വാഹനാപകടം: നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്യേണ്ടത് ഇനി പൊലീസ് സ്‌റ്റേഷനുകളിലെ ഹൗസ് ഓഫിസര്‍മാര്‍

വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കും വേണ്ടി ഇനി മുതല്‍ നഷ്ടപരിഹാരത്തിനായി കേസ് ഫയല്‍ ചെയ്യുന്നത് പൊലീസ് സ്‌റ്റേഷനുകളിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ (എസ്എച്ച്ഒ) ആയിരിക്കും. കേസ് ഫയല്‍ ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച് ഡിജിപി ടി.പി. സെന്‍കുമാര്‍ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എസ്പി ഷെയ്ക്ക് അന്‍വര്‍ദീന്‍ സാഹിബിന് നിര്‍ദേശം നല്‍കി.
ഇപ്പോള്‍ വാഹനാപകടമുണ്ടായാല്‍ മരിച്ചവരുടെ ആശ്രിതരും പരുക്കേറ്റവരും അഭിഭാഷകര്‍ മുഖേനയാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ (എംഎസിടി) നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് ഫയല്‍ ചെയ്യുന്നത്. ഇതുവരെ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും, പരുക്കേറ്റവര്‍ക്കുമായിരുന്നു അപകടം സംബന്ധിച്ച പൊലീസ്- മെഡിക്കല്‍ രേഖകള്‍ മുഴുവന്‍ ശേഖരിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്നത്.
രേഖകള്‍ ആവശ്യപ്പെട്ടിട്ടും യഥാസമയം കിട്ടാത്തതിനാല്‍ കേസ് ഫയല്‍ ചെയ്യാത്ത സംഭവങ്ങളും അനേകമുണ്ട്. നഷ്ടപരിഹാരത്തിനായി കേസ് ഫയല്‍ ചെയ്യുന്നതിനായി കോര്‍ട്ട് ഫീ ഇനത്തില്‍ വന്‍ തുകയും ചെലവഴിക്കേണ്ടതായുണ്ട്. കേസ് ഫയല്‍ ചെയ്യുന്നവര്‍ക്കുള്ള ഇത്തരം വിഷമതകള്‍ കണക്കിലെടുത്താണ് അതത് പൊലീസ് സ്‌റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ തന്നെ നഷ്ടപരിഹാരത്തിനായി കേസ് ഫയല്‍ ചെയ്യാന്‍ ഡിജിപി നിര്‍ദേശിച്ചത്.
അപകടമുണ്ടായാല്‍ നഷ്ടപരിഹാരത്തിനായി എസ്എച്ച്ഒമാരാണു കേസ് ഫയല്‍ ചെയ്യേണ്ടതെന്നു മോട്ടോര്‍ വാഹന നിയമത്തിലെ 158-ാം വകുപ്പ് (ആറ്)) പ്രതിപാദിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഇതു നടപ്പാക്കിയില്ല. 1999-ല്‍ കേരള ഹൈക്കോടതിയും 2009-ല്‍ സുപ്രീംകോടതിയും ഇതേക്കുറിച്ച് വ്യക്തമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല. സംസ്ഥാന പൊലീസ് മേധാവിക്കാണ് കോടതി വിധി നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തമെന്നും 2010 ഡിസംബറിനു മുന്‍പു കേരളത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ഇതു നിര്‍ബന്ധമായി നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു 30 ദിവസത്തിനകം അധികാരപരിധിയില്‍പ്പെട്ട മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ്
ട്രൈബ്യൂണലില്‍ പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒമാര്‍ അപകടം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കണമെന്നും, അപകടത്തില്‍ പരുക്കേറ്റവരുടെ പ്രായം, വരുമാനം, മരണപ്പെട്ടവരുടെ ആശ്രിതരുടെ പേര്, അവരുടെ പ്രായം, എഫ്‌ഐആറിന്റെ അറ്റസ്റ്റു ചെയ്ത കോപ്പി, അപകട സ്ഥലത്തിന്റെ സ്‌കെച്ച്, മഹസര്‍ റിപ്പോര്‍ട്ട്, അപകട സ്ഥലത്തിന്റെ ചിത്രം, ഡ്രൈവറുടെ ലൈസന്‍സ്, ഇന്‍ഷുറന്‍സ് സംബന്ധമായ രേഖകള്‍, മുറിവേറ്റ കേസുകളില്‍ അതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, മരണപ്പെട്ട കേസുകളില്‍ പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്നുമാണ് കോടതി ഉത്തരവ്.
ഇതോടൊപ്പം ആക്‌സിഡന്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിക്കു നല്‍കണം. എംഎസിടിയില്‍ കേസിന്റെ ആദ്യ അവധിയുടെ തീയതി, അപകടത്തില്‍ പരുക്കേറ്റവര്‍, ഡ്രൈവര്‍, വാഹന ഉടമ, ഇന്‍ഷുറന്‍സ് കമ്പനി എന്നിവരെ അറിയിക്കേണ്ട ചുമതലയും എസ്എച്ച്ഒയ്ക്കു തന്നെയാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാഹനാപകടം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഇല്ലെങ്കില്‍ട്രൈബ്യൂണലിന്റെ വിധിക്കു കാത്തു നില്‍ക്കാതെ ഇന്‍ഷുറന്‍സ് കമ്പനി ചികിത്സാ ചെലവു നല്‍കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.
എന്നാല്‍ സുപ്രീംകോടതിയുടെ ഉത്തരവ് കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറിയിരുന്നില്ല. ഇതു സംബന്ധിച്ച് തൊടുപുഴ ബാറിലെ അഭിഭാഷകനായ ടോം തോമസ് പൂച്ചാലില്‍ ഡിജിപിക്കു പരാതി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























