പാലായിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കടയിലേയ്ക്ക് ഇടിച്ചു കയറി; പാലാ ചൂണ്ടച്ചേരി എൻജിനീയറിങ്ങ് കോളജ് വിദ്യാർത്ഥിയായ പന്തളം സ്വദേശിയ്ക്ക് ദാരുണാന്ത്യം ; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതരപരുക്ക്

അർദ്ധരാത്രിയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയ എൻജിനീയറിങ് വിദ്യാർഥികളായ സംഘം സഞ്ചരിച്ച ബൈക്ക് അപകടത്തിലകപ്പെട്ട് പന്തളം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പാലാ ചൂണ്ടച്ചേരി കോളേജിലെ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി പന്തളം സ്വദേശി ഷൈബിൻ കെ.മാത്യു (21) ആണ് മരിച്ചത്.
ചൊവ്വാഴ്ച അർധരാത്രിയോടെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയ്ക്ക്ക്ക് സമീപമായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥി ക്രിസ് സെബാസ്റ്റ്യനെ പരിക്കുകളോടെ ചേർപുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭക്ഷണം കഴിക്കുന്നതിനായി ഭരണങ്ങാനത്ത് നിന്നും പാലായിലേക്ക് പോവുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. ക്രിസ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ തട്ടുകടയിൽ ഇടിച്ചുകയറുകയായിരുന്നു. ഇവരുടെ മുന്നിലായി മറ്റൊരു ബൈക്കിൽ വിദ്യാർഥികളും ഉണ്ടായിരുന്നു. ഈ വിദ്യാർഥികൾ പാലാ നഗരത്തിൽ എത്തിയ ശേഷം തിരികെ നോക്കിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന യുവാക്കളെ കാണാനില്ലെന്ന് കണ്ടെത്തിയത്.
തുടർന്ന് ഇവർ തിരികെ ഭരണങ്ങാനം ഭാഗത്ത് എത്തിയപ്പോഴാണ് അപകടം നടന്ന വിവരം അറിയുന്നത്. പിന്നീട് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പരിക്കേറ്റ ക്രിസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി പ്രവേശിപ്പിച്ചു. സംഭവത്തിൽ പാലാ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























