വെല്ലുവിളിച്ച് ഒവൈസി... സ്മൃതി ഇറാനി രാഹല്‍ ഗാന്ധിയെ വെല്ലുവിളിച്ച് വയനാട്ടില്‍ നിന്നും പോയതിന് പിന്നാലെ വെല്ലുവിളിയുമായി ഒവൈസി; രാഹുല്‍ ഗാന്ധി വയനാട്ടിലും പരാജയപ്പെടും; ഹൈദരാബാദില്‍ നിന്ന് മത്സരിച്ച് തന്റെ ഭാഗ്യം പരീക്ഷിക്കണം

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും തോല്‍പിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. വയനാട്ടില്‍ നേരിട്ടെത്തിയാണ് സ്മൃതി ഒരുക്കങ്ങള്‍ നടത്തിയത്. രാഹുല്‍ ഗാന്ധിയെ അമേഠിക്കാര്‍ തുരത്തിയോടിച്ചതു പോലെ വയനാടന്‍ ജനതയും ഇവിടെനിന്നു തുരത്തണമെന്നു സ്മൃതി ഇറാനി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ 1450 ആദിവാസി കോളനികളില്‍ ഇപ്പോഴും കുടിവെള്ളം എത്തിയിട്ടില്ല. മഴക്കാലം വരുമ്പോള്‍ മറ്റുള്ള സ്ഥലങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമാണെന്നു ബോധ്യപ്പെട്ടതായും അവര്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍ നിന്ന് മത്സരിച്ച് തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാകണമെന്നും ഒവൈസി പറഞ്ഞു. അതിനായി അദ്ദേഹം രാഹുലിനെ ഹൈദരാബാദില്‍ മത്സരിക്കാന്‍ ക്ഷണിച്ചു.
മേഡക്കില്‍ നിന്ന് വേണമെങ്കിലും മത്സരിക്കാം ഒവൈസി കൂട്ടിച്ചേര്‍ത്തു. തെലങ്കാന സന്ദര്‍ശനം നടത്തുന്ന രാഹുല്‍, താന്‍ വന്നിരിക്കുന്നത് ടി.ആര്‍.എസ്, ബി.ജെ.പി, എ.ഐ.എം.ഐ.എം എന്നിവര്‍ക്ക് വെല്ലുവിളിയുമായിട്ടാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്ന് ഒവൈസി പറഞ്ഞു.
വയനാട്ടില്‍ സ്മൃതി ഇറാനി രാഹുലിനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. യുവാക്കളുടെ നൈപുണ്യ വികസനത്തിനു കേന്ദ്ര പദ്ധതികള്‍ ഉണ്ടായിട്ടും രാഹുല്‍ ഗാന്ധിക്ക് അതു നടപ്പിലാക്കാന്‍ താല്‍പര്യമില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. മണ്ഡലത്തിന്റെ വികസനത്തെക്കാള്‍ സ്വകാര്യവും വ്യക്തിപരവുമായി കാര്യങ്ങള്‍ക്കാണ് രാഹുല്‍ മുന്‍ഗണന നല്‍കുന്നത്. ഗാന്ധി കുടുംബം 50 വര്‍ഷം അമേഠിയെ പ്രതിനിധീകരിച്ചെങ്കിലും അവിടെ വികസനമുണ്ടായില്ല. അടിസ്ഥാന സൗകര്യങ്ങളില്‍ ഏറെ പിന്നിലായിരുന്നു. 2014 നു ശേഷം തന്റെ നിരന്തരമായ ഇടപെടല്‍ മൂലം വിവിധ പദ്ധതികള്‍ ഏറ്റെടുത്തു സാധാരണ ജനങ്ങളോടൊപ്പം നിന്നു. അവിടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് സംഘടനാ പ്രവര്‍ത്തനം എല്ലാ മേഖലകളിലും എത്തിച്ചതായും സ്മൃതി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ എളിമയുള്ളവനും ശുദ്ധനുമായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് നേപ്പാളി ഗായിക സരസ്വതി ഖത്രി. ഗായിക സുമിനിമ ഉഡാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത രാഹുലിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പമാണ് സരസ്വതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
രാഹുല്‍ ഗാന്ധിയുടെ നേപ്പാള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ്, അദ്ദേഹത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. രാഹുല്‍ ഗാന്ധിയെ കണ്ടതിന്റെ അനുഭവം പറഞ്ഞുകൊണ്ടാണ് ഗായിക ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ട്വീറ്റ് കോണ്ഗ്രസ് നേതാക്കള്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
എല്ലാ മനുഷ്യരെയും ഒരുമിപ്പിക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റംഗം രാഹുല്‍ ഗാന്ധിജിക്ക് വേണ്ടി ഏതാനും പാട്ടുകള്‍ പാടാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. വളരെ എളിമയുള്ളവനും ശുദ്ധനുമായ ഒരു മനുഷ്യണ് അദ്ദേഹമെന്ന് എനിക്ക് മനസ്സിലായി. ഈ അവസരത്തിന് സുംനിമക്കും നിമക്കും നന്ദി എന്നാണ് സരസ്വതി ട്വീറ്റ് ചെയ്തത്.
രാഹുല്‍ ഗാന്ധിയുടെ നേപ്പാള്‍ സന്ദര്‍ശനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവാദമായിട്ടുണ്ട്. രാഹുല്‍ ഗാന്ധി നേപ്പാളിലെ നിശാക്ലബ്ബിലെ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ബി.ജെ.പി കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha