കണ്ണൂര്‍ ഇരിട്ടിയില്‍ കോളിക്കടവ് പുഴയില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍..... പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇന്നലെ വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്

കണ്ണൂര്‍ ഇരിട്ടിയില്‍ കോളിക്കടവ് പുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിന്‍(19) ആണ് മരിച്ചത്. വീര്‍പ്പാട് എസ്എന്‍ഡിപി കോളേജ് വിദ്യാര്‍ഥിനിയാണ് . ശനിയാഴ്ച ഉച്ചയോടെ ജഹാനയെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
പുന്നാട്ടെ സെയ്ദ്-മുനീറ ദമ്പതികളുടെ മകളാണ്. സഹോദരന്‍: നിഹാല്‍. ഇരിട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അതേസമയം
പത്തനംതിട്ട മല്ലപ്പള്ളിയില്‍ മണിമലയാറ്റിലും കൈപ്പട്ടൂരില്‍ അച്ചന്‍കോവിലാറ്റിലുമായി രണ്ടു കുട്ടികള്‍ അടക്കം നാലു പേര്‍ മുങ്ങി മരിച്ചു. തമിഴ്നാട് തിരുനെല്‍വേലിയില്‍ നിന്ന് കൊടകരയില്‍ താമസിക്കുന്ന ലക്ഷ്മണന്റെയും രാസാത്തിയുടെയും മകന്‍ കാര്‍ത്തിക് (16), തിരുനെല്‍വേലി പനവടലി സത്രം വീട്ടില്‍ നിന്ന് കൊടുങ്ങല്ലൂരില്‍ വന്നുതാമസിക്കുന്ന വെളിയപ്പന്റെയും കസ്തൂരിയുടെയും മകന്‍ ശബരിനാഥ് (15) എന്നിവര്‍ക്കാണ് മണിമലയാറ്റില്‍ ജീവന്‍ നഷ്ടമായത്.
ഏനാത്ത് കടിക ഓലിക്കുളങ്ങര വിഷ്ണു ഭവനില്‍ കെ.എന്‍. വേണുവിന്റെ മകന്‍ വിശാഖ് (21), ഏഴംകുളം മാങ്കൂട്ടം ഈട്ടിമൂട് കുലശേരി ഉടയാനവിള വീട്ടില്‍ വേണുവിന്റെ മകന്‍ സുധീഷ് (25) എന്നിവരാണ് കൈപ്പട്ടൂരില്‍ അച്ചന്‍കോവിലാറ്റിലെ കോയിക്കല്‍ കടവില്‍ മുങ്ങി മരണമടഞ്ഞത്.
ഞായറാഴ്ച വൈകുന്നേരം ് മൂന്നരയോടെയായിരുന്നു മല്ലപ്പളളിയിലെ അപകടം നടന്നത്. മല്ലപ്പള്ളിയില്‍ തേരടിയില്‍ തമ്പിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സുബ്രഹ്മണ്യന്റെ അടുത്ത് മഞ്ഞള്‍നീരാട്ട് ചടങ്ങിന് കുടുംബത്തോടൊപ്പം എത്തിയതാണ് കാര്‍ത്തിക്കും ശബരിയും.
ചടങ്ങിനുശേഷം മണിമലയാറ്റിലെ വടക്കന്‍ കടവില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങുമ്പോള്‍ ഇരുവരും കയത്തില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ഫോണില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കീഴ്വായ്പ്പൂര് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.കൊടകര ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്. സഹോദരി: ധനുശ്രീ. ശബരിയുടെ സഹോദരന്‍ സത്യ.
സിനിമാതാരം പ്രശാന്ത് അലക്സാണ്ടര്‍ കുടുംബസമേതം ടൗണിലേക്ക് വരുമ്പോഴാണ് അപകടം കാണുന്നത് . ഉടന്‍ തന്നെ കുടുംബാംഗങ്ങളെ ഇറക്കി നിറുത്തിