മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും അറസ്റ്റില്‍... ബാബുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഒന്നാംപ്രതിയും മകനുമായ സാബുവിനെ സഹായിച്ചതിനാണ് അമ്മ പത്മാവതിയെ അറസ്റ്റ് ചെയ്തത്

തൃശൂര്‍ ചേര്‍പ്പില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ചേട്ടനെ അനുജന്‍ കഴുത്തിഞെരിച്ച് ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മയും അറസ്റ്റില്‍. കൊല്ലപ്പെട്ട ബാബുവിന്റെ അമ്മ പത്മാവതിയെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സാബു സഹോദരന്‍ ബാബുവിനെ കഴുത്തിഞെരിച്ച് ജീവനോടെ കുഴിച്ചുമുടുകയായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ മണ്ണ് കയറിയതായി കണ്ടെത്തിയിരുന്നു.
എന്നാല്‍ ശവശരീരം ഒരാള്‍ക്ക് ഇത്രയും ദൂരം ഒറ്റയ്ക്ക് കൊണ്ടുപോയി മറവു ചെയ്യാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. അതിനുപിന്നാലെ നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് സാബുവിന്റെ സുഹൃത്തും അമ്മയും അറസ്റ്റിലാകുന്നത്. കൊലപാതകത്തില്‍ അമ്മ പത്മാവതിക്ക് പങ്കുണ്ടെന്ന് നേരത്തെ കണ്ടെത്തിയെങ്കിലും രക്തസമ്മര്‍ദത്തെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ആയതിനാലാണ് അറസ്റ്റ് വൈകിയത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.ബാബുവിനെ കുഴിച്ചുമൂടാന്‍ സഹായിച്ച സാബുവിന്റെ സുഹൃത്ത് സുനിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബാബുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഒന്നാംപ്രതിയും മകനുമായ സാബുവിനെ സഹായിച്ചതിനാണ് അമ്മ പത്മാവതിയെ അറസ്റ്റ് ചെയ്തത്.കേസില്‍ അമ്മ രണ്ടാം പ്രതിയും സുനില്‍ മൂന്നാം പ്രതിയുമാണ്.
ബാബുവിനെ കാണാതായി നാല് ദിവസത്തിനുശേഷമാണ് സാബു വിവരം പറയുന്നത്. ബാബുവിനെ കാണാനില്ലെന്ന് കാട്ടി പ്രതി സാബുവും അമ്മയുമാണ് പൊലീസില്‍ പരാതി നല്‍കിയത്. ബാബുവിനെ കാണാതായെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നേരത്തെ തന്നെ വിശദമായ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ സഹോദന്മാര്‍ തമ്മില്‍ നിരന്തരം വഴക്ക് നടന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിനിടെ പശുവിനെ മേയ്ക്കാനെത്തിയ സമീപവാസി ബാബുവിന്റെ വീടിന് സമീപത്തുള്ള പറമ്പില്‍ മണ്ണ് മാറി കിടക്കുന്നത് കണ്ട് സംശയം തോന്നി നാട്ടുകാരെ അറിയിച്ചു. അവര്‍ മണ്ണ് മാറ്റി നോക്കിയപ്പോള്‍ കൈയുടെ ഒരു ഭാഗം പുറത്തു കണ്ടു. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.
മാര്‍ച്ച് 15ന് രാത്രിയാണ് കൊലപാതകം നടന്നത്. മദ്യപിച്ച് ലക്കുകെട്ട നിലയില്‍ വീട്ടിലെത്തിയ ബാബുവിനെ സാബു മര്‍ദിക്കുകയും കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 300 മീറ്റര്‍ അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്.
https://www.facebook.com/Malayalivartha



























