ചെന്താരകത്തിന്റെ തണ്ടു വെട്ടി പിണറായി പി ജയരാജന്‍ ഇനി പടിയ്ക്ക് പുറത്തോ; ജയരാജനെ പിണറായി പുറത്താക്കുന്നോ?

പുകഞ്ഞ കൊള്ളി പുറത്തുതന്നെ. പിണറായി വിജയനെതിരെ അരിവാള്‍ വീശിവരെല്ലാം സിപിഎമ്മില്‍നുള്ളില്‍ വട്ടപ്പൂജ്യമായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഒന്നാം നമ്പര്‍ ഇരയാണ് മുന്‍പ് കണ്ണൂരില്‍ സിപിഎമ്മിന്റെ മുഖമായിരുന്ന പി ജയരാജന്‍. അതായത് പിണറായി വിജയനെക്കാള്‍ കണ്ണൂരിലെ സഖാക്കള്‍ക്ക് മുന്‍കാലങ്ങളില്‍ ഏറെ സ്വീകാര്യനായിരുന്ന പി ജയരാജന്‍.
ഇന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയറ്റിലോ കേന്ദ്ര കമ്മിറ്റിയിലോ ഒന്നും ജയരാജന് അര്‍ഹമായ ഇടമില്ല. ആലപ്പുഴയില്‍ പാര്‍ട്ടിയുടെ മുഖമായിരുന്ന മുന്‍മന്ത്രി ജി സുധാകരന് സംഭവിച്ചതുപോലെ കണ്ണൂരിലെ പാര്‍ട്ടി വഴികളില്‍ നിന്ന് പി ജയരാജന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു. ഇനി തിരികെ വരാനുള്ള സാധ്യതയും നന്നേ വിരളമാണുതാനും.
കണ്ണൂരിലെ നിഷ്ഠൂരമായ പാര്‍ട്ടിക്കൊലപാതകങ്ങളില്‍ പി ജയരാജന് വ്യക്തമായ പങ്കുണ്ടെന്ന ആരോപണങ്ങള്‍ മാത്രമല്ല പിണറായി വിജയനു മുകളിലേക്ക് ജയരാജന്‍ വളര്‍ന്നു കയറിയതോടെയാണ് ജയരാജന്‍ ഒതുക്കപ്പെട്ടത്. ഇപ്പോഴിതാ മുന്‍പ് സ്ത്രീവിഷയത്തില്‍ സിപിഎം പുറത്താക്കിയ പി ശശി മുഖ്യമന്ത്രി പിണറായി വിജയന്റെ അന്തപ്പുരം സൂക്ഷിപ്പുകാരനായി തിരിച്ചുവരുമ്പോഴും പാര്‍ട്ടിക്കുവേണ്ടി ചോരയും നീരും ഒഴുക്കിയ ജയരാജന്‍ വട്ടപ്പൂജ്യമായി ഒതുക്കപ്പെട്ടിരിക്കുന്നു.
പിജെ ആര്‍മി എന്ന പേരില്‍ ആയിരക്കണക്കിന് അനുയായികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പും ഫേസ് ബുക്കുമൊന്നും തുറന്ന് പിണറായിക്കും പാര്‍ട്ടിക്കുമെതിരെ ഒളിയമ്പുകള്‍ എയ്തിട്ടൊന്നും ജയരാജന് രക്ഷയായില്ല. സ്വര്‍ണം കായിടുന്ന മരമാണെങ്കിലും പുരപ്പുറത്തേക്കു ചാഞ്ഞാല്‍ വെട്ടിമാറ്റുമെന്ന മുന്നറിയിപ്പോടെയാണ് പിണറായി വിജയന്‍ ജയരാജനെ ഒതുക്കിയത്. വടകര ലോക സഭാ സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്ന് ജയരാജന്‍ പുറത്തായിരുന്നു.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കെ മുരളീധരനോടു തോറ്റു തിരിച്ചുവന്നപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം പിണറായി തിരികെ കൊടുത്തതുമില്ല. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ ആതിദാരുണമായ കൊലപാതകത്തിനു തൊട്ടുപിന്നാലെ പ്രതികളുടെ നിരയില്‍ ആരോപിതനായ പി ജയരാജന്‍ തുടര്‍ന്ന് പാര്‍ട്ടിയിലും പദവികളിലും ഒതുക്കപ്പെടുകയായിരുന്നു.
നിലവില്‍ കേന്ദ്രകമ്മിറ്റിയില്‍ ഇടം ലഭിക്കാനോളം പഴക്കവും തഴക്കവുമുണ്ടായിട്ടും ഒന്നിലും ഒരിടത്തും സ്ഥാനമില്ലാതെ കേവലം ഖാദി ബോര്‍ഡിന്റെ ഒതുങ്ങിയ പദവിയിലേക്ക് പാര്‍ട്ടി ജയരാജനെ ചെറുതാക്കി. ആര്‍ക്കും വേണ്ടാത്ത ഖാദി പോലെ പാര്‍ട്ടി നേതൃത്വത്തില്‍ ആര്‍ക്കും വേണ്ടാത്ത സഖാവായി പി ജയരാജന്‍ ചെറുതായിക്കഴിഞ്ഞു.
കണ്ണൂരില്‍ ഈയിടെ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി സിപിഎമ്മിലെ സമഗ്രാധിപതിയായി അവരോധിക്കപ്പെട്ടപ്പോഴും പി ജയരാജന്‍ വീണ്ടും തമസ്‌കരിക്കപ്പെട്ടു.
