യൂണിവേഴ്‌സിറ്റി ബി എസ് സി റീ വാല്യുവേഷന്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് കേസ് ... ലാബ് അസിസ്റ്റന്റ് ഹാജരാകാന്‍ കോടതിയുടെ അന്ത്യശാസനം; റീ വാല്യുവേഷന്‍ മെമ്മോയില്‍ കൃത്രിമം കാട്ടി പരീക്ഷാ ഡെപ്യൂട്ടി രജിസ്ട്രാറുടെ വ്യാജ ഒപ്പിട്ടാണ് തട്ടിപ്പിന് ശ്രമിച്ചത്

യൂണിവേഴ്‌സിറ്റി ബി. എസ്. സി. റീ വാല്യുവേഷന്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയായ ലാബ് അസിസ്റ്റന്റ് ഹാജരാകാന്‍ തലസ്ഥാനത്തെ സംസ്ഥാന മാര്‍ക്ക് ലിസ്റ്റ് സ്‌പെഷ്യല്‍ കോടതി അന്ത്യ ശാസനം നല്‍കി.
പല തവണ കേസ് പരിഗണിച്ചിട്ടും ഒന്നാം പ്രതി ഹാജരാകാത്തതിനാലാണ് സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് അശ്വതി നായര്‍ മെയ് 25 ന് ഹാജരാകാന്‍ പ്രതിക്ക് അന്ത്യശാസനം നല്‍കിയത്. ഒന്നാം പ്രതി കോട്ടയം അതിരമ്പുഴ മാന്നാനം കരയില്‍ എം. ജി. യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെ ലാബ് അസിസ്റ്റന്റ് കോട്ടയം കിഴുങ്ങൂര്‍ വില്ലേജ് ചേര്‍പ്പുങ്കല്‍ വടക്കുംകര വീട്ടില്‍ സാജു എന്ന സഖറിയ ജോര്‍ജ് (41) ആണ് ഹാജരാകേണ്ടത്.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ രാമപുരം മാര്‍ അഗസ്റ്റിനോസ് കോളേജ് ബി എസ് സി ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ ചങ്ങനാശ്ശേരി വാഴൂര്‍ സ്വദേശി തോമസ്. റ്റി. ജോസഫ് (26) ആണ് മാര്‍ക്ക് ദാന കേസിലെ രണ്ടാം പ്രതി.
കോട്ടയം ഗാന്ധി നഗര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ് എബ്രഹാമാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ മാര്‍ക്ക് ലിസ്റ്റ് കേസുകളും വിചാരണക്കായി രൂപീകരിച്ച തലസ്ഥാനത്തെ കോടതിയ്ക്ക് കേന്ന് റെക്കോര്‍ഡുകള്‍ അയക്കുകയായിരുന്നു.
2003 ആഗസ്റ്റ് 2 നാണ് കേസിനാധാരമായ സംഭവം നടന്നത്. യൂണിവേഴ്‌സിറ്റിയിലെ റീ വാല്യുവേഷന്‍ (പുനര്‍ മൂല്യനിര്‍ണ്ണയ മാര്‍ക്ക്) രേഖപ്പെടുന്ന മെമ്മോയില്‍ കളവായ മാര്‍ക്ക് രേഖപ്പെടുത്തി കൃത്രിമം കാട്ടി പരീക്ഷാ ഡെപ്യൂട്ടി രജിസ്ട്രാറുടെ വ്യാജ ഒപ്പിട്ട് തട്ടിപ്പിന് ശ്രമിച്ചതായാണ് പോലിസ് കുറ്റപത്രത്തില്‍ പറയുന്നത്.
