പ്രൊഫസര്‍ ഡോ. പി രവീന്ദ്രനെ കാലിക്കറ്റ് വിസിയായി നിയമിച്ച് ഗവര്‍ണര്‍

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫസര്‍ ഡോ. പി രവീന്ദ്രനെ നിയമിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കഴിഞ്ഞ ഒന്നരവര്‍ഷമായി കാലിക്കറ്റ് സര്‍വകലാശാലയുടെ താല്‍ക്കാലിക വിസിയായി ഡോ. രവീന്ദ്രന്‍ തുടരുകയാണ്. വൈസ് ചാന്‍സലര്‍ നിയമനത്തിനായി നിയമിച്ച മൂന്നംഗ സമിതി തയ്യാറാക്കിയ പാനലില്‍നിന്നാണ് ചാന്‍സലര്‍ ഡോ. രവീന്ദ്രനെ നിയമിച്ചത്. നാലുവര്‍ഷത്തേക്കാണ് നിയമനം.
ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം നടന്നത്. ചാന്‍സലറുടെ നിര്‍ദ്ദേശാനുസരണം നാലുതവണ സെനറ്റ് യോഗം ചേര്‍ന്നശേഷമാണ് ഹൈക്കോടതിയുടെ കൂടി നിര്‍ദ്ദേശപ്രകാരം സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുത്തത്. ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മിറ്റി കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അപേക്ഷകരായ 35 പേരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അഞ്ചംഗ പാനല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്.
പതിവിനു വിപരീതമായി സെര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍ മൂന്നുപേരും നേരിട്ട് ഗവര്‍ണറെ സന്ദര്‍ശിച്ചാണ് പാനല്‍ കൈമാറിയത്. വിസി തെരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച ലോക് ഭവന്റെ നടപടി ചോദ്യം ചയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിസി നിയമന നടപടി തടയാന്‍ വിസമ്മതിച്ച ഹൈക്കോടതി ഹര്‍ജി 27ാം തീയതിലേക്ക് മാറ്റി.
കോടതിവിധിക്ക് വിധേയമായാണ് ഗവര്‍ണര്‍ വിസി നിയമന ഉത്തരവില്‍ ഒപ്പുവെച്ചത്. കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം നടന്നതോടെ സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ നാലിടത്ത് സ്ഥിരം വിസിമാര്‍ നിയമിതരായി.
https://www.facebook.com/Malayalivartha

























