സംസ്ഥാനത്ത് പലയിടത്തും പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്ന സാഹചര്യം! രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തില്‍ ശക്തം.. ബംഗാളില്‍ ട്രെയിന്‍ തടഞ്ഞു!

രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് പുറമെ കേന്ദ്ര സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാണ്. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, പൊതു മേഖല സ്വകാര്യവത്കരണം നിര്‍ത്തിവയ്ക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ആശുപത്രി, ആംബുലന്‍സ്,പാല്‍, പത്രം, മരുന്ന് കടകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘടിത-അസംഘടിത മേഖലയിലെ 25 കോടി തൊഴിലാളികള്‍ പണിമുടക്കില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ രണ്ടു ദിവസത്തെ ഗ്രാമീണ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ പണിമുടക്ക് കേരളത്തില്‍ ശക്തമായി തുടരുകയാണ്. സംസ്ഥാനത്ത് പലയിടത്തും പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്ന സാഹചര്യം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലും പണിമുടക്ക് അനുകൂലികള്‍ ഇടപെട്ട് വാഹനങ്ങള്‍ തടയുകയും, കടകള്‍ അടപ്പിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പണിമുടക്ക് അനുകൂലികള്‍ റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ തടയുന്ന നിലയുണ്ടായി. പൊലീസ് സാന്നിധ്യത്തിലായിരുന്നു നടപടി. എന്നാല്‍ ആരുടെയും യാത്ര മുടക്കുന്നില്ലെന്നും, ബോധവത്കരിക്കുകയാണ് ചെയ്യുന്നത് എന്നുമായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം. പത്തനംതിട്ടയിലും പണിമുടക്ക് പൂര്‍ണമാണ്.
കാസര്‍ഗോഡ് ദേശീയ പാതയില്‍ സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തൃശ്ശൂരിലെ വിവിധ ഇടങ്ങളിലും, വയനാട് കമ്പളക്കാടും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം കാലടിയില്‍ വാഹനങ്ങള്‍ തടഞ്ഞു. എംസി റോഡില്‍ ലോറികള്‍ തടഞ്ഞ് തിരിച്ചയക്കുന്ന നിലയുണ്ടായി. സംസ്ഥാനത്തെ പ്രധാന വ്യവസായ മേഖലയായ കഞ്ചിക്കോടും പണിമുടക്ക് പൂര്‍ണമാണ്. പാലക്കാട് മരുത റോഡില്‍ ദേശീയ പാത ഉപരോധിക്കുന്ന നിലയുണ്ടായി. മലപ്പുറം എടവണ്ണപ്പാറയില്‍ കടകള്‍ പണിമുടക്ക് അനുകൂലികള്‍ ബലമായി അടപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കേരളത്തില്‍ ഇന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാവുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും നടപ്പായില്ല. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുര്‍ണ്ണമായി നിലച്ച നിലയിലാണ്. ടൂറിസം മേഖലയെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും വിനോദ സഞ്ചാരികളെയും പ്രതിഷേധം ബാധിച്ചു. ഹൗസ് ബോട്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ പണിമുടക്കിന്റെ ഭാഗമായതോടെ വിനോദ സഞ്ചാരികള്‍ വലഞ്ഞു.
അതേസമയം, കേരളത്തിന് പുറത്ത് പണിമുടക്ക് ജന ജീവിതത്തെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് പൊതുഗതാഗതത്തെയും വ്യാപാരത്തെയും ബാധിച്ചപ്പോള്‍ രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ സാധാരണ നിലയിലാണ്. ബംഗാളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. റായ്പുരിലെ ജാദവ് പൂര്‍ റെയില്‍വെ സ്റ്റേഷനിലായിരുന്നു ഇടത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്. ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കൽക്കരി വ്യവസായ മേഖലയെയും പണിമുടക്ക് ബാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha