പുതിയ അടവുകള്‍... സഭയുടെ സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞ് ഡോ. ജോ ജോസഫിന് പരമാവധി പ്രശസ്തി ഉണ്ടാക്കിക്കൊടുത്ത ശേഷം രാഷ്ട്രീയ ചിത്രം മാറുന്നു; ട്വന്റി ട്വന്റിയുടെ പിന്മാറ്റം യുഡിഎഫുമായുള്ള അഡ്ജസ്റ്റ്‌മെന്റെന്ന് ആരോപണം; പിടിയുടെ ആത്മാവ് പൊറുക്കില്ലല്ലെന്ന് പി.വി. ശ്രീനിജന്‍

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുകയാണ്. സഭയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയെന്ന യുഡിഎഫ് പ്രചരണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോസഫിന് വളരെയേറെ ഗുണം ചെയ്തു. അതോടെ യുഡിഎഫ് നേതാക്കള്‍ പിന്തിരിഞ്ഞു. ഇപ്പോഴിതാ പുതിയ വിവാദമാണ് ഉണ്ടായിരിക്കുന്നത്. തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയുടെ പിന്മാറ്റം യൂഡിഎഫുമായുള്ള അഡ്ജസ്റ്റ്‌മെന്റ് ആണോ എന്ന് സംശയം പ്രകടിപ്പിച്ച് പി വി ശ്രീനിജന്‍ എം എല്‍ എ. രംഗത്തെത്തി.
വി ഡി സതീശന് സാബു ജേക്കബുമായി നല്ല ബന്ധം ഉണ്ട്.അഡ്ജസ്റ്റ്‌മെന്റ് ഉണ്ടെങ്കില്‍ പി ടിയുടെ ആത്മാവ് കോണ്‍ഗ്രെസ്സുകാരോട് പൊറുക്കില്ലെന്ന് ശ്രീനിജന്‍ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ട്വന്റി20 കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാലാണ് മത്സരരംഗത്തു നിന്നും പിന്മാറുന്നതെന്നാണ് വിശദീകരണം. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതെന്ന് ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് അറിയിച്ചു.
നേരത്തെ, ആം ആദ്മി പാര്‍ട്ടിയും തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന് അറിയിച്ചിരുന്നു. സംസ്ഥാന ഭരണത്തെ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഈ ഉപതിരഞ്ഞെടുപ്പിന്റെ മത്സരരംഗത്തുനിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനമെന്ന് ട്വന്റി 20 വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നേരത്തെ തൃക്കാക്കരയില്‍ മുന്നണികള്‍ക്കെതിരെ ആപ്ട്വന്റി ട്വന്റി സംയുക്ത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഇരു പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിനാണ് പ്രാധാന്യം നല്‍കുന്നത്. കെ റെയിലും രാഷ്ട്രീയ കൊലപാതകങ്ങളും ഉള്‍പ്പെടെ കണക്കിലെടുത്ത് തൃക്കാക്കരയിലെ ജനങ്ങള്‍ ഇത്തവണ വോട്ടു രേഖപ്പെടുത്തും. അണികളുടെയും അനുഭാവികളുടെയും വോട്ട് ആര്‍ക്കെന്ന തീരുമാനം ആവശ്യമെങ്കില്‍ പതിനഞ്ചാം തീയതി പ്രഖ്യാപിക്കുമെന്നും സാബു എം ജേക്കബ് അറിയിച്ചു.
ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഈ മാസം 15 ന് കൊച്ചിയിലെത്തും. അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്റി ട്വന്റിയും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും ഇരു പാര്‍ട്ടികളും അറിയിച്ചു.
അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ സാധാരണ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ലെന്നാണ് എഎപി വിശദീകരണം. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകുമെന്ന് കരുതുന്നില്ല. അതേസമയം അടുത്ത നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്നും എന്‍.രാജ വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം.
തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് അണികളെ പിന്നീട് അറിയിക്കുമെന്നും ഈ മാസം 15ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേരളം സന്ദര്‍ശിക്കുമെന്നും എഎപി നിരീക്ഷന്‍ പറഞ്ഞു. വിജയസാധ്യത സംബന്ധിച്ച് എഎപി നടത്തിയ സര്‍വേയില്‍ അനൂകൂല സൂചനകളല്ല ലഭിച്ചത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് തീരുമാനം. തൃക്കാക്കരയില്‍ ആര്‍ക്കെങ്കിലും പിന്തുണ നല്‍കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും എന്‍.രാജ പറഞ്ഞു.
"
https://www.facebook.com/Malayalivartha