കണ്ണൂർ സർവകലാശാലാ വി.സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിന് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് മുൻകൈയെടുത്തത്; കണ്ണൂർ സർവകലാശാല വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂർ സർവകലാശാല വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും എതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരിക്കുകയാണ്. കണ്ണൂർ സർവകലാശാലാ വി.സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിന് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് മുൻകൈയെടുത്തതെന്നാണ് അദ്ദേഹം ആരോപിച്ചത് .
തന്റെ നിർദേശപ്രകാരമാണ് വി.സി.ക്ക് പുനർനിയമനം നൽകാൻ മന്ത്രി ആർ. ബിന്ദു കത്തുനൽകിയതെന്ന ആരോപണത്തിന്റെ മുന ഗവർണർ ഒടിച്ചു . വി.സി.ക്ക് പുനർനിയമനം നൽകണമെന്ന നിർദേശം സമർപ്പിക്കാൻ പ്രൊ-ചാൻസലറെന്നനിലയിൽ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് അനുമതിനൽകണമെന്നത്അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമായിരുന്നു .
ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണറുടെ ഓഫീസിൽനിന്ന് നൽകിയ കത്തിനെ ഇത് വരെ നടന്ന സംഭവങ്ങളുടെ ഭാഗമായി കാണണമെന്നും രാജ്ഭവൻ വ്യക്തമാക്കിയിരിക്കുന്നു. ഡോ. ഗോപിനാഥിന് പുനർനിയമനം ലഭിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹൻ, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥ്, മന്ത്രി ആർ. ബിന്ദു എന്നിവരായിരുന്നു ഇടപെട്ടത്.
മന്ത്രി ബിന്ദുവിന്റെ ഇടപെടലുകൾ അധികാര ദുർവിനിയോഗമാണെന്നു ആരോപിച്ച് രമേശ് ചെന്നിത്തല ഹർജി നൽകിയിരുന്നു.ഈ ഹർജിയിൽ ലോകായുക്ത വെള്ളിയാഴ്ച വിധിപറയാനിരിക്കെയാണ് ഗവർണറുടെ പത്രക്കുറിപ്പ് പുറത്ത് വന്നത്. കഴിഞ്ഞ ദിവസം ഈ കേസ് ലോകായുക്ത പരിഗണിച്ചിരുന്നു. അപ്പോൾ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് നൽകിയ കത്ത് ഹാജരാക്കി. വി.സി. സ്ഥാനത്തേക്ക് നിർദേശം സമർപ്പിക്കാൻ ഗവർണർ മന്ത്രിക്ക് അനുമതിനൽകിയിരുന്നു.
അതുകൊണ്ട് മന്ത്രിയുടെ കത്ത് അധികാര ദുർവിനിയോഗമല്ല എന്നായിരുന്നു സർക്കാർ ഉയർത്തുന്ന വാദം. ഇതേ തുടർന്നാണ് രാജ്ഭവൻ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. ഗവർണ്ണർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വി.സി. നിയമനപ്രക്രിയയുടെ ആദ്യംമുതലുള്ള നാൾവഴിയും തീയതിയും സമയവുംവെച്ച് വിശദമാക്കിയിട്ടുണ്ട്. അത് ഇങ്ങനെ ആണ് :
നവംബർ- 21ന് രാവിലെ 11.30ന് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതുസരിച്ച് അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥ് ഗവർണറെക്കണ്ട് ഡോ. ഗോപിനാഥ് രവീന്ദ്രന് ഒരു ടേം കൂടി നൽകാൻ സർക്കാരിന് താത്പര്യമുണ്ട് എന്ന കാര്യം അറിയിച്ചു . ഇതിനുള്ള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ശുപാർശ പിന്നാലെ വരുമെന്നും വ്യക്തമാക്കി.
വി.സി. നിർണയ നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ നിയമപരമായി ഇത് നിൽക്കുമോയെന്ന സംശയം ഗവർണർ പ്രകടിപ്പിക്കുകയുണ്ടായി.
സർക്കാർ നിയമോപദേശം തേടിയെന്നു പറഞ്ഞ് ടൈപ്പ് ചെയ്ത കുറച്ച് കടലാസുകൾ കാണിക്കുകയും ചെയ്തു. ഇത് ആരുടെ അഭിപ്രായമെന്നു ചോദിച്ചപ്പോൾ അഡ്വക്കേറ്റ് ജനറലിന്റേതാണെന്നു പറയുകയും ചെയ്തു. എ.ജി.യുടേതെങ്കിൽ ഒപ്പും സീലും വേണമെന്ന് ഗവർണർ നിർദേശിക്കുകയുണ്ടായി.
ഉച്ചയ്ക്ക് 1.30ന് ഡോ. ഗോപിനാഥിനെ വി.സി.യായി പുനർനിയമിക്കണമെന്ന താത്പര്യം പ്രകടിപ്പിക്കുന്നതും അദ്ദേഹത്തിന്റെ യോഗ്യതകൾ വിശദീകരിക്കുന്നതുമായ മന്ത്രി ആർ. ബിന്ദുവിന്റെ കത്ത് കിട്ടി . വി.സി. നിർണയ സമിതിയെ നിയമിച്ച വിജ്ഞാപനം റദ്ദുചെയ്യണമെന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സർക്കാരിന്റെ വിജ്ഞാപനം റദ്ദ് ചെയ്യാനുള്ള അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നവംബർ -22 ഉച്ചയ്ക്ക് 12.10ന് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹനും നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥും എത്തി ഇതേ ആവശ്യം വീണ്ടും ആവർത്തിച്ചു. എ.ജി.യുടെ ഒപ്പും സീലും പതിച്ച നിയമോപദേശവും നൽകുകയുണ്ടായി. ഡോ. ഗോപിനാഥിന് പുനർനിയമനം നൽകുന്നതിൽ നിയമപ്രശ്നങ്ങളില്ല. അതുക്കൊണ്ട് 60 വയസ്സെന്ന സർവകലാശാലാ നിയമത്തിലെ പ്രായപരിധി യു.ജി.സി. റഗുലേഷന് വിരുദ്ധമായതിനാൽ നിലനിൽക്കില്ലെന്നും എട്ടുപേജുള്ള നിയമോപദേശത്തിൽ എ.ജി. പറഞ്ഞു
ഇതിനോട് യോജിക്കുന്നെങ്കിൽ വി.സി.ക്ക് പുനർനിയമനം നൽകാനുള്ള ശുപാർശ സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രിക്ക് അനുമതി നൽകണമെന്നും നിയമോപദേശത്തിൽ പറഞ്ഞിരുന്നു. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം ഗവർണർ അംഗീകരിച്ചത്. വൈകുന്നേരം 4.30ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.സി. നിർണയസമിതിയുടെ വിജ്ഞാപനം റദ്ദാക്കാനും വി.സി.ക്ക് പുനർനിയമനം നൽകണം എന്നാവശ്യപ്പെടുന്ന നിർദേശം സമർപ്പിക്കാനും സർക്കാരിന് അനുമതിനൽകി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി.
രാത്രി 10.10ന് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ പേര് നിർദേശിക്കുന്ന മന്ത്രിയുടെ കത്ത് രാജ്ഭവനിൽ കിട്ടുകയുണ്ടായി. നവംബർ -23ന് ഡോ. ഗോപിനാഥിന് പുനർനിയമനം നൽകിയുള്ള വിജ്ഞാപനം രാജ്ഭവൻ പുറത്തിറക്കി. കണ്ണൂർ സർവകലാശാലാ വി.സി. നിയമനപ്രക്രിയയുടെ കാര്യത്തിൽ സംഭവിച്ചത് ഇതൊക്കെയായിരുന്നുവെന്നാണ് രാജ്ഭവൻ വിശദമാക്കുന്നത്.
https://www.facebook.com/Malayalivartha
























