പോലീസുകാർ സർക്കാരിനെതിരെ സേനയിൽ അസ്വസ്ഥതത പാർട്ടിക്ക് വിധേയനായി പിണറായി.. കൊലയ്ക്ക് കൊടുക്കുമോ?

ഇലക്ഷനിലേക്ക് പോകുന്ന സർക്കാരിന് മറ്റൊരു വെള്ളിടി. സംസ്ഥാനത്തെ പോലീസുദ്യോഗസ്ഥർ രാഷ്ട്രീയഭേദമന്യേ പിണറായി സർക്കാരിനെതിരെ തിരിഞ്ഞതായി രഹസ്യാന്വേഷണ വിഭാഗം .
തലസ്ഥാനത്തെ മാളിൽ എസ്.എഫ്.ഐക്കാരുടെ മർദ്ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കുകയും പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തുകയും ചെയ്തതിലാണ് സേനയിൽ അമർഷം പുകയുന്നത്.പോലീസുകാരുടെ സമ്മർദ്ദഫലമായി പോലീസുകാരനെതിരായ കേസ് പിൻവലിക്കാമെന്ന് സർക്കാർ വാക്കാൽ ഉറപ്പുനൽകിയെങ്കിലും മറ്റൊരു കേസിൽ കുരുക്കാനാണ് ആലോചിക്കുന്നത്.
പോലീസുകാർ കാലുമാറുമ്പോഴാണ് ഒരു സർക്കാരിന്റെ പതനം തുടങ്ങുന്നത്. മുമ്പ് കെ കരുണാകരൻ ഉൾപ്പെടെയുള്ള ശക്തരായ ഭരണാധികാരികൾ പോലീസിനെ അവസരത്തിലും അനവസരത്തിലും സഹായിക്കാൻ നിന്നതാണ് അവർക്ക് വിനയായി മാറിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പോലീസിനെ ആവേശപൂർവം വിശ്വസിച്ച പിണറായി തുടർ ഭരണത്തിൽ പോലീസിനെ തള്ളിപറയുന്നു. പോലീസുകാരനെ പാർട്ടിക്കാർ മർദ്ദിക്കുന്ന രംഗങ്ങൾ പുറത്തുവന്നിട്ടും പിണറായി നിശബ്ദത തുടരുന്നു. ശക്തമായ നടപടികൾ സ്വീകരിക്കാൻ വിമുഖത പ്രകടിപ്പിക്കുന്നു.
സംഭവത്തിൽ പൊലീസ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ പിടികൂടുന്നതിൽ തുടക്കത്തിൽ വഞ്ചിയൂർ പൊലീസ് കാട്ടിയ അലംഭാവവും വിവാദമായി.ഇതിന് പിന്നിൽ ജില്ലയിലെ ഉന്നത സിപി എം നേതാവ് ഉണ്ടെന്നാണ് ആരോപണം. ഏതായാലും ഇനി സർക്കാരിനെ സഹായിക്കാനില്ലെന്ന നിലപാടിലാണ് പോലീസുകാർ.
സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക് ഇടപെട്ടതോടെയാണ് നടപടികൾ വേഗത്തിലായത്. എസ്.എഫ്.ഐ പ്രവർത്തകരായ പേട്ട സ്വദേശി വിനയ് പ്രകാശ് (23), സുർജിത് (19) എന്നിവരെ ഇന്നലെ വൈകിട്ട് അറസ്റ്റു ചെയ്തു. രണ്ടുപേരെ പിടികൂടാനുണ്ട്. ശനിയാഴ്ച വൈകിട്ട് മാൾ ഒഫ് ട്രാവൻകൂറിൽ സഹോദരിക്കൊപ്പമെത്തിയ എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ മിഥുൻ റോയിയെയാണ് നാലുപേർ പിന്തുടർന്ന് മർദ്ദിച്ചത്.
ശംഖുംമുഖത്ത് പുതുവത്സര ആഘോഷത്തിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മിഥുൻ മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മിഥുൻ പ്രതിരോധിച്ചു. എന്നാൽ, എസ്.എഫ്.ഐക്കാരെ മർദ്ദിച്ചുവെന്ന പേരിൽ മിഥുനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത വഞ്ചിയൂർ പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. ഇത് സമ്മർദ്ദം മൂലമെന്നാണ് ആക്ഷേപം. വിനയ് പ്രകാശിന്റെ പരാതിയിലാണ് മിഥുനെതിരെ കേസെടുത്തത്.
എസ്.എഫ്.ഐക്കാർതന്നെ ചിത്രീകരിച്ച് പുറത്തിവിട്ട വീഡിയോയിൽ പൊലീസുകാരനെ പിന്തുടർന്ന് പ്രകോപിപ്പിക്കുന്നതും മർദ്ദിക്കുന്നതും വ്യക്തമാണ്. അതേസമയം, മിഥുനെതിരെ പൊലീസ് കമ്മിഷണർക്ക് നേരത്തേ നൽകിയ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് മിഥുൻ മാളിൽവച്ച് ഞങ്ങളെ മർദ്ദിക്കുകയായിരുന്നു എന്നാണ് വിനയ് പ്രകാശ് പൊലീസിൽ നൽകിയ പരാതിയിലുള്ളത്.
പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ പ്രബുദ്ധകേരളത്തിന് അപമാനമാണെന്ന് പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ. സുധീർഖാൻ പറഞ്ഞു.
ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ പ്രതികാരമായി ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കണം. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിലാണ് ഇതൊക്കെ ചെയ്യുന്നത് എന്നതും ആശങ്കപ്പെടുത്തുന്നതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
പൊലീസുകാരനെതിരെ കേസെടുത്തതിലുള്ള പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കാൻ പൊലീസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ പരസ്യമായി പ്രതികരിക്കാൻ അസോസിയേഷൻ നേതാക്കൾ തയാറായില്ല.
ശനിയാഴ്ച ഉച്ചയോടെ തലസ്ഥാനത്തെ മാളിലായിരുന്നു സംഭവം. പുതുവത്സര രാത്രിയിൽ ശംഖുംമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡി.ജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്.എഫ്.ഐക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്.എഫ്.ഐക്കാരെ തല്ലിയ പൊലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. ശംഖുംമുഖം അസി. കമീഷണറുടെ നിർദേശപ്രകാരമായിരുന്നു അന്നത്തെ പൊലീസ് നടപടി.
അന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ എസ്.എഫ്.ഐക്കാർ നൽകിയ പരാതിയിൽ വകുപ്പുതല അന്വേഷണം നടന്നു വരികയാണ്. ഇതിനിടെയാണ് ശനിയാഴ്ച പൊലീസുകാരനായ മിഥുൻ റോയ് തലസ്ഥാനത്തെ ഷോപ്പിങ് മാളിൽ എത്തുന്നതും എസ്.എഫ്.ഐക്കാർ പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുന്നതും.
മാളിലെ മർദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പൊലീസുകാരൻ വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ തയാറായില്ല. പിന്നീട് സമ്മർദം വന്നതോടെയാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തത്.
തുടർച്ചയായ അക്രമങ്ങളും പോലീസിന്റെ സമീപനവുംകാരണം താൻ ആത്മഹത്യയുടെ വക്കിലാണെന്ന് മാളിൽ എസ്.എഫ്.ഐ. പ്രവർത്തകരുടെ മർദനമേറ്റ മിഥുൻ റോയി പറഞ്ഞു. മാളിൽ എസ്.എഫ്.ഐ. പ്രവർത്തകരെ ആദ്യം അക്രമിച്ചത് മിഥുൻ റോയിയാണെന്ന് ജില്ലാ സെക്രട്ടറി എം.എ. നന്ദൻ പറഞ്ഞു. 2023 ഓഗസ്റ്റിൽ പേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ഹെൽമെറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാവ് ഉൾപ്പെട്ട തർക്കംമുതൽ മിഥുൻ റോയി നോട്ടപ്പുള്ളിയായിരുന്നു. ഇക്കൊല്ലം പുതുവർഷാഘോഷത്തിനിടെ ശംഖുംമുഖത്ത് വിദ്യാർഥികളെ മർദിച്ചതും വിവാദമായി. മിഥുൻ റോയി കഴിഞ്ഞദിവസം ബൈക്കിൽ പേട്ട ഭാഗത്തേക്കു പോകുന്നതു കണ്ട എസ്.എഫ്.ഐ.ക്കാർ പിന്നാലെകൂടിയത് ഈ വൈരാഗ്യം വെച്ചാണ്.
