മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കായി നിയമക്കുരുക്കഴിക്കാന്‍ കേരളം

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് അനുകൂല സാഹചര്യമൊരുക്കുന്നതിനു കേരളം അടിയന്തര തയാറെടുപ്പു നടത്തുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ചെയര്‍മാനും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ കണ്‍വീനറുമായി ഉദ്യോഗസ്ഥ സമിതിയും മുഖ്യമന്ത്രി ചെയര്‍മാനായി മന്ത്രിതല സമിതിയും നിശ്ചയിച്ചു.
നിയമങ്ങളില്‍ ഇളവുവരുത്തുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കാനും നിക്ഷേപാനുകൂല അന്തരീക്ഷ നടപടികള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ ആറുമാസമാണു നല്‍കിയിരുന്നത്. ലോക ബാങ്ക് രണ്ടുദിവസം മുന്‍പു പുറത്തുവിട്ട സംസ്ഥാനങ്ങളുടെ വിലയിരുത്തലില്‍ നിക്ഷേപാനുകൂല സാഹചര്യം സൃഷ്ടിക്കുന്നതില്‍ 18-ാം സ്ഥാനത്താണു കേരളം.
ഏകജാലക സംവിധാനം കാര്യക്ഷമമായി നടപ്പാക്കാന്‍ വകുപ്പുകള്‍ക്കു തടസ്സമായി നില്‍ക്കുന്ന നിയമത്തിന്റെ നൂലാമാലകള്‍ ഭേദഗതി ചെയ്തു തിരുത്തുകയാണു സമിതികളുടെ ആദ്യനടപടി.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചശേഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയാണു സംസ്ഥാനങ്ങളിലെ നിര്‍മാണമേഖലയിലെ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയത്. ഈ ആറുമാസവും കേരളത്തിലെ നിര്‍മാണമേഖലയില്‍ കാര്യമായ മുന്നേറ്റമുണ്ടായില്ല. ക്വാറി മേഖലയിലെ സ്തംഭനമാണു പ്രധാന തടസ്സമായി മാറിയതെന്നു മന്ത്രിസഭായോഗം വിലയിരുത്തി.
ഭൂമി റജിസ്‌ട്രേഷനിലെ കാലതാമസം ഒഴിവാക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തും. പ്രവാസികള്‍ നേരിട്ടെത്താതെ തന്നെ ഭൂമി റജിസ്‌ട്രേഷനു വഴി തേടും. കെട്ടിടനിര്‍മാണ പെര്‍മിറ്റുകളിലെ നൂലാമാലകള്‍ക്കും നിയമഭേദഗതിയിലൂടെ പരിഹാരം കാണും. ഫയര്‍ ഫോഴ്‌സിന്റെ അനുമതി തടസ്സംമൂലം കേരളത്തിലെ ഫ്‌ലാറ്റ് നിര്‍മാണം പൂര്‍ണമായും നിലച്ച മട്ടായിരുന്നുവെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. വ്യവസായം ആരംഭിക്കുന്നതിലെ തടസ്സങ്ങള്‍ ഒഴിവാക്കാനും നിയമ ഭേദഗതി വേണ്ടിവരും.
ചീഫ് സെക്രട്ടറിയും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ മേധാവികളുടെ സമിതിക്കു തീര്‍പ്പുകല്‍പ്പിക്കാന്‍ പറ്റാത്ത വിഷയങ്ങള്‍ നയപരമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായുള്ള സമിതിക്കു വിടും.
സംസ്ഥാനങ്ങളില്‍ നടക്കുന്ന ദേശീയശ്രദ്ധ ആകര്‍ഷിക്കുന്ന കേന്ദ്രപദ്ധതികളുടെ പുരോഗതിയും റേറ്റിങ്ങില്‍ കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നു ജിജി തോംസണ്‍ മനോരമയോടു പറഞ്ഞു. 24,500 കോടി ചെലവിട്ടു നടപ്പാക്കുന്ന ബിപിസിഎല്‍ രണ്ടാംഘട്ടം വികസനത്തില്‍ മാത്രമാണു കേരളത്തില്‍ ആശാവഹമായ പുരോഗതിയുള്ളത്.
കൂടംകുളം ലൈന്‍ കേരളത്തിലേക്കു നീട്ടുന്നതിനുള്ള ഇടമണ്‍ ലൈന്‍ നിര്‍മാണം സ്ഥലമെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കംമൂലം സ്തംഭിച്ച നിലയിലാണ്. ഇനിയും വൈകിയാല്‍ ഇതു കേരളത്തിനു നഷ്ടപ്പെടും. 508 കിലോമീറ്റര്‍ പൈപ്‌ലൈന്‍ ഇടേണ്ട എല്‍എന്‍ജി പദ്ധതിയില്‍ വെറും 17 കിലോമീറ്റര്‍ മാത്രമിട്ടതും വല്ലാര്‍പാടം പദ്ധതി വന്‍നഷ്ടത്തില്‍ പോകുന്നതും കേന്ദ്രത്തെ നിരാശപ്പെടുത്തുന്നുണ്ടെന്നും ചീഫ് സെക്രട്ടറി സൂചിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