2001 ഏപ്രിലില്‍ എഴുതിയ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് 75 ല്‍ 13 മാര്‍ക്കാണ് തോമസിന് ലഭിച്ചത്. തോറ്റ വിഷയം റീ വാല്യുവേഷന്‍ നടത്തുന്നതിനായി 2001 സെപ്റ്റംബര്‍ 19 നും 2001 മെയ് മാസത്തില്‍ എഴുതിയ ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് 75 ല്‍ ലഭിച്ച 17 മാര്‍ക്ക് റീ വാല്യുവേഷന്‍ നടത്തുന്നതിന് 2002 ഏപ്രില്‍ 3 ലും എം. ജി.യൂണിവേഴ്‌സിറ്റിയില്‍ തോമസ് അപേക്ഷ സമര്‍പ്പിച്ചു.
അതിന് ശേഷം റീ വാല്യുവേഷന്‍ അപേക്ഷയുടെ മറവില്‍ രണ്ടാം പ്രതിക്ക് റീ വാല്യുവേഷനില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയതായി കൃത്രിമ രേഖ നിര്‍മ്മിച്ച് യൂണിവേഴ്‌സിറ്റിയെ കബളിപ്പിച്ച് പുതിയ മാര്‍ക്ക് ലിസ്റ്റ് വാങ്ങിയെടുക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി യൂണിവേഴ്‌സിറ്റി ലാബ് അസിസ്റ്റന്റായ ഒന്നാം പ്രതി രണ്ടാം പ്രതിയില്‍ നിന്ന് 10, 000 രൂപ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് ഇരുവരും ചേര്‍ന്ന് റീ വാല്യുവേഷന്‍ സെക്ഷനില്‍ നിന്നും 2003 ആഗസ്റ്റ് 2 ല്‍ ഒന്നാം പ്രതി ഉത്തര ബുക്ക് റീ വാല്യൂവേഷന്‍ മെമ്മോ ഫോറമെടുത്ത് 35 ഉം 33 ഉം മാര്‍ക്ക് ലഭിച്ചതായും അസ്സലും പകര്‍പ്പും ഒന്നാം പ്രതി സ്വയം എഴുതിയുണ്ടാക്കി.
അതില്‍ പരീക്ഷ ഡെപ്യൂട്ടി രജിസ്ട്രാറുടെ ഒപ്പ് കൃത്രിമമായി രേഖപ്പെടുത്തി കൃത്രിമ രേഖ തയ്യാറാക്കി. കൂടാതെ രണ്ടാം പ്രതിക്ക് വേണ്ടി പുതിയ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി കിട്ടുന്നതിനുള്ള രണ്ടാം പ്രതിയുടെ അപേക്ഷയും ഒന്നാം പ്രതി തന്നെ തയ്യാറാക്കി. അവ കൈവശം കരുതിക്കൊണ്ട് ഒന്നാം പ്രതി രണ്ടാം പ്രതിയേയും കൂട്ടി യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ടാബുലേഷന്‍ സെക്ഷന്‍ ആഗസ്റ്റ് രണ്ടിന് ഉച്ച തിരിഞ്ഞ് 3 മണിക്കെത്തി.
ടാബുലേഷന്‍ ചാര്‍ജ് വഹിച്ചിരുന്ന സെക്ഷന്‍ ഓഫീസറെയും സെക്ഷന്‍ ക്ലര്‍ക്കിനെയും രണ്ടാം പ്രതിയെ പറഞ്ഞ് പരിചയപ്പെടുത്തി. തുടര്‍ന്ന് കൃത്രിമ രേഖയായ റീ വാല്യുവേഷന്‍ മെമ്മോകള്‍ അസല്‍ രേഖയാന്നെന്ന് ഒന്നാം പ്രതി അവരെ പറഞ്ഞ് വിശ്വസിപ്പിച്ച് അപേക്ഷയോടൊപ്പം കൊടുത്ത് ചതിവിലൂടെ പുതിയ മാര്‍ക്ക് ലിസ്റ്റ് വാങ്ങിച്ചെടുക്കാന്‍ ശ്രമിച്ച് പ്രതികള്‍ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി പ്രവര്‍ത്തിച്ച് കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്.
"
https://www.facebook.com/Malayalivartha



