മാളിൽ എസ്.എഫ്.ഐ. പ്രവർത്തകരെ ആദ്യം അക്രമിച്ചത് മിഥുൻ റോയിയാണെന്ന് ജില്ലാ സെക്രട്ടറി എം.എ. നന്ദൻ പറഞ്ഞു. പുതുവത്സാരാഘോഷത്തിനിടെ മിഥുൻ പ്രവർത്തകരെ കാരണമൊന്നുമില്ലാതെയാണ് മർദിച്ചത്. പിന്തുടർന്ന് ആക്രമിക്കുന്നത് സംഘടനയുടെ ശൈലിയല്ല. എവിടെ ജോലി ചെയ്തിട്ടുണ്ടോ അവിടെയൊക്കെ പ്രശ്നങ്ങളുണ്ടാക്കി വിവാദത്തിലായ ഉദ്യോഗസ്ഥനാണ്. വർഷങ്ങളായി പിന്തുടർന്ന് ആക്രമിക്കുന്നെന്ന മിഥുന്റെ ആരോപണം ശരിയല്ലെന്നും നന്ദൻ പറഞ്ഞു.
ശംഖുംമുഖത്തെ സംഭവത്തിനുശേഷം നാക്കിൽ ശസ്ത്രക്രിയയാതിനാൽ അവധിയിലായിരുന്നു. ഏതാനും ദിവസംമുൻപ് തിരികെ പ്രവേശിച്ചു. വീണ്ടും രണ്ടുദിവത്തേക്ക് അവധിയെടുത്തു. ഇതിനിടെയാണ് മാളിൽ എത്തിയത്. ബന്ധുവായ സ്ത്രീ ഒപ്പം വന്നതല്ല. മാളിൽ വെച്ച് കണ്ടതാണ്. കേസ് വന്നതോടെ അവരും കുടുംബവും മനോവിഷമത്തിലാണെന്നും മിഥുൻ പറഞ്ഞു.
ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതിനെതിരേ ആശങ്കയറിയിച്ച് ഒരുവിഭാഗം ഉദ്യോഗസ്ഥർ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിനെ സമീപിച്ചു. സാഹചര്യം പരിശോധിക്കാമെന്ന് എ.ജി.ഡി.പി. ഉറപ്പുനൽകിയതായി പോലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ. അജിത്ത് അറിയിച്ചു.
സിവിൽ പൊലീസ് ഓഫിസറായ മിഥുൻ റോയിയെ മാളിലെ അടിപിടിക്കേസിൽ നിന്ന് ഒഴിവാക്കുമെങ്കിലും ശംഖുമുഖത്തെ ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ നടപടി വന്നേക്കും. സംഭവത്തിനു ശേഷം മെഡിക്കൽ അവധിയിലാണു മിഥുൻ. സംഭവത്തിന്റെ റിപ്പോർട്ടും ദൃശ്യങ്ങളും സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. ഇതുകൂടാതെ രഹസ്യ വിഭാഗത്തിന്റെ റിപ്പോർട്ടും കമ്മിഷണർ ആവശ്യപ്പെട്ടു.
ഒന്നര വർഷം മുൻപ്, ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അന്നത്തെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിനെതിരെ പേട്ട പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതു ചോദ്യം ചെയ്യാൻ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പേട്ട സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയപ്പോൾ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ മിഥുൻ അടക്കമുള്ളവർ ഉണ്ടായിരുന്നു. ഈ വിഡിയോ ചൂണ്ടിക്കാട്ടി മിഥുനെതിരെ എസ്എഫ്ഐ അന്നു പരാതി നൽകി.
വട്ടിയൂർക്കാവിൽ കാർ അപകടവുമായി ബന്ധപ്പെട്ട് 2024 ഏപ്രിലിൽ മിഥുനെയും കുടുംബത്തെയും വീട് കയറി 12 അംഗ സംഘം ആക്രമിച്ചതിനും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മിഥുൻ മദ്യപിച്ച് വാഹനമോടിച്ച് പ്രശ്നമുണ്ടാക്കിയെന്നാണ് എതിർ ഭാഗത്തിന്റെ വാദം.
