ചുരുക്കം ചില രാജ്യങ്ങളേ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നുള്ളൂ: ആളുകള്‍ സാമ്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുന്നു; അതിപ്പോള്‍ വൈറസിനോട് പറയാന്‍ പറ്റുമോ ? കൊറോണയുടെ സുനാമി വരുമ്പോള്‍...

ഒമിക്രോണ്‍ ഭീതിയെത്തുടര്‍ന്ന് ലോകം മുഴുവന്‍ വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്താനൊരുങ്ങുകയാണ്. എന്നാല്‍ കൊവിഡിന്റെ ആദ്യഘട്ടത്തില്‍ ചെയ്ത പോലെ സമ്പൂര്‍ണ അടച്ചിടലിന് അപൂര്‍വമായേ രാജ്യങ്ങള്‍ മുതിരുന്നുള്ളൂ എന്നതാണ് വാസ്തവം.
ആളുകള്‍ സാമ്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അപൂര്‍വ്വം രാജ്യങ്ങളേ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നുള്ളൂ.
പുതുതായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നെതര്‍ലാന്‍ഡ്സ് പോലുള്ള സ്ഥലങ്ങളില്‍ ജനം തെരുവിലിറങ്ങി അതിനെതിരെ പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടായി എന്നും യുഎന്‍ ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്...
കൊറോണയുടെ സുനാമി വരുന്‌പോള്‍...
പുതുവര്‍ഷത്തില്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, നിര്‍മ്മിത ബുദ്ധി, സ്മാര്‍ട്ട് ഗവര്‍ണന്‍സ് ഇവയെ കുറിച്ചൊക്കെ എഴുതണമെന്നാണ് പ്ലാന്‍ ചെയ്തിരുന്നത്, അതാണ് ആഗ്രഹവും.
കൊറോണയെപ്പറ്റി രണ്ടു വര്‍ഷമായി എഴുതുന്നു. നാട്ടില്‍ എണ്‍പത് ശതമാനം ആളുകള്‍ക്കും രണ്ടാമത്തെ ഡോസ് വാക്സിന്‍ കിട്ടിക്കഴിഞ്ഞതിനാല്‍ 2022 ല്‍ കൊറോണ വലിയ വിഷയമാകില്ല എന്നാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ കരുതിയിരുന്നത്.
പക്ഷെ കാര്യങ്ങള്‍ പ്രതീക്ഷിച്ചതു പോലെയല്ല പോയതും പോകുന്നതും. കോവിഡ് കാലം തുടങ്ങിയതില്‍ പിന്നെ പ്ലാനുകളില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ഉണ്ടാകുന്നത് ആദ്യമായല്ല, ഇത് അവസാനവും ആകില്ല.
യൂറോപ്പിലും അമേരിക്കയിലും ഒക്കെ കോവിഡിന്റെ പുതിയ തരംഗം സുനാമി പോലെ മുന്നേറുകയാണ്. മുന്‍പത്തെ മൂന്നു തരംഗത്തിലും ഉണ്ടായതിന്റെ മൂന്നും നാലും ഇരട്ടി കേസുകളാണ് ഓരോ രാജ്യത്തും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിന്റെ മൂന്നിലൊന്നു ജനസംഖ്യയുള്ള സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രതിദിന കേസുകള്‍ മുപ്പതിനായിരം ആയി. അമേരിക്കയില്‍ പ്രതിദിന കേസുകളുടെ എണ്ണം ദശലക്ഷത്തോട് അടുക്കുന്നു. പ്രതിദിനം ഒരു ലക്ഷത്തിലധികം കേസുകള്‍ ഉള്ള രാജ്യങ്ങള്‍ പലതായി. ഇന്ത്യ വീണ്ടും അവിടേക്ക് എത്തുന്നു.
കേസുകള്‍ കൂടുന്നു എന്ന് മാത്രമല്ല നമ്മള്‍ തരംഗത്തിന്റെ ഉച്ഛസ്ഥായിയില്‍ ഇതുവരെ എത്തിയിട്ടില്ല എന്നുമാണ് ട്രെന്‍ഡുകള്‍ കാണിക്കുന്നത്. എവിടെയാണ് ഈ തരംഗത്തിന്റെ ഗതി താഴേക്ക് വരുന്നതെന്ന് ഉദാഹരിക്കാന്‍ നമുക്ക് മറ്റൊരു രാജ്യത്ത് നിന്നും മാതൃകയില്ല. ലോക്ക് ഡൌണ്‍ ഉള്‍പ്പടെ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ട് നവംബറിലെ തരംഗത്തെ തിരിച്ചു വിട്ട ഓസ്ട്രിയയിലും നെതര്‍ലാന്‍ഡ്സിലും കേസുകള്‍ വീണ്ടും ഉയരുകയാണ്.
