തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനെതിരെ ജീവനക്കാരിയുടെ പരാതി... ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി; ഉദ്യോഗസ്ഥനെ അദാനി ഗ്രൂപ്പ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനെതിരെ ജീവനക്കാരിയുടെ പീഡനകേസ്. എയര്‍പോര്‍ട്ട് ജീവനക്കാരിയാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്ററായ മധുസൂദന ഗിരിയെ അദാനി ഗ്രൂപ്പ് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടര്‍ക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍. നേരത്തെ സെക്കന്ദരാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍പോര്‍ട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പില്‍ ചേര്‍ന്നയാളാണ് മധുസൂദന ഗിരി.
അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജന്‍സികള്‍ വഴി താല്‍ക്കാലികമായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. ഇത്തരത്തില്‍ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് ഇപ്പോള്‍ ഗിരിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഈ മാസം നാലിന് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പോലീസിന് പുറമെ അദാനി ഗ്രൂപ്പിനും യുവതി പരാതി നല്‍കിയിരുന്നു.
വിഷയത്തില്‍ അദാനി ഗ്രൂപ്പ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഒരു ജീവനക്കാരനെതിരെ ലൈംഗീക പീഡന പരാതി വന്നിട്ടുണ്ടെന്നും പരാതി വന്ന സാഹചര്യത്തില്‍ നടപടി എടുത്തിട്ടുണ്ടെന്നുമാണ് കമ്പനി വിശദീകരണം നല്‍കിയത്. മധുസൂദന ഗിരിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു അദാനി ഗ്രൂപ്പിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha























