സുരക്ഷാ അനുമതി നിഷേധിച്ചത് അതീവ ഗുരുതരമായ കാരണങ്ങളാൽ! മീഡിയ വൺ ചാനലിന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് വീണ്ടും പ്രാബല്യത്തിൽ... ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് മീഡിയ വൺ മാനേജ്‌മെന്റ് തീരുമാനം

സുരക്ഷാ അനുമതി നിഷേധിച്ചത് അതീവ ഗുരുതരമായ കാരണങ്ങളാൽ മീഡിയ വൺ ചാനലിന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് വീണ്ടും പ്രാബല്യത്തിൽ. ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് മീഡിയ വൺ മാനേജ്‌മെന്റ് തീരുമാനം എന്നാണ് ലഭ്യമായ വിവരം. മീഡിയ വണ്ണിന്റെ സംപ്രേക്ഷണ വിലക്ക് നീക്കാനാവശ്യപ്പെട്ട് മാധ്യമം ബ്രോഡ്‌കാസ്‌റ്റ് ലിമിറ്റഡ് നൽകിയ ഹർജി ഹൈക്കോടതി തളളിയതോടെയാണ് വീണ്ടും വിലക്ക് പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ ദിവസം ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി കേന്ദ്ര ഉത്തരവ് സ്‌റ്റേ ചെയ്‌തിരുന്നു.
ഇതിന് പിന്നാലെ ഇന്ന് പ്രത്യേകം സീൽ ചെയ്‌ത കവറിൽ ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിന്റെ രേഖകൾ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഈ റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മാധ്യമത്തിന്റെ ഹർജി തളളിയത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നും കോടതി ഇതിൽ ഇടപെടരുതെന്നും കേന്ദ്രം കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. ഒപ്പം മീഡിയ വണിലെ ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും കേസിൽ കക്ഷിചേരുന്നതിനെയും കേന്ദ്രം എതിർത്തിരുന്നു. കാലാകാലങ്ങളായി കേന്ദ്ര സർക്കാർ സുരക്ഷയുമായി ബന്ധപ്പെട്ട മാർഗരേഖകൾ പുന:പരിശോധിക്കാറുണ്ടെന്നും അതനുസരിച്ച് മാത്രമേ തീരുമാനങ്ങളെടുക്കൂ എന്നും കോടതിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























