അർജുൻ ആയങ്കിക്ക് പുറമേ ആകാശ് തില്ലങ്കേരിയും! കണ്ണൂരിലെ പൊലിസിന്റെ അടുത്ത നീക്കം; കൂടുതൽ രാഷ്ട്രീയ-ക്രിമിനൽ കേസുകളിൽ പ്രതികളെ അകത്താക്കുമെന്ന് സൂചന, വിവിധ രാഷ്ട്രീയ കേസുകളിൽ പ്രതിയായവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്. ഒ മാർക്ക് നിർദ്ദേശം നൽകി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറും കണ്ണൂർ മുറൽ ജില്ലാ പൊലീസ് മേധാവിയും....

അർജുൻ ആയങ്കിക്കെതിരെ കാപ്പചുമത്താൻ ശുപാർശ നൽകിയ കണ്ണൂരിലെ പൊലിസിന്റെ അടുത്ത നീക്കം ചർച്ചയാകുന്നു. കൂടുതൽ രാഷ്ട്രീയ-ക്രിമിനൽ കേസുകളിൽ പ്രതികളെ അകത്താക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതിൽ എഴുന്നൂറോളം പേരുടെ ലിസ്റ്റാണ് തയ്യാറാക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ വിവിധ രാഷ്ട്രീയ കേസുകളിൽ പ്രതിയായവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറും കണ്ണൂർ മുറൽ ജില്ലാ പൊലീസ് മേധാവിയും ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്. ഒ മാർക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.
അഞ്ചു വർഷമായി തന്നെ സിപിഎമ്മുകാരായ പ്രതികൾക്കെതിരെ കാപ്പ ചുമത്തിയിട്ടില്ലെന്ന ആരോപണം മറ്റു പാർട്ടികൾ ഉന്നയിച്ച സാഹചര്യത്തിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകരുടെ ലിസ്റ്റെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അങ്ങനെ അർജുൻ ആയങ്കിക്ക് പുറമേ പാർട്ടിയെ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിക്കുന്ന ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരെയും അകത്താക്കാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന പി.ശശിയുടെ നിലപാടും നിർണ്ണായകമാകുന്നതാണ്.
അതോടൊപ്പം തന്നെ കണ്ണൂരിൽ ഒരു കാലത്ത് പി.ജെ ആർമിയുടെ ഭാഗ്രമായി പ്രവർത്തിച്ച അമ്പാടിമുക്ക് സഖാക്കൾ ഉൾപ്പെടെയുള്ളവർ പ്രതികളായ ക്വട്ടേഷൻ - ബ്‌ളേഡ് കേസുകൾ പൊടി തട്ടിയെടുക്കാനും നീക്കം നടക്കുന്നുണ്ട്. ഇതോടെ സംഘ പരിവാറിൽ നിന്നും പി.ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ തന്നെ ജ്ഞാനസ്‌നാനം ചെയ്യിച്ചു ചുവപ്പ് ഉടുപ്പിച്ച പുത്തൻ സഖാക്കളെല്ലാം കാപ്പ ചുമത്തപ്പെട്ട് അകത്തായേക്കും. കൂടാതെ നേരത്തെ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയും സൈബർ പേരാളിയുമായ അർജുൻആയങ്കി , എടയന്നൂർ ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി എന്നിവർക്കെതിരെ ഡി.വൈ.എഫ് ഐ - സി.പിഎം നേതാക്കൾ പരസ്യമായി രംഗത്തുവരുകയുണ്ടായി.
ഇത്തരത്തിൽ സംഘടനയെയും നേതാക്കളെയും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജർ നൽകിയ പരാതിയിൽ അർജുൻ ആയങ്കിക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നൽകിയ റിപ്പോർട്ട് കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ നായരുടെ പരിഗണനയിലാണ് ഉള്ളത്. ഇദ്ദേഹം ഉടൻ റിപ്പോർട്ട് കലക്ടർ എസ്. ചന്ദ്രശേഖറിന് കൈമാറുമെന്നാണ് ലഭ്യമാകുന്ന വിവരം.
ഇതിനുപിന്നാലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഭരണഘടനാ പദവിയുള്ള കലക്ടറാണ് ഈ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ആഭ്യന്തര വകുപിന്റെ സമ്മർദ്ദത്താൽ കലക്ടർ നടപടിയെടുത്താൽ തന്നെ സ്വർണകടത്ത് കേസിൽ ഇപ്പോൾ ജാമ്യത്തിൽ കഴിയുന്ന അർജുൻ ആയങ്കി ആറു മാസം ജയിലിനകത്താകുന്നതാണ്. ഇതിനിടെ സിപിഎം ഇതര രാഷ്ട്രീയ കുറ്റവാളികൾക്കെതിരെ മാത്രം കാപ്പ ചുമത്തുന്നതിനെതിരെ കോടതിയെ സമീപിക്കാൻ എസ്.ഡി.പി.ഐ തീരുമാനിച്ചിരിക്കുകയാണ്. പേരാവൂരിലെ എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റു ചെയ്തതിനെ തുടർന്നാണിത് ചൂണ്ടിക്കാണിക്കുന്നത്. 18 കേസുകളിൽ പ്രതിയായ പാനൂർ കുറ്റ്യേരിയിലെ ആർഎസ്എസ് പ്രവർത്തകനെയും കഴിഞ്ഞ ദിവസം കാപ്പ ചുമത്തി അറസ്റ്റു ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha