ചങ്ക് പൊട്ടുന്ന ദൃശ്യങ്ങള്‍... നവദമ്പതികള്‍ വിനോദ യാത്രക്കെത്തിയപ്പോള്‍ ഇങ്ങനെയൊരു ദുരന്തം മനസാ ഓര്‍ത്തില്ല; വിദ്യാഭ്യാസ കാലത്ത് തുടങ്ങിയ പ്രണയം പൂവണിഞ്ഞപ്പോള്‍ അതിന് ആയുസ് തീരെ ഇല്ലായിരുന്നു; രക്ഷപ്പെടുത്താനുള്ള അവസാന ശ്രമവും നഷ്ടമായി രജിലാലിന്റേയും കനിഹയുടേയും കൈകള്‍ വേര്‍പെട്ടു

കോഴിക്കോട് നിന്നും അതിദാരുണമായ വാര്‍ത്തയാണ് ഇന്നലെ വന്നത്. ഫോട്ടോ ഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ചു എന്നായിരുന്നു വാര്‍ത്ത. വളരെ സങ്കടത്തോടെയാണ് ആ വാര്‍ത്ത കേട്ടത്. എന്നാല്‍ പെട്ടന്ന് വാര്‍ത്തയുടെ സ്വഭാവം മാറി. ഫോട്ടോ ഷൂട്ടിലൂടെയല്ല വരന്‍ മരിച്ചതെന്ന് പോലീസ് സ്ഥീരീകരിച്ചു. അപ്പോഴും അവരുടെ പഴയ ഫോട്ടോ ഷൂട്ടിലെ ദൃശ്യങ്ങള്‍ നാട്ടുകാരെ മാത്രമല്ല മുഴുവന്‍ മലയാളികളേയും വേദനിപ്പിച്ചു.
കോഴിക്കോട് കുറ്റിയാടി പുഴയില്‍ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ചവറം മൂഴി ഭാഗത്ത് കുരിശു പള്ളിക്ക് സമീപമാണ് നവവരന്‍ മുങ്ങിമരിച്ചത്. കടിയങ്ങാട് കുളക്കണ്ടം പഴുപ്പട്ട രജിലാല്‍ (28) ആണ് ഭാര്യസമേതം വിനോദ യാത്രക്കെത്തിയപ്പോള്‍ ഇന്നലെ അപകടത്തില്‍പ്പെട്ടത്. പുഴയില്‍ വീണ ഭാര്യ കനിഹയെ ബന്ധുക്കളും നാട്ടുകാരും രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.
വല്ലാത്തൊരു വേദനയായി മാറി അത്. ആദ്യ മണിക്കൂറുകളില്‍ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായില്ല. തിങ്കളാഴ്ച രാവിലെ രജിലാല്‍ ഭാര്യയെയും അവരുടെ ബന്ധുക്കളേയും കൂട്ടി പുഴയോരത്തെത്തി. പുഴയില്‍ ഇറങ്ങിയ രജിലാല്‍ കാല്‍ വഴുതി വീണു. ഒഴുക്കില്‍പ്പെട്ട ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച കനിഹയും ഒഴുകിപ്പോയി.
സമീപത്ത് റോഡ് പ്രവൃത്തി നടത്തുകയായിരുന്ന മലപ്പുറം സ്വദേശികളായ റിയാസും ഖാദറും ഓടിയെത്തി കനിഹയെ രക്ഷിച്ചു. എന്നാല്‍, ചുഴിയില്‍പ്പെട്ട രജിലാലിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം മലവെള്ളപ്പാച്ചില്‍ ഉണ്ടായെന്നും പറയുന്നു. പ്രദേശവാസികളായ യുവാക്കള്‍ രജിലാലിനെ കരക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കനിഹയുടെ ആരോഗ്യനില തൃപ്തികരമാണ് മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രജിലാലിന്റെ മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കുളപ്പുറത്ത് കൃഷ്ണദാസ് രജനി ദമ്പതികളുടെ മകനാണ് രജിലാല്‍. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ മാസം 14ന് ആണ് ഇരുവരും വിവാഹിതരായത്. വര്‍ഷങ്ങളായി മനസില്‍ കൊണ്ടു നടന്ന പ്രണയം സഫലമായി ജീവതത്തിലേക്ക് കടക്കും മുന്‍പേയാണ് വിധി പുഴയുടെ രൂപത്തിലെത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന രജിലാലും നൃത്ത അദ്ധ്യാപിക കനിഹയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരുടെയും അനുഗ്രഹത്തില്‍ മാര്‍ച്ച് 15 നായിരുന്നു വിവാഹം. ഞായറാഴ്ച മീന്തുള്ളിപ്പാറയില്‍ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും പ്രദേശത്തിന്റെ മനോഹാരിതയാണ് വീണ്ടും മടക്കിവിളിച്ചത്. പക്ഷെ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാനുള്ളതായിരിക്കുമെന്ന് ഒരിക്കലും ഇവര്‍ കരുതി കാണില്ല.
പിറ്റേദിവസം വിനോദയാത്രയായി കുടുംബത്തേയും കൂട്ടിവന്ന നവ ദമ്പതികള്‍ക്ക് വലിയ ദുരന്തമാണ് സംഭവിച്ചത്. പലരും അപകടത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുന്നതിനിടെ കനികയുടെ കാല്‍വഴുതിയെന്നും വീഴാതെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു എന്നാണ് വിവരം. അതല്ല പുഴയില്‍ ഇറങ്ങിയപ്പോള്‍ മലവെള്ളപ്പാച്ചില്‍ വന്നെന്നും പറയുന്നു. നിലവിളി ഉയര്‍ന്നതോടെ സമീപത്ത് റോഡ് നിര്‍മ്മാണത്തിനു സാധനങ്ങളുമായി വന്ന ടിപ്പര്‍ ലോറി ഡ്രൈവറാണു കനികയെ രക്ഷപ്പെടുത്തിയത്. കനിഹയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുപതു മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിലാണ് രജിലാലിനെ കണ്ടെത്തി പുറത്തെത്തിക്കാനായത്.
കനിഹയെ പെട്ടെന്ന് രക്ഷിക്കാനായെങ്കിലും രജിലാലിന്റെ മരണവാര്‍ത്തയാണ് ഉണ്ടായത്. അബോധാവസ്ഥയിലുള്ള രജിലാലിന്റെ മരണം പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. മരണവാര്‍ത്ത പരക്കുന്നതിനൊപ്പം തന്നെ എവരിലും നൊമ്പരമാവുകയാണ് വിവാഹത്തിന്റെയും തുടര്‍ന്നുമുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍. ഇരുവരുടെയും വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയെ കണ്ണീരണിയിക്കുകയാണ്. വിവാഹത്തിനു മുമ്പുള്ള പ്രീ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഒന്നിച്ചപ്പോള്‍ അത് വലിയ സന്തോഷമായിരുന്നു. 20 ദിവസത്തോളം ഒന്നിച്ച് ജീവിച്ചു. വളരെയധികം സന്തോഷിച്ചു. പക്ഷെ വിധി പുഴയുടെ രൂപത്തില്‍ വരുമെന്ന് ആരും സ്വപ്‌നേപി വിചാരിച്ചില്ല.
"
https://www.facebook.com/Malayalivartha



