സിപിം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തുമെന്ന് പ്രതീക്ഷിച്ച പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇത്തവണയും സെക്രട്ടറിയേറ്റിന് പുറത്തായി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ പി. ജയരാജന്‍ ഇപ്പോഴും 88 അംഗ സംസ്ഥാന കമ്മറ്റിയില്‍ ഒരു അംഗമായി മാത്രം തുടരും.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 16 അംഗ പുതുമുഖങ്ങള്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായപ്പോള്‍ പാര്‍ട്ടിയില്‍ ഏറ്റവും സീനിയര്‍ നേതാക്കളിലൊരാളായ പി. ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടം നേടുമെന്ന് അണികള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അസ്ഥാനത്തായി. കണ്ണൂരില്‍ നിന്നുളള പത്ത് സംസ്ഥാന സമിതിയംഗങ്ങളില്‍ ഒരാള്‍ മാത്രമായി ജയരാജന്‍ മാറിയിരിക്കുന്നു. കണ്ണൂരിലെ പാര്‍ട്ടിക്കുള്ളലും പി ജയരാജന് നിലയും വിലയുമില്ലാതായായി ഫേസ് ബുക് പോസ്റ്റ് എഴുത്തും വിലാപകാവ്യ ആലാപനവുമായി സ്വന്തം വീട്ടിലേക്കു ചെറുതായി.
പാര്‍ട്ടി സേവനത്തിടെ പ്രതിയോഗികളുടെ വെട്ടേറ്റ് ഇപ്പോഴും ശാരീരിക അവശതയില്‍ കഴിയുന്ന സഖാവിനോട് പാര്‍ട്ടി നേരിയ കാരുണ്യം പോലും കാണിച്ചില്ല. എംവി ജയരാജനും മറ്റും പാര്‍ട്ടിയിലെ മൂത്ത സഖാക്കളായി സംസ്ഥാനം വാഴുമ്പോഴും പി ജയരാജന് രക്ഷയില്ല. പി ശശിയെയും ഗോപി കോട്ടമുറിക്കലിനെയും പോലുള്ള പെണ്‍വിഷയങ്ങളിലെ കളങ്കിതര്‍ക്കും വരെ സിപിഎം പാപമോചനം നല്‍കിയിട്ടും ഇക്കാലമത്രയും പാര്‍ട്ടിയെ സേവിച്ച ജയരാജനു മാത്രം നീതി ലഭിച്ചില്ല.
ഇ.പി. ജയരാനും പി.കെ. ശ്രീമതിയുമടക്കമുളള കണ്ണൂരില്‍ നിന്നുളള നേതാക്കള്‍ക്ക് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇത്തവണയും സ്ഥാനം കിട്ടിയപ്പോള്‍ പി. ജയരാജനെ കരുതികൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതിരിക്കുകയായിരുന്നു.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കാലയളവില്‍ വ്യക്തി പൂജ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് പി. ജയരാജനെ പാര്‍ട്ടിയില്‍ നിന്നും തരം താഴ്ത്തല്‍ തുടങ്ങിയത്.
ജയരാജന്‍ രൂപീകരിച്ച സാന്ത്വന പരിചരണ സംഘടനയായ ഐആര്‍പിസിയുടെ പൂര്‍ണ്ണ അധികാരത്തില്‍ നിന്നും ജയരാജനെ ഏതാനും നാളുകള്‍ക്ക് മുമ്പ് മാറ്റിയിരുന്നു. എഴുപതു പിന്നിട്ട പി.ജയരാജന് സിപിഎമ്മിനുള്ളില്‍ ഇനിയൊരു തിരിച്ചു വരവില്ലെന്നതാണ് സംസ്ഥാന സമ്മേളനം വിരല്‍ ചൂണ്ടുന്നത്. പിണറായിയുടെ കൈപ്പിടിയിലായ പാര്‍ട്ടിയില്‍ ജയരാജനെ ഇനി മുഖ്യധാരയിലേക്ക് അടുപ്പിക്കില്ലെന്ന് വ്യക്തമാവുകയാണ്.
കണ്ണൂരിലെ ഒരു കലാ കൂട്ടായ്മ കണ്ണൂരിലെ ചെന്താരകമല്ലോ പി. ജയരാജന്‍ എന്ന വാഴ്ത്തിപ്പാട്ടുമായി സംഗീത ആല്‍ബം പുറത്തിറക്കിയത് വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് പി. ജയരാജന്‍ നേരിടേണ്ടി വന്നത്. അന്നത്തെ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടനാ ചര്‍ച്ചയ്ക്കിടെ അതിരൂക്ഷമായ വിമര്‍ശനമാണ് ജയരാജനെതിരെ അഴിച്ചുവിട്ടത്.
സംസ്ഥാന സെക്രട്ടറിയേറ്റും ഇക്കാര്യത്തില്‍ ജയരാജന് തെറ്റ്പറ്റിയതായി കണ്ടെത്തിയിരുന്നു. അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കണ്ണൂരില്‍ നിന്നുളള നേതാക്കളെല്ലാം പി.ജയരാജന്‍ വ്യക്തി പൂജയില്‍ അഭിരമിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പി ജയരാജന്‍ തെറ്റു ചെയ്തില്ലെന്ന് പാര്‍ട്ടി അന്വേഷണ സമിതി റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ജയരാജനെതിരെ നിലപാട് കടുപ്പിച്ചുകൊണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിലും പാര്‍ട്ടി ഫോറങ്ങളിലുമൊന്നും ഉള്‍പ്പെടുത്താതെ തഴഞ്ഞതിന് പിന്നിലെ കാരണം. ഏറെ വൈകാതെ പി ജയരാജന്‍ സിപിഎമ്മിനു പുറത്താകുന്ന കാലവും വന്നേക്കാം.
https://www.facebook.com/Malayalivartha


