പോലീസുകാർക്കെതിരെ ന്യായമായ കാര്യങ്ങളിൽ നടപടി എടുക്കുന്നതിൽ അസോസിയേഷന് യാതൊരു എതിരഭിപ്രായവും ഇല്ല . എന്നാൽ അന്യായമായ കാര്യങ്ങളിൽ കേസെടുക്കുന്നതിലാണ് അമർഷം. മിഥുൻ തെറ്റുകാരനല്ലെന്ന് എസ് എഫ് ഐക്കാർ തന്നെ പുറത്തുവിട്ട വിഡിയോയിൽ നിന്നും മനസിലാക്കാം.എന്നിട്ടും മിഥുനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു.കേസെടുത്തതിൽ ഉയർന്ന ഉദ്യോഗസ്ഥർ എതിരഭിപ്രായം അറിയിച്ചെങ്കിലും അത് ചെവിക്കൊള്ളാൻ ചില പോലീസുദ്യോഗസ്ഥർ തയ്യാറായില്ല. എസ് എഫ് ഐക്കാർ പറഞ്ഞതുകൊണ്ടു മാത്രം ഒരാൾക്കെതിരെ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചാർത്തണമെന്നില്ല. ഉന്നതരായ ഉദ്യോഗസ്ഥരുടെ അല്ലെങ്കിൽ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ കറുത്ത കരങ്ങൾ ഇതിന് പിന്നിൽ ഉണ്ടെന്നാണ് പോലീസ് സേനയിലെ സിപിഎമ്മുകാരായ ഉദ്യോഗസ്ഥരുടെ പോലും സംശയം. ഇലക്ഷനിലേക്ക് പോകുമ്പോൾ പോലീസിന്റെ അമർഷം കുറ്റകരമായ രീതിയിൽ ചർച്ച ചെയ്യപ്പെട്ടേക്കാം. അധികാരപ്രയോഗത്തിനും അതിന് രാഷ്ട്രീയ നേതൃത്വം നൽകുന്ന അനുഗ്രഹത്തിനും രണ്ടാം സ്ഥാനം ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും പറയുന്നുണ്ട്. കരുണാകരന്റെ പ്രിയപ്പെട്ടവരായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പോലീസ് ഭരിച്ചിരുന്നത്. വ്യാജമായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളെ വകയിരുത്തിയും അലനെയും താഹയെയും കേസിൽ പെടുത്തിയും ഇവർ പിണറായി സർക്കാരിന്റെ അമിതാധികാരപ്രയോഗം ഉദാഹരണമായി മാറി.
കരിങ്കൊടി പ്രകടനക്കാർക്ക് നേരെ ബലപ്രയോഗം നടത്തി. നവകേരളയാത്രയ്ക്കെതിരെ പ്രതിഷേധിച്ചവരോട് പ്രാകൃതമായി പെരുമാറി. ഇത്തരത്തിൽ പെരുമാറിയവരോട് മുഖ്യമന്ത്രി അനുഭാവം പ്രകടിപ്പിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും ചീത്തപേര് കേട്ടത്
ആഭ്യന്തര വകുപ്പാണ്. പോലീസ് സേനക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചാൽ സേനയുടെ വീര്യം ഇല്ലാതാകും എന്നായിരുന്നു പിണറായിയുടെ നിലപാട്. എന്നാൽ ഇതിൽ ഇപ്പോൾ മാറ്റം വന്നി രിക്കുന്നു. എസ്എഫ്ഐക്കാർ മർദ്ദിച്ച പോലീസുകാരനെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്തു . പോലീസ് സേനയ്ക്കുള്ളിൽ ഇത്രമാത്രം വിരോധമുണ്ടായ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, സ്വർണക്കള്ളക്കടത്ത്, ക്രി മിനൽ ബന്ധം തുടങ്ങി പോലീസുകാർ കേൾക്കാത്ത ആരോപണങ്ങളില്ല. അഡീഷണൽ ഡിജിപി വരെ ആരോപണ വിധേയനായി. സിപിഎമ്മിന്റെ സ്വതന്ത്ര എംഎൽഎ ആയിരുന്ന പി.