പൊതുപണിമുടക്ക് കഠിനം... കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പൊതുപണിമുടക്ക് ആരംഭിച്ചു; നാളെ രാത്രി 12 വരെ പണിമുടക്ക് തുടരും; പണിമുടക്കില്‍ ഇടത് വലത് മുന്നണികള്‍ യോജിച്ചതോടെ കേരളത്തില്‍ പണിമുടക്ക് പൂര്‍ണം

ജനങ്ങളെ വലച്ച് കൊണ്ടുള്ള സംയുക്ത ട്രേഡ് യൂണിയന്റെ 48 മണിക്കൂര്‍ പൊതുപണിമുടക്ക് ആരംഭിച്ചു. പണിമുടക്കില്‍ ഇടത് വലത് മുന്നണികള്‍ യോജിച്ചതോടെ ബുദ്ധിമുട്ടുകള്‍ കൂടും. കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനാണ് 48 മണിക്കൂര്‍ പൊതുപണിമുടക്ക് ആഹ്വാനം ചെയ്തത്. നാളെ രാത്രി 12 വരെയാണു പണിമുടക്ക്. അവശ്യ സര്‍വീസുകളെ പണിമുടക്കു ബാധിക്കില്ലെന്നു തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു.
ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ എല്ലാ സംഘടനകളും സമരത്തില്‍ ഇല്ലെങ്കിലും മിക്ക ബാങ്കുകളും പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. എടിഎമ്മുകളില്‍ പണമുണ്ടെന്നു ബാങ്കുകള്‍ അറിയിച്ചു. ആശുപത്രി, വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കു കെഎസ്ആര്‍ടിസി പരമാവധി സര്‍വീസുകള്‍ നടത്തുമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. വേണ്ടത്ര യാത്രക്കാരുണ്ടെങ്കില്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്നു സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടര്‍ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ കട, കമ്പോളങ്ങള്‍ അടച്ചിട്ട് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടു.
പൊതുപണിമുടക്കില്‍ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. പണിമുടക്കിന് തുടക്കം കുറിച്ച് തൊഴിലാളികള്‍ തിരുവനന്തപുരം റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പ്രകടനം നടത്തി.
പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. മോട്ടര്‍ മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കുന്നതിനാല്‍ വാഹനഗതാഗതത്തെ പണിമുടക്ക് ബാധിക്കുമെന്നാണ് സൂചന.
പൊതുപണിമുടക്കു നടക്കുന്ന 28നും 29 നും വൈദ്യുതി വിതരണം മുടങ്ങാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. വൈദ്യുതി പ്രസരണ, വിതരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഉന്നത ഉദ്യോഗസ്ഥരോടും ഈ ദിവസങ്ങളില്‍ ജോലിക്കു ഹാജരാകണമെന്നും ഓഫിസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ ബോര്‍ഡിന്റെ അടിയന്തര സേവന, അറ്റകുറ്റപ്പണി വിഭാഗത്തെ സജ്ജമാക്കി നിര്‍ത്തും. ബോര്‍ഡിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
വൈദ്യുതി തടസ്സം ഉണ്ടായാല്‍ അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍: 1912 . ബോര്‍ഡ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍: 0471 2448948, 9446008825. ബോര്‍!ഡിന്റെ ഫെയ്‌സ്ബുക്, വാട്‌സാപ് എന്നിവയിലൂടെയും പരാതി അറിയിക്കാം. ചീഫ് എന്‍ജിനീയര്‍മാരെ നേരിട്ട് വിളിക്കാന്‍: തിരുവനന്തപുരം 9446008011, എറണാകുളം 9446008201, കോഴിക്കോട് 9446008204, കണ്ണൂര്‍ 9496010000 എന്നീ നമ്പരുകളും സജ്ജമാണ്.
അതേസമയം ദേശീയ പണിമുടക്കിന്റെ പേരില്‍ വൈദ്യുതി ബോര്‍ഡില്‍ സിപിഎം അനുകൂല ഓഫിസര്‍മാരുടെ സംഘടനയും ചെയര്‍മാനും വീണ്ടും കൊമ്പുകോര്‍ക്കുന്നു. പണിമുടക്കിന്റെ ഭാഗമായി ഓഫിസില്‍ ഹാജരാകാത്ത ഓഫിസര്‍മാരുടെ പ്രമോഷന്‍ തടയുമെന്നു സീനിയര്‍ ഓഫിസര്‍മാരുടെ യോഗം വിളിച്ചുകൂട്ടി ബോര്‍ഡ് ചെയര്‍മാന്‍ ഭീഷണി മുഴക്കിയതായി കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
"
https://www.facebook.com/Malayalivartha