ഫാദര്‍ വിക്ടര്‍ എവരിസ്റ്റസില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു...ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയാണ് വൈദികന്‍ മൊഴി നല്‍കിയത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷത്തില്‍ തുടര്‍ നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി അനുവദിച്ച സമയം കഴിയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ കൂടുതല്‍ പേരെ ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം.കേസുമായി ബന്ധപ്പെട്ട് ഫാദര്‍ വിക്ടര്‍ എവരിസ്റ്റസില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയാണ് വൈദികന്‍ മൊഴി നല്‍കിയത്.
നടിയെ ആക്രമിച്ച കേസില്‍ 85 ദിവസം ജയിലില്‍ കഴിഞ്ഞ എട്ടാം പ്രതി ദിലീപിന് പല ശ്രമങ്ങള്‍ക്കൊടുവിലാണ് ജാമ്യം ലഭിച്ചത്. ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടുവെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ആരോപിച്ചിരുന്നു. മാത്രമല്ല ഫാദര്‍ വിക്ടര്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് ശേഷം വീട്ടിലെത്തി കണ്ടുവെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു. ബാലചന്ദ്ര കുമാറിന്റെ സുഹൃത്ത് കൂടിയാണ് ഫാദര്‍ വിക്ടര്‍ എവരിസ്റ്റസ്.
ദിലീപിന് ജാമ്യം ലഭിക്കാന്‍ ഏതെങ്കിലും തരത്തിലുളള ഇടപെടലുകള്‍ നടന്നോ എന്നതില്‍ വ്യക്തത വരുത്താനാണ് ഫാദര്‍ വിക്ടറില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴി എടുത്തിരിക്കുന്നത്. മാത്രമല്ല ദിലീപുമായി ഏതെങ്കിലും തരത്തിലുളള സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട് ബാലചന്ദ്ര കുമാറിന് വേണ്ടി ദിലീപിനോട് പണം ആവശ്യപ്പെട്ടു എന്നുളള ആരോപണം ഫാ. വിക്ടര്‍ നിഷേധിച്ചു.
ബാലചന്ദ്ര കുമാറിനൊപ്പം ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ചിനോട് ഫാ. വിക്ടര്‍ വ്യക്തമാക്കി. എന്നാല്‍ ദിലീപിനോട് പണം ആവശ്യപ്പെടാനല്ല പോയത്. മറ്റ് പല ആവശ്യങ്ങള്‍ക്കുമായിരുന്നുവെന്നും വൈദികന്‍ മൊഴി നല്‍കി. ലത്തീന്‍ തിരുവനന്തപുരം രൂപതയിലെ വൈദികനായ ഫാദര്‍ വിക്ടര്‍ ആഴാകുളം ഐവിഡി സെമിനാരി നടത്തിപ്പുകാരനാണ്. ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നെയ്യാറ്റിന്‍കര ബിഷപ്പ് നേരത്തെ നിഷേധിച്ചിരുന്നു.
ദിലീപും ബാലചന്ദ്ര കുമാറുമായും ബന്ധമില്ലെന്നും ജാമ്യക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരില്‍ ബാലചന്ദ്ര കുമാര്‍ തന്നോട് പണം ആവശ്യപ്പെട്ടു എന്നാണ് ദിലീപിന്റെ ആരോപണം. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപിന്റെ ഈ ആരോപണം. തന്റെ ജാമ്യം റദ്ദാക്കുമെന്ന് ബാലചന്ദ്ര കുമാര്‍ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് ആരോപിച്ചിരുന്നു.
തനിക്ക് ജാമ്യം കിട്ടിയത് നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടിട്ടാണ് എന്ന് ബാലചന്ദ്ര കുമാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും അതിന്റെ പേരില്‍ പണം ചോദിച്ചുവെന്നും ദിലീപ് പറയുന്നു. പണം നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ ബാലചന്ദ്ര കുമാര്‍ തന്റെ ശത്രുവായെന്നും ദിലീപ് ആരോപിച്ചു. ബിഷപ്പിനൊപ്പം ബാലചന്ദ്ര കുമാര്‍ നില്‍ക്കുന്ന ഫോട്ടോ അന്വേഷണ സംഘത്തിന് വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
പല ആവശ്യങ്ങള്‍ ഉന്നയിച്ച് ബാലചന്ദ്ര കുമാര്‍ തന്റെ കയ്യില്‍ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയെന്നും ദിലീപ് ആരോപിച്ചു. ഇതേക്കുറിച്ച് ദിലീപ് നുണ പറയുന്നതാണ് എന്നാണ് ബാലചന്ദ്ര കുമാറിന്റെ മറുപടി. നിര്‍മ്മാതാവ് എന്ന നിലയ്ക്കാണ് ദിലീപ് പണം നല്‍കിയത് എന്നും അതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നും ബാലചന്ദ്ര കുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവൻ അടക്കമുളളവരെ വരും ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും.
https://www.facebook.com/Malayalivartha


























