കെ റെയിൽ സിൽവർ ലൈൻ പദ്ധതിയോട് യോജിപ്പ് ഇല്ലെന്ന് പരസ്യമായി തുറന്നു പറഞ്ഞ് സിപിഎം പ്രാദേശിക നേതാവ്; ആലപ്പുഴ വെണ്മണി പഞ്ചായത്തിൽ സിൽവർ ലൈൻ അനുകൂല പ്രചരണത്തിന് പാർട്ടി പ്രവർത്തകർ വീട് കയറുമ്പോളായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്

കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ വമ്പൻ പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. കോൺഗ്രസ് സമരക്കാരെ വേഷം കെട്ടി ഇറക്കിയിരിക്കുകയാണ് എന്ന ആരോപണം പലപ്പോഴും സർക്കാർ അനുഭാവികൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഒരു സിപിഎം നേതാവ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
കെ റെയിൽ സിൽവർ ലൈൻ പദ്ധതിയോട് യോജിപ്പ് ഇല്ലെന്ന് പരസ്യമായി തുറന്നു പറഞ്ഞ് സിപിഎം പ്രാദേശിക നേതാവ്. ആലപ്പുഴ വെണ്മണി പഞ്ചായത്തിൽ സിൽവർ ലൈൻ അനുകൂല പ്രചരണത്തിന് പാർട്ടി പ്രവർത്തകർ വീട് കയറുമ്പോൾ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നു . ഇതിനിടെയാണ് വെണ്മണി കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം കെ.എസ്. ഗോപിനാഥൻ എതിർപ്പ് തുറന്നു പറഞ്ഞത് .
ഇതുവഴി കെ റെയിൽ കടന്നുപോകുന്നതിനോട് യോജിപ്പില്ലെന്നും നിങ്ങളുടെ വീടും വസ്തുവും പോകുന്നതിനോടും യോജിപ്പില്ല എന്നും കെ.എസ്. ഗോപിനാഥ് ജനങ്ങളോട് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഈ വീഡിയോ നവമാധ്യമങ്ങളിൽ വൈറലായി മാറുകയുംചെയ്തു. ഒമ്പതാംവാര്‍ഡായ പുന്തലയിലെത്തിയ നേതാക്കള്‍ക്കുനേരെയാണ് ശകാരവുമായി നാട്ടുകാരെത്തിയത്. ലഘുലേഖകള്‍ വാങ്ങാനും ആരും തയ്യാറായില്ല. ന്യായീകരണം കേള്‍ക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാന്‍ തയ്യാറല്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം കെ റെയിൽ സമരം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ക്ലിഫ് ഹൗസിൻറെ സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ക്ലിഫ് ഹൗസ് കോമ്പൗണ്ടിനറെ ചുറ്റുപാടുകൾ മുഴുവൻ പൊലീസ് പിക്കറ്റിംഗ് തുടങ്ങി കഴിഞ്ഞു. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മന്ത്രി മന്ദിരത്തിൽ കയറി യുവമോർച്ചാ പ്രവർത്തകർ കല്ലിട്ടിരുന്നു . ഈയൊരു സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത് . പൊലീസിൻറെ കണ്ണുവെട്ടിച്ച് യുവമോർച്ച പ്രവർത്തകർ ക്ലിഫ് കോമ്പൗണ്ടിൽ കടന്നത് വീഴ്ചയായി ചൂണ്ടിക്കാട്ടിയിരുന്നു.
ക്ലിഫ് ഹൗസിലെ പ്രധാന കവാടത്തിൽ മാത്രമായിരുന്നു പൊലീസ് ശ്രദ്ധ കേന്ദീകരിച്ചത്. പക്ഷേ ക്ലിഫ് കോമ്പൗണ്ടിൻെറ പിന്നിലൂടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെ സമരക്കാർ പ്രവേശിക്കുകയായിരുന്നു. ഈ സംഭവം നടന്നതോടെ സുരക്ഷ ഓഡിറ്റ് നടത്തി. ഇതിനു പിന്നാലെയാണ് ദേവസ്വം ബോർഡ് ജംഗ്ഷൻ, വൈഎംആർ റോഡ്, ബേസ് കോമ്പൗണ്ട്, ഇടറോഡുകള്‍ എന്നിവടങ്ങളിൽ പൊലീസ് പിക്കറ്റ് തുടങ്ങിയത്. ബൈക്കിലും ജീപ്പിലും 24 മണിക്കൂർ പട്രോളിംഗും തുടങ്ങിയിട്ടുണ്ട്.
ക്ലിഫ് ഹൗസിൻെറ പിൻഭാഗം പൂർണമായും മറച്ചു വയ്ക്കുകയും ചെയ്തു . എല്ലായിടത്തും സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിച്ചു. ക്ലിഫ് ഹൗസിൽ സുരക്ഷക്ക് മതിയായ പൊലീസുള്ളതിനാൽ കൂടുതൽ സേനാഗംങ്ങളെ നിയോഗിക്കേണ്ടതില്ലെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. ക്ലിഫ് ഹൗസിൻെറ സുരക്ഷയ്ക്കായി മാത്രം ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ചെയ്യും . സ്റ്റേറ്റ് ഇൻഡ്രസിട്രിൽ സെക്യൂരിറ്റി ഫോഴ്സിന് സുരക്ഷ ചുമതല കൈമാറാനുള്ള ചർച്ചയും സജീവമായി കഴിഞ്ഞിരിക്കുന്നു.
കെ റെയിൽ പ്രതിഷേധങ്ങളിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടൽ ഉണ്ടാകും. ക്രമസമാധാനം തകർന്നാൽ ജനങ്ങളുടെ വിശ്വാസം നഷ്ടമാകും. എന്നാൽ സർക്കാർ ഭരണ കാര്യങ്ങളിൽ ഇടപെടലിനില്ലെന്നും സർക്കാരിനുള്ള നിർദ്ദേശം മാധ്യമങ്ങളിലൂടെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha



