മുന്‍പ് രോഗം ഉണ്ടായിട്ടുള്ളവര്‍ക്കും രണ്ടു ഡോസ് വാക്‌സിനും അതിനപ്പുറം ബൂസ്റ്ററും എടുത്തവര്‍ക്കും രോഗം വരുന്നു.
ഇതിനിടക്കുള്ള ഏക ആശ്വാസം മുന്‍പ് രോഗം ഉണ്ടായിട്ടുള്ളവരിലും ബൂസ്റ്റര്‍ എടുത്തവരിലും രോഗം അത്ര തീഷ്ണമാവുന്നില്ല എന്നത് മാത്രമാണ്. ഇപ്പോള്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് കോവിഡ് രോഗം ഉണ്ടാകുന്‌പോള്‍ ആശുപത്രിയില്‍ എത്തിക്കേണ്ട സാധ്യതയുടെ പത്തിലൊന്നേ വാക്‌സിന്‍ എടുത്തവര്‍ക്ക് ഉള്ളൂ എന്നാണ് ന്യൂ യോര്‍ക്കില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് പറയുന്നത്.
നമ്മള്‍ ചിന്തിക്കേണ്ട കാര്യം, ലോകത്ത് അനവധി പ്രദേശങ്ങളില്‍ ഇപ്പോള്‍ ആഞ്ഞടിക്കുന്ന കോവിഡിന്റെ ഈ വന്പന്‍ തരംഗം കേരളത്തിലും എത്തുമോ എന്നതാണ്.
കേരളത്തിലെ കേസുകള്‍ പ്രതിദിനം രണ്ടായിരത്തിന് താഴെ നിന്നത് വീണ്ടും മുകളിലേക്കാണ്. ഇതിനി ഒന്നാമത്തെ തരംഗത്തിന്റെ ഉച്ഛസ്ഥായിയായിരുന്ന നാല്പതിനായിരം കടക്കുമോ, പ്രതിദിനം ഒരു ലക്ഷത്തിന് മുകളില്‍ പോകുമോ, അതെങ്ങനെ ഒഴിവാക്കാം, അതുണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്നതൊക്കെയാണ് ഇപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത്.
ആളുകള്‍ സാന്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അപൂര്‍വ്വം രാജ്യങ്ങളേ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നുള്ളൂ. പുതുതായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച നെതര്‍ലാന്‍ഡ്സ് പോലുള്ള സ്ഥലങ്ങളില്‍ ജനം തെരുവിലിറങ്ങി അതിനെതിരെ പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടായി. ആളുകള്‍ക്ക് മടുത്തു.
എന്നാല്‍ അതിപ്പോള്‍ വൈറസിനോട് പറയാന്‍ പറ്റുമോ. നിയന്ത്രണങ്ങള്‍ വേണ്ടി വരും. കേരളത്തില്‍ മാത്രമല്ല കേന്ദ്രത്തില്‍ നിന്ന് തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍, യാത്രകള്‍ക്ക് ഉള്‍പ്പടെ, വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം സാധിക്കുന്നവര്‍ക്കൊക്കെ അത് നിര്‍ദ്ദേശിച്ചേക്കും. കേരളത്തിലും പുതിയ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും, നിയന്ത്രണങ്ങളും.
അതൊക്കെ സര്‍ക്കാര്‍ ചിന്തിക്കുന്‌പോള്‍ നമുക്ക് വ്യക്തിപരമായി ചെയ്യാവുന്ന ചിലതുണ്ട്.
1. നമുക്ക് ചുറ്റുമുള്ള ആരെങ്കിലും വാക്‌സിന്‍ എടുക്കാതെ ഉണ്ടെങ്കില്‍ അവരെ അതിന് പ്രേരിപ്പിക്കുക. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് രോഗം വന്നാല്‍ മരിക്കാനുള്ള സാധ്യത വാക്‌സിന്‍ എടുത്തവരെക്കാള്‍ പതിനഞ്ചു മടങ്ങ് വരെ കൂടുതലാണ്. നമ്മുടെ കയ്യില്‍ ഇപ്പോള്‍ ഉള്ള ഏറ്റവും ശക്തമായ പ്രതിരോധം വാക്‌സിന്‍ തന്നെയാണ്.
