നേതാക്കള്‍ക്ക് വെള്ളിവീണു... സില്‍വര്‍ലൈന്‍ പദ്ധതി കടന്ന് പോകുന്ന പ്രദേശത്തെ ജനങ്ങളെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ വന്ന സിപിഎം നേതാക്കളെ തുരത്തി നാട്ടുകാര്‍; ശബരിമല പ്രക്ഷോഭ കാലത്തെ വീടുവീടാന്തരമുള്ള വിശദീകരണത്തേക്കാള്‍ കഠിനം

മലയാളികള്‍ക്ക് വീട് കുടുംബം എന്നൊക്കെ പറയുന്നത് വൈകാരികമാണ്. അതില്‍ തൊട്ട് കളിച്ചാല്‍ ഏത് പൊന്നു തമ്പുരാനായാലും വിടില്ല എന്ന് കാണിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ജനങ്ങളുടെ കനത്ത എതിര്‍പ്പിനെ തണുപ്പിക്കാനിറങ്ങിയ സിപിഎം നേതാക്കള്‍ക്ക് ശബരിമല പ്രക്ഷോഭ കാലത്തെ വീടുവീടാന്തരമുള്ള വിശദീകരണത്തേക്കാള്‍ കഠിനമായി. സഖാവിന്റെ വീടില്‍ കല്ലിട്ടാല്‍ സഖാവ് പൊറുക്കുമോ എന്ന ചോദ്യത്തിന് മുമ്പില്‍ പലരും പതറി.
സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുന്ന വെണ്‍മണി പുന്തലയില്‍ വിശദീകരണത്തിനെത്തിയ സിപിഎം നേതാക്കള്‍ക്കാണ് വലിയ പ്രതിഷേധം നേരിട്ടത്. ഇതുവഴി ലൈന്‍ കടന്നുപോകുന്നതിനു യോജിപ്പുള്ള ആളല്ല താനെന്നു ലോക്കല്‍ കമ്മിറ്റി അംഗം വിശദീകരണത്തിനിടെ പറഞ്ഞതു പാര്‍ട്ടിയില്‍ വിവാദമായി.
കഴിഞ്ഞദിവസം വെണ്‍മണി പഞ്ചായത്ത് 9–ാം വാര്‍ഡ് പുന്തലയിലെത്തിയ ജനപ്രതിനിധികളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരെയാണു ശകാര വര്‍ഷവുമായി നാട്ടുകാര്‍ നേരിട്ടത്. ഒരു ന്യായീകരണവും കേള്‍ക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാന്‍ തയാറല്ലെന്നും ഇവര്‍ നേതാക്കളോടു പറഞ്ഞു. അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ നിങ്ങളുടെ വസ്തു ഞങ്ങള്‍ക്ക് എഴുതി തരൂ, അപ്പോള്‍ വീടു വിട്ടിറങ്ങാം എന്നും ചിലര്‍ പറഞ്ഞു.
വിശദീകരണം ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വാങ്ങാനും നാട്ടുകാര്‍ തയാറായില്ല. പ്രതിഷേധം കനത്തതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എത്തിയതാണെന്നു പറഞ്ഞു നേതാക്കള്‍ തടിതപ്പി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെ നിങ്ങളുടെ വീടുകള്‍ നഷ്ടമാകുന്നതിനോ ഇതുവഴി ലൈന്‍ കടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല താന്‍ എന്നു ലോക്കല്‍ കമ്മിറ്റി അംഗം പറയുന്നതും വിഡിയോയിലുണ്ട്.
വെണ്‍മണി പഞ്ചായത്തില്‍ 1.70 കിലോമീറ്റര്‍ ദൂരത്തിലാണു ലൈന്‍ കടന്നുപോകുന്നത്. 2.06 ഹെക്ടര്‍ ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകും.
അതേസമയം നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമാണെന്നു സര്‍ക്കാര്‍ വിജ്ഞാപനത്തില്‍തന്നെ വ്യക്തമാണ്. പദ്ധതിക്കായി ഇപ്പോള്‍ ഭൂമി ഏറ്റെടുക്കില്ലെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഏറ്റെടുക്കേണ്ട ഭൂമിയിലെ മരങ്ങള്‍ ഉള്‍പ്പെടെ മുറിച്ചുമാറ്റി, അടയാളങ്ങള്‍ നല്‍കിയുള്ള സര്‍വേയെക്കുറിച്ചു വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, അതിരടയാളക്കല്ലുകളെക്കുറിച്ചു വിജ്ഞാപനത്തില്‍ പറയുന്നുമില്ല.
ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയല്ല സര്‍വേ എന്നാണു നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ വാദം പൊളിയുകയാണ്. 1961ലെ കേരള സര്‍വേയും അതിര്‍ത്തിയും സംബന്ധിച്ച നിയമത്തിലെ 6(1)ാം വകുപ്പു പ്രകാരമാണു കഴിഞ്ഞ ഒക്ടോബര്‍ 5 നു സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേന്ദ്രാനുമതിക്കുശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ എന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. സര്‍വേയുടെ ഉദ്ദേശ്യം ഭൂമി ഏറ്റെടുക്കലാണെന്നു വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടിയതു കേവലം സാങ്കേതികം മാത്രമാണെന്നാണു സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
അതേസമയം വീടുകയറിയുള്ള പ്രചരണത്തില്‍ വലിയ പ്രതിഷേധം ഉണ്ടാക്കുന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്.
"
https://www.facebook.com/Malayalivartha