വിവാഹ സമയത്ത് നൽകിയ 500 പവൻ സ്വർണാഭരണങ്ങൾ ധൂർത്തടിച്ചു; മൂന്ന് കോടിയോളം രൂപ ഇതിനോടകം സ്ത്രീധനമെന്ന പേരിൽ വാങ്ങിയെടുത്തെന്ന് മുൻ എംഎൽഎയുടെ മകളുടെ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്
സ്ത്രീധന പീഡനം വർധിച്ചുവരുന്ന ഈ കാലത്ത് ദിനംപ്രതി നിരവധി വാർത്തകളാണ് പുറത്ത് വന്നത്. ഇപ്പോഴിതാ മുൻ എംഎൽഎയുടെ മകളുടെ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തതായി റിപ്പോർട്ട്. അന്തരിച്ച മുൻ ചവറ എംഎൽഎ എൻ.വിജയൻ പിള്ളയുടെ മകൾ ലക്ഷ്മിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിവാഹ സമയത്ത് നൽകിയ 500 പവൻ സ്വർണാഭരണങ്ങൾ പ്രതികൾ ധൂർത്തടിച്ചതായും, മൂന്ന് കോടിയോളം രൂപ ഇതിനോടകം സ്ത്രീധനമെന്ന പേരിൽ വാങ്ങിയെടുത്തെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിൽ മുൻ എംഎൽഎയുടെ മരുമകൻ ജയകൃഷ്ണൻ, അച്ഛൻ രാധാകൃഷ്ണൻ, അമ്മ എസ് അംബികാദേവി, സഹോദരൻ ജ്യോതി കൃഷ്ണൻ എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
അതോടൊപ്പം തന്നെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പ്രതികൾ നാളുകളായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളതായാണ് റിപോർട്ട്.
https://www.facebook.com/Malayalivartha