മുന്നറിയിപ്പ് ഭീകരം.... ദൈവമേ ഇരുന്നിടത്ത് ഉരുകുമോ കേരളത്തിന് ഇത് എന്ത് ശാപം; കേരളത്തിലെ കാലാവസ്ഥാ മാറ്റങ്ങള്‍ വലിയ ആശങ്കയാണ്, വേനല്‍മഴ വൈകിയതോടെ കനത്ത ചൂടില്‍ വെന്തുരുകി നാടും നഗരവും

കേരളത്തിലെ കാലാവസ്ഥാ മാറ്റങ്ങള്‍ വലിയ ആശങ്കയാണ്. വേനല്‍മഴ വൈകിയതോടെ കനത്ത ചൂടില്‍ വെന്തുരുകി നാടും നഗരവും. കഴിഞ്ഞ മാര്‍ച്ചിനേക്കാള്‍ രണ്ട് ഡിഗ്രിയുടെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഈ മാസം 20ന് 36.2 ഡിഗ്രി വരെയെത്തി പലയിടത്തും ചൂട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ മഴ ലഭിച്ചതിനാല്‍ വലിയ ചൂട് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ഇത്തവണ മാര്‍ച്ച് കഴിയാറായിട്ടും വേനല്‍മഴ കാര്യമായി പെയ്യാത്തതാണ് കടുത്ത ചൂടിന് കാരണമായത്.
മലയോര മേഖലയില്‍ പെയ്ത ഒറ്റപ്പെട്ട മഴ ആശ്വാസമായെങ്കിലും പല നഗര പ്രദേശങ്ങളില്‍ കാര്യമായ മഴ ലഭിച്ചതേയില്ല. കനത്ത മഴയുടെ ലക്ഷണം കാണിച്ചെങ്കിലും ചാറ്റല്‍ മഴയായി തീരുകയായിരുന്നു. ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ള തീരദേശ പ്രദേശമായതിനാല്‍ നഗരത്തില്‍ താപനില കൂടുതലാണ്. വേനല്‍ കടുത്തതോടെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. മലയോരത്തുള്‍പ്പെടെ കിണറുകള്‍ വറ്റിവരണ്ടു. പൈപ്പ് ലൈന്‍ വഴിയെത്തുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാഹനങ്ങളില്‍ വിതരണം ചെയ്യുന്നതുമായ വെള്ളം ഉപയോഗിച്ചാണ് മിക്ക വീടുകളും കഴിയുന്നത്.
പല പ്രദേശങ്ങളിലും കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാത്തതിനാല്‍ ലോറികളിലെത്തിക്കുന്ന പരിമിതമായ വെള്ളമാണ് ഏക ആശ്രയം. പലയിടത്തും ആവശ്യത്തിന് വെള്ളമെത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.ചൂട് കൂടിയതോടെ ജില്ലയില്‍ തീപിടിത്തവും വ്യാപകമായിട്ടുണ്ട്. പലയിടത്തും അടിക്കാട് കത്തുന്നത് ഉള്‍പ്പെടെയുള്ള തീപിടിത്തങ്ങളാണ് ഈ വേനല്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തത്. ചൂടിന്റെ തീവ്രത കൂടിയതിനാല്‍ നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് നിര്‍ജലീകരണം ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതിനാല്‍ 11മണി മുതല്‍ 3മണി വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വെള്ളം കുടിക്കുക, വെയിലത്തിറങ്ങിയുള്ള ജോലികള്‍ ഒഴിവാക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ മുന്‍കരുതലും നിര്‍ദ്ദേശങ്ങളിലുണ്ട്. അതെസമയം വൈകാതെ വേനല്‍ മഴ എല്ലായിടത്തും ലഭിച്ചുതുടങ്ങുമെന്നും വരും ദിവസങ്ങളില്‍ ചൂട് കുറയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha