കനത്ത മഴയില്‍ തിരുവനന്തപുരം നഗരം വെള്ളത്തിനടിയിലായി... ജില്ലയിലെ പലയിടത്തും കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞും വീണ് വന്‍ നാശനഷ്ടം

തലസ്ഥാനത്ത് ശക്തമായ മഴയില്‍ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. തമ്പാനൂരിലും സെക്രട്ടേറിയറ്റ് പരിസരവും ഉള്‍പ്പെടെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. പലയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മലയോരപ്രദേശങ്ങളിലും ശക്തമായി മഴ പെയ്തു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു. കൊട്ടിയത്തറയില്‍ മരം വീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു.
ഇരു ജില്ലയിലും പലയിടത്തും കാറ്റിലും മഴയിലും മരങ്ങളും കടപുഴകിയും ഒടിഞ്ഞും വീണു. ഇതു ഗതാഗതം തടസപ്പെടാന്‍ ഇടയാക്കി. മന്ത്രി ജിആര്‍ അനിലിന്റെ ഓദ്യോഗിക വസതിയുടെ വളപ്പില്‍ മരം ഒടിഞ്ഞുവീണു. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര ഈയം കുന്നില്‍ വീട് തകര്‍ന്നു. ചടയമംഗലം കൂരിയോട്ട് വീടിന്റെ മുകളിലേക്ക് റബര്‍ മരങ്ങള്‍ കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നു. കരവാളൂരില്‍ നാല് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
ബുധനാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ആറിനു തെക്ക് ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 4050 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഏഴിനു തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 4050 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മീന്‍പിടുത്തത്തിനു പോകരുതെന്നാണ് നിര്‍ദേശം.കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ അടുത്ത അഞ്ച് ദിവസം വരെ തുടര്‍ന്നേക്കും. ഇന്നലെ വൈകീട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha



























