അയ്യായിരത്തോളം വരുന്ന നാട്ടുകാരും നിലമ്പൂര്‍ കാടുകളിലെ 2000 ആദിവാസികളും കൈകോര്‍ത്ത നിലമ്പൂരിന്റെ ഓണസദ്യ

ഓണാഘോഷത്തിനായി ഒരുങ്ങാന്‍ ഇത്തവണ നിലമ്പൂര്‍ നഗരസഭയ്ക്ക് കൂടുതല്‍ ശ്രദ്ധയും കരുതലും വേണ്ടിവന്നു. കാരണം പത്തോ നൂറോ പേര്‍ക്കല്ല സദ്യ ഒരുക്കേണ്ടിയിരുന്നത്. 7000 പേര്‍ക്കാണ് ഇത്തവണ നിലമ്പൂര്‍ നഗരസഭ ഓണസദ്യ വിളമ്പിയത്. അങ്ങനെ കാടിന്റെ മക്കളും നാട്ടുകാരും കൈകോര്‍ത്ത നിലമ്പൂര്‍ നഗരസഭയുടെ ഓണാഘോഷം വിസ്മയമായി. ഗോത്രസൗഹൃദമെന്ന പേരില്‍ നിലമ്പൂര്‍ കാടുകളിലെ 2000 ആദിവാസികളും അയ്യായിരത്തോളം വരുന്ന നാട്ടുകാരും ഒരുമിച്ചിരുന്ന് സദ്യയുണ്ട് ഓണാഘോഷം അവിസ്മരണീയമാക്കി.
ക്ഷണിച്ചുവരുത്തിയ ആദിവാസികള്‍ക്ക് ഓണക്കോടിയും ഓണസദ്യയും നല്‍കിയാണ് ആദരിച്ചത്. ഇതിനായി കാടിറങ്ങിയെത്തിയത് 30 കിലോമീറ്ററോളം അകലെയുള്ള ഉള്‍വനത്തിലുള്ള നീലഗിരി താഴ്‌വരയില്‍ താമസിക്കുന്ന മണ്ണള കോളനിയിലെയും മാഞ്ചീരി കോളനിയിലെയും ചോലനായ്ക്കര്‍ ഉള്‍പ്പെടെയുള്ളവരാണ് .
വനംവകുപ്പിന്റെ വാഹനത്തിലാണ് ഐടിഡിപി പ്രമോട്ടര്‍മാര്‍ ഇവരെ കൂപ്പ് റോഡിലൂടെ ആഘോഷസ്ഥലത്ത് എത്തിച്ചത്. 10 ആദിവാസി മൂപ്പന്മാര്‍ക്ക് ഓണക്കോടി നല്‍കി ആദരിച്ചാണ് നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഗോത്ര സൗഹൃദം പരിപാടി ഉദ്ഘാടനം ചെയ്തത്. മൂപ്പന്മാരായ കുങ്കന്‍ മണ്ണള, വീരന്‍ ചിങ്കക്കല്ല്, മാരന്‍ കപ്പപ്പൊട്ടി, കരിയന്‍ ഇരുട്ടുകുത്തി, കറുമ്പന്‍ ചേനപ്പൊട്ടി, വാസുദേവന്‍ പാതിരിപ്പാടം, ശങ്കരന്‍ മണക്കാട്, സോമന്‍ വള്ളിക്കെട്ട, മാരന്‍കുട്ടി ചുങ്കക്കല്ല്, കറുപ്പന്‍ വല്യമ്പാറ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. ആദിവാസി കുടുംബങ്ങളിലെ ഗൃഹനാഥനും നാഥയ്ക്കും ഓണക്കോടി നല്‍കി.
ചടങ്ങില്‍ സ്ഥിരസമിതി ചെയര്‍മാന്‍ മുജീബ് ദേവശേരി ആധ്യക്ഷ്യം വഹിച്ചു. ഉപാസ് മാട്രെസ് എം.ഡി അബ്ദുസ്സമദ്, ശശീന്ദ്രന്‍, എസിഎഫ് വി.പി ജയപ്രകാശ്, മണ്ണള മൂപ്പന്‍ കുങ്കന്‍, കൗണ്‍സിലര്‍ കെ. ശാരദ എന്നിവര്‍ പ്രസംഗിച്ചു. മൂപ്പന്മാരുടെ സാന്നിധ്യത്തില്‍ ആര്യാടന്‍ ഷൗക്കത്ത് തൃക്കാക്കര അപ്പന് സദ്യ വിളമ്പിയതോടെയാണ് ജനകീയം ഓണ സദ്യ ആരംഭിച്ചത്. 14 വിഭവങ്ങളുമായി തൂശനിലയിട്ടാണ് സദ്യ വിളമ്പിയത്. സാമ്പാറുമായി നഗരസഭാ ചെയര്‍മാന്‍ തന്നെ ഇറങ്ങിയപ്പോള്‍ കൈ മെയ് മറന്ന് സദ്യവട്ടങ്ങളുമായി നാട്ടുകാര്‍ ഒന്നടങ്കം ഇറങ്ങി. പരാതി ഇല്ലാതെ ആറു ബ്ലോക്കുകളായി തിരിച്ച് ഒരേസമയം 1000 പേര്‍ക്ക് സദ്യ വിളമ്പി. സദ്യയ്‌ക്കൊപ്പം സ്‌റ്റേജില്‍ ആദിവാസികളുടെ പാട്ടും കലാപരിപാടികളും അരങ്ങേറി. വൈകിട്ട് മഴവില്‍ മനോരമയിലെ മറിമായം ടീമിന്റെ കോമഡി ഷോയും ആസ്വദിച്ചാണ് ആദിവാസികള്‍ മടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























