വെട്ടേറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന യുവാവിനെ ആശുപത്രിയില്‍ കയറി വെട്ടിക്കൊന്നു

സിനിമ തിയറ്ററിലെ തര്‍ക്കത്തെ തുടര്‍ന്നു വെട്ടേറ്റു ഗുരുതര പരുക്കുകളോടെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ ഒരു സംഘം ആശുപത്രിയില്‍ കയറി വെട്ടിക്കൊന്നു. ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവിന്റെ തലയ്ക്കു വെട്ടേറ്റു.
പെരുമുടിയൂര്‍ത്തറ കൊപ്പത്തു വീട്ടില്‍ അലിയുടെ മകന്‍ നജീബ് (22) ആണു കൊല്ലപ്പെട്ടത്. നജീബിന്റെ പിതൃസഹോദരപുത്രന്‍ ഷാനിയാസിന് (20) ആണു തലയ്ക്കു വെട്ടേറ്റത്. കൊലപാതകവുമായി ബന്ധപ്പെട്ടു നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെരുമുടിയൂരിലെ മമ്മിപ്പടിയില്‍ 23-നു രാത്രിയാണ് സിനിമ തിയറ്ററില്‍ ടിക്കറ്റിനെചൊല്ലി തര്‍ക്കമുണ്ടായത്. ഇതിനിടെയാണു നജീബിനു വെട്ടേറ്റത്. തുടര്‍ന്നു ഗവ. ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു നജീബ്. 24-ാം തീയതി രാത്രി അക്രമിസംഘം ആശുപത്രിയില്‍ കയറി നജീബിനെ വീണ്ടും വെട്ടി. ഗുരുതര നിലയില്‍ ഗവ. ആശുപത്രിയില്‍ നിന്നും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. ആക്രമത്തില്‍ പ്രതിഷേധിച്ചു മുതുതല പഞ്ചായത്തില്‍ ഉച്ചയ്ക്കു ശേഷം ഹര്‍ത്താല്‍ ആചരിച്ചു.
റിലീസ് ചിത്രങ്ങള്‍ മാത്രം വരുന്ന തിയറ്ററില്‍ തിരക്കുകാരണം പലപ്പോഴും യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു. നജീബിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം പെരുമുടിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗമാണു നജീബ്. ഉമ്മ: സാജിത. സഹോദരങ്ങള്‍: നിയാസ്, നജ്മത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























