കൂടുതല്‍ പോലീസുകാര്‍... മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച് പാലക്കാട്ടെ കൊലപാതകങ്ങള്‍; അനാഥമായത് രണ്ട് കുടുംബങ്ങള്‍; പാലക്കാട് ഈ മാസം 10 വരെ നിരോധനാജ്ഞ; മുന്നൂറോളം പൊലീസുകാരെ അധികമായി നിയോഗിക്കും

ആലപ്പുഴയിലുണ്ടായ കൊലപാതകങ്ങള്‍ക്ക് ശേഷം പാലക്കാടും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഒരു ദിവസത്തിനിടെ രണ്ടു കൊലപാതകങ്ങളാണ് പാലക്കാട് സംഭവിച്ചത്. പോലീസ് നിതാന്ത ജാഗ്രയിലാണ്. ജില്ലയില്‍ നിരോധനാജ്ഞ. ഈ മാസം 20 വരെയാണ് 144 പ്രഖ്യാപിച്ചത്. ജില്ലയിലേക്കു കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചു. മുന്നൂറോളം പൊലീസുകാരെയാണ് അധികമായി നിയോഗിക്കുക.
സോഷ്യല്‍ മീഡിയ വഴി പ്രകോപനം ഉണ്ടാക്കാതിരിക്കാന്‍ സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിലാണ്. പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. സമൂഹമാധ്യമ ഗ്രൂപ്പുകളും അഡ്മിന്‍മാരും നിരീക്ഷണത്തിലാണ്. വിദ്വേഷവും മതസ്പര്‍ധയും വളര്‍ത്തുന്ന സന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണു പൊലീസിനുള്ള നിര്‍ദേശം.
അക്രമിസംഘം രണ്ടു മനുഷ്യരുടെ ജീവനെടുത്തപ്പോള്‍ അനാഥമായ രണ്ടു കുടുംബങ്ങളെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ വിഷമത്തിലാണു നാട്ടുകാര്‍. പാലക്കാട് നഗരത്തിലെ മേലാമുറിയില്‍ കടയില്‍ കയറിയാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ കൊലപാതക സംഘത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.
എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തി 24 മണിക്കൂര്‍ തികയും മുന്‍പാണ് നഗരത്തില്‍ അരുംകൊലയുണ്ടായത്. തുടര്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്തു പാലക്കാട് നഗരം കനത്ത പൊലീസ് വലയത്തിലാണ്.
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള 10 മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലയില്‍ മൂന്ന് വെട്ടുകളേറ്റിട്ടുണ്ട്. കയ്യിലും കാലിലും ആഴത്തിലുള്ള മുറിവുകളാണ്. ഞായറാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തും. ഉച്ചയോടെ സംസ്‌കരിക്കും. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തില്‍ ആറു പേരാണുള്ളത്. ശ്രീനിവാസനെ വെട്ടിയത് മൂന്നുപേരാണ്; മൂന്നുപേര്‍ ഇരുചക്ര വാഹനത്തില്‍ പുറത്ത് കാത്തുനിന്നു.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. പൊലീസിന്റെ നിരീക്ഷണം മറികടന്ന് ആറംഗ സംഘം ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വാള്‍ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷി വാസുദേവന്‍ പറഞ്ഞു. ആറംഗ കൊലയാളി സംഘത്തിന്റെ വരവും മടക്കവുമെല്ലാം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്നു ബിജെപി ആരോപിച്ചു. സംഭവം പൊലീസിന്റെ വീഴ്ചയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. വെട്ടേറ്റയുടന്‍ ശ്രീനിവാസനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ (43) കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ബിജെപി പ്രവര്‍ത്തകന്‍ രമേശിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന. അതേസമയം, വിലാപയാത്രയോടെ വീട്ടില്‍ എത്തിച്ച സുബൈറിന്റെ മൃതദേഹം എലപ്പുള്ളി ജുമാ മസ്ജിദില്‍ കബറടക്കി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. രണ്ട് കാറുകളിലെത്തിയ സംഘം വാഹനമിടിച്ച് വീഴ്ത്തിയശേഷം സുബൈറിനെ ആക്രമിക്കുകയായിരുന്നു. പള്ളിയിലെ നിസ്‌കാരം കഴിഞ്ഞ് പിതാവ് അബൂബക്കറിനൊപ്പം മടങ്ങുമ്പോഴായിരുന്നു ആക്രമണം. അബൂബക്കറിന് വാഹനത്തില്‍നിന്നു വീണ് പരുക്കേറ്റു. ശേഷം ഒരു കാര്‍ ഉപേക്ഷിച്ചാണ് അക്രമി സംഘം മടങ്ങിയത്. കാറുകളില്‍ ഒന്ന് സഞ്ജിത്തിന്റെ കാര്‍ ആണെന്ന് വീട്ടുകാര്‍ സ്ഥിരീകരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























