സ്ലീപ്പര്‍ ക്ലാസ്സ് ടിക്കറ്റ് വിതരണം സംബന്ധിച്ച വിവാദ തീരുമാനത്തെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേ മരവിപ്പിച്ചു

പകല്‍ യാത്രചെയ്യുന്നവര്‍ക്കുള്ള സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ സാധാരണ കൗണ്ടറുകളിലൂടെ വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കിയ വിവാദ തീരുമാനം ദക്ഷിണ റെയില്‍വേ താല്‍ക്കാലികമായി മരവിപ്പിച്ചു. ജനങ്ങളുടെ ശക്തമായ പ്രതിഷേധവും കേരളത്തിലെ പ്രത്യേക സാഹചര്യവും കണക്കിലെടുത്താണ് ഉത്തരവ് മരവിപ്പിച്ചത്. നിയന്ത്രണ ഉത്തരവ് നടപ്പാക്കേണ്ടെന്ന് ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ടെലിഫോണിലൂടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്കു നിര്‍ദേശം നല്‍കി.
പരിഷ്‌കാരം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതിനൊപ്പം, റെയില്‍വേയുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തുമെന്നും രണ്ട് ഡിവിഷനുകളും ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ദക്ഷിണ റെയില്‍വേ വിട്ടുവീഴ്ചയ്ക്കു തയാറായത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും തല്‍സമയ ടിക്കറ്റ് കൗണ്ടറുകള്‍ വഴി പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍, എ.സി, ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍ തല്‍ക്കാലം ലഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.
കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെയാണ്, മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്കു പകല്‍ സമയത്തു സാധാരണ കൗണ്ടറുകളില്‍നിന്നു സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം റെയില്‍വേ നിര്‍ത്തലാക്കിയത്. വിവാദ തീരുമാനപ്രകാരം തല്‍സമയ ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ജനറല്‍ കോച്ച് ടിക്കറ്റുകള്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളു. ഈ ടിക്കറ്റെടുത്തശേഷം ടി.ടി.ഇയെ കണ്ടെത്തി സ്ലീപ്പര്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ ടിക്കറ്റ് മാറ്റിവാങ്ങണമെന്നായിരുന്നു നിര്‍ദേശം. അല്ലാതെ കയറുന്ന യാത്രക്കാരില്‍നിന്ന് ടിക്കറ്റെടുക്കാത്തവര്‍ എന്ന പേരില്‍ പിഴ ഈടാക്കും. ഒന്നോ രണ്ടോ മിനിറ്റ്മാത്രം സ്‌റ്റേഷനില്‍ നിര്‍ത്തിയിടുന്ന ട്രെയിനുകളില്‍ ടി.ടി.ഇയെ കണ്ടെത്തി ടിക്കറ്റ് മാറ്റിവാങ്ങിയശേഷം കയറുക പ്രായോഗികമല്ലെന്നു വ്യാപക വിമര്‍ശനം ഉയര്‍ന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പകുതി ചാര്‍ജ് ആനുകൂല്യം ടി.ടി.ഇമാര്‍ മുഖേന ലഭിക്കില്ലെന്ന അവസ്ഥയും എതിര്‍പ്പിനിടയാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























