കോവിഡ് കുതിച്ചുയരുന്നു... സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതോടെ കര്‍ശന നിയന്ത്രണം; വി.എസ്.അച്യുതാനന്ദന് കോവിഡ്; സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി; പ്രമുഖര്‍ക്ക് പലര്‍ക്കും കോവിഡ്

സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. വ്യാഴാഴ്ച കേരളത്തില്‍ പ്രതിദിന കോവിഡ് കേസില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 46,387 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.
കോവിഡ് മൂന്നാം തരംഗം പ്രമുഖരേയും ബാധിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്.
മമ്മൂട്ടിക്ക് പിന്നാലെ നടന്‍ ദുല്‍ഖര്‍ സല്‍മാന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാല്‍ സാരമില്ലെന്നും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ദുല്‍ഖര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേറ്റ് ചെയ്യണമെന്നും കൊവിഡ് ടെസ്റ്റ് ചെയ്യണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്. മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ദുല്‍ഖര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ദിവസങ്ങള്‍ക്കുമുമ്പാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഷൂട്ടിംഗ് നിറുത്തിവയ്ക്കുകയായിരുന്നു. നടന്‍ സുരേഷ് ഗോപിക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കെല്ലാം നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. അതിനാല്‍ തന്നെ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ല.
നടനും എം.പിയുമായ സുരേഷ് ഗോപിക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചു. മുന്‍കരുതലുകള്‍ എടുത്തിട്ടും താന്‍ കൊവിഡ് പോസിറ്റീവായെന്ന് സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതായും താരം അറിയിച്ചു. ചെറിയ പനിയൊഴിച്ചാല്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 40.21. സംസ്ഥാനത്തെ ആകെ മരണം 51,501 ആയി. ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
അതേസമയം കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങളിലെ കോവിഡ് നില ആശങ്കാജനകമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. 40 ശതമാനത്തിലേറെ. രാജ്യത്തെ 8.79% കേസുകളും കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലുമാണ്. തിരഞ്ഞെടുപ്പു നടക്കുന്ന യുപിയിലും സ്ഥിതി ഭദ്രമല്ല. തമിഴ്‌നാടും ഡല്‍ഹിയുമാണ് ആശങ്കപ്പെടുത്തുന്ന മറ്റു 2 സംസ്ഥാനങ്ങള്‍.
രണ്ടാം തരംഗവുമായുള്ള താരതമ്യത്തില്‍ ഇപ്പോള്‍ മരണം കുറവാണ്. രണ്ടാം തരംഗ സമയത്ത് പ്രതിദിന കേസുകള്‍ 3 ലക്ഷം കവിഞ്ഞപ്പോള്‍ മരണം 3000 കടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ 3 ലക്ഷം കേസുകളും 400 മരണവുമെന്ന തോതിലാണ് പ്രതിദിന കണക്ക്. അന്ന് ആദ്യ ഡോസ് വാക്‌സീനെടുത്ത 2% പേരാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് 72% പേരും 2 ഡോസുമെടുത്തു എന്നതാണു വ്യത്യാസം. അതേസമയം, ആദ്യ ഡോസ് എടുത്ത 6.5 കോടി പേര്‍ ഇപ്പോഴും രണ്ടാം ഡോസ് എടുത്തിട്ടില്ല.
കോവിഷീല്‍ഡിനും കോവാക്‌സിനും പൂര്‍ണ ഉപയോഗാനുമതി നല്‍കാന്‍ വിദഗ്ധസമിതി ശുപാര്‍ശ നല്‍കി. അന്തിമ തീരുമാനമെടുക്കേണ്ടത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ്. പൂര്‍ണാനുമതി ലഭിച്ചാലും പൊതുവിപണിയില്‍ ലഭ്യമാകാന്‍ സമയമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു.
"
https://www.facebook.com/Malayalivartha


