വി അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെയും അഡീഷണൽ ഡിജിപിയെയും ആരോപണങ്ങളുടെ നിഴലിൽ നിർത്തി. എന്നാൽ എഡിജിപിക്ക് ഒന്നും സംഭവിച്ചില്ല ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണത്തിന് ഒരു നടപടിയും ഉണ്ടായില്ല. പോലീസിനെതിരെ സിപിഐ കർശനമായി രംഗത്തു എടുത്തിട്ടും ഒന്നും ഉണ്ടായില്ല. മോൻസൻ മാവുങ്കൽ എന്ന കുറ്റവാളിയുടെ അതിഥിയായി ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്വന്തം ചിത്രങ്ങളെടുത്തു. പോലീസ് സേനയിലെ ഏറ്റവും വൃത്തികെട്ട ചിത്രമായി ഇത് മാറിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ആര് ഭരിച്ചാലും പോലീസ് മാറില്ല എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലാതായിരിക്കുന്നു. 94ൽ ഉണ്ടായ ഐഎസ്ആർഒ ചാരക്കേസിൽ കുറ്റാരോപിതനായ ശ്രീവാസ്തവയെ സംരക്ഷിക്കാൻ കരുണാകരൻ ശ്രമിച്ചു എന്ന് ആരോപണം ഉന്നയിച്ചത് ഉമ്മൻചാണ്ടിയാണ് . എന്നാൽ ഇന്ന് അതേ പിണറായി തന്റെ സ്വന്തം പോലീസുകാർക്കെതിരെ പാർട്ടിക്കാരുടെ ആവശ്യപ്രകാരം നടപടിയെടുക്കുന്നു. ഇതിലാണ് പോലീസ് ഉന്നതർക്ക് അമർഷം.
പോലീസ് നിസഹരിച്ചാൽ ഭരണം അവതാളത്തിലാകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. എന്നാൽ പാർട്ടിക്ക് വിധേയപ്പെടാൻ മുഖ്യമന്ത്രി നിർബനധിതനായിരിക്കുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് പഴയതു പോലെ എടുത്തുപറയത്തക്ക റോൾ ഇല്ലാതായിരിക്കുന്നു. എ ഡി ജി പി എം ആർ അജിത് കുമാർ പോലീസിൽ നിന്നും പുറത്തായതോടെയാണ് ഇത്തരമൊരു സാഹചര്യം സംജാതമായത്. മുഖ്യമന്ത്രിയുടെ ഓഫീസിന് തത്കാലം പോലീസിൽ വിശ്വസ്തരായ ഉദ്യോഗസ്ഥർ ഇല്ലാതായിരിക്കുന്നു. അതാണ് പോലീസുകാർക്കെതിരെ തുടരെ തുടരെ നടപടിയുണ്ടാവാൻ കാരണം. വരും ദിവസങ്ങളിൽ കേരളം ഇലക്ഷനിലേക്ക് പോകുന്നതോടെ പോലീസിന്റെ നിസഹകരണം കൂടുതൽ ബുദ്ധിമുട്ടിലാവും. സർക്കാരിന് തുടർ ഭരണം കിട്ടില്ലെന്ന് ഉറപ്പായതോടെ ഉദ്യോഗസ്ഥർ മറുകണ്ടം ചാടിയിരിക്കുകയാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥർ വരെ ഇത്തരത്തിൽ മറുകണ്ടം ചാടിയവരിൽ ഉൾപ്പെടുന്നു. ഉന്നത പോലീസ്ഉദ്യോഗസ്ഥർ സർക്കാരിന്റെ തീരുമാനങ്ങളിലൊന്നും പക്ഷം പിടിക്കുന്നില്ല. എന്നാൽ പോലീസുകാരെ പിണക്കരുതെന്ന സന്ദേശം ചില ഉയർന്ന ഉദ്യോഗസ്ഥർ പാർട്ടിക്ക് നൽകിയിട്ടുണ്ട്. പക്ഷേ അതൊന്നും ചെവികൊള്ളാൻ സർക്കാർ തയ്യാറല്ല.
https://www.facebook.com/Malayalivartha


























