്റ്റാഫ് അഡൈ്വസറില്‍നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള സമിതി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണം.കോളജ് യൂണിയന്‍ ഓഫിസ് ആഴ്ചയിലൊരിക്കല്‍ സമിതി പരിശോധിക്കണം. കോളജ് പ്രവര്‍ത്തന സമയം കഴിഞ്ഞാല്‍ യൂണിയന്‍ ഓഫിസ് അടയ്ക്കണം.
ഏപ്രില്‍ മുതല്‍ മേയ് വരെ അവധിക്കാലത്ത് ഓഫിസ് താക്കോല്‍ പ്രിന്‍സിപ്പല്‍ സൂക്ഷിക്കണം. യൂണിയന്‍ ഓഫിസ് ദുരുപയോഗം സംബന്ധിച്ചു പരാതി ലഭിച്ചാല്‍ സ്ഥാപന മേധാവിയുടെ അനുമതിയില്ലാതെ പൊലീസിനു റെയ്ഡ് നടത്താം.പരാതി ശരിയാണെന്നു കണ്ടാല്‍ പ്രിന്‍സിപ്പല്‍, സമിതി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