2. ഒരു ഡോസ് എടുത്തവര്‍ രണ്ടാമത്തേതും, രണ്ടും ലഭിച്ചവര്‍ ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റര്‍ ഡോസും എടുക്കുക.
3. ഒപ്പം വാക്‌സിന്‍ എടുത്തത് കൊണ്ട്, ബൂസ്റ്റര്‍ ഉണ്ടെങ്കില്‍ പോലും, രോഗം വരില്ല എന്ന വിശ്വാസം ഒഴിവാക്കുക.
4. നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഈ വര്‍ഷത്തേക്ക് പുതുക്കി കയ്യില്‍ വക്കുക. ആവശ്യം വന്നാല്‍ സാന്പത്തിക പരാധീനതയില്‍ പെടരുതല്ലോ.
5. മാസ്‌ക്ക്, ഹാന്‍ഡ് വാഷ്, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് എല്ലാം കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കുക.
6. കല്യാണങ്ങള്‍ക്ക് ഒക്കെ ആളുകള്‍ വീണ്ടും ആയിരത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്, സര്‍ക്കാര്‍ നിര്‍ദ്ദേശം എഴുപത്തി അഞ്ചും നൂറ്റന്പതും ഒക്കെ ആണെങ്കിലും. ഇക്കാര്യങ്ങളില്‍ പരമാവധി കരുതല്‍ എടുക്കുക.
7. ഉത്സവങ്ങളും, പെരുന്നാളുകളും, പാര്‍ട്ടി സമ്മേളനങ്ങളും, വോളിബോള്‍ മാച്ചുകളും ആയിരക്കണക്കിന് ആളുകളെ ചേര്‍ത്ത് യാതൊരു സാമൂഹിക അകലവും ഇല്ലാതെ നടത്തുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. നിയമം പാലിച്ചും പാലിപ്പിച്ചും നാട്ടുകാരും പോലീസും മടുത്തു എന്ന് തോന്നുന്നു. ചുരുങ്ങിയത് അടുത്ത ഒരു മാസത്തേക്കെങ്കിലും ഒരല്പം ബ്രേക്ക് ഇടുന്നത് നല്ലതാണ്.
8. മറ്റുള്ളവര്‍ നിയന്ത്രിച്ചാലും ഇല്ലെങ്കിലും അടുത്ത ഒരു മാസക്കാലം നമ്മള്‍ വ്യക്തിപരമായി പരമാവധി സന്പര്‍ക്കം കുറക്കുക. യാത്രകള്‍ അത്യാവശ്യത്തിന് മാത്രമാക്കുക. തീയേറ്റര്‍ പോലുള്ള അടച്ചു പൂട്ടിയതും എ. സി. ഉള്ളതുമായ സാഹചര്യങ്ങളില്‍ സമയം ചിലവഴിക്കാതിരിക്കുക. വിദേശ യാത്ര ചെയ്യുന്നവര്‍ അതിര്‍ത്തികള്‍ അടച്ചിടാനുള്ള സാധ്യത ഉണ്ടെന്ന് മനസ്സില്‍ കാണുക. വര്‍ക്ക് ഫ്രം ഹോം സാധ്യതയുള്ളവര്‍ അടുത്ത ഒരു മാസം അത് ചെയ്യുക.
9. നിങ്ങളുടെ വീട്ടില്‍ പ്രായമായവര്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ ഒക്കെ ഉണ്ടെങ്കില്‍ അവരെ പരമാവധി സംരക്ഷിക്കാന്‍ ശ്രമിക്കുക. അങ്ങനെയുള്ളവരുള്ള വീടുകളില്‍ പോകുന്നത് ഒരു മാസത്തേക്കെങ്കിലും ഒഴിവാക്കുക.
10. ഇതൊക്കെ പറയുന്‌പോഴും നല്ല മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ മനഃപൂര്‍വ്വം ശ്രമിക്കുക. സുഹൃത്തുക്കളെ ചെറിയ ഗ്രൂപ്പ് ആയി കാണുക, പുറത്തിറങ്ങി നടക്കുക, കൂട്ടുകാരും ബന്ധുക്കളുമായി സംസാരിക്കുക. ഓ. ടി. ടി. യില്‍ സിനിമ കാണുക, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എല്ലാം പ്രധാനമാണ്. ഇതൊരു കെട്ട കാലമാണ്, നമുക്ക് അതിജീവിച്ചേ പറ്റൂ,
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha



























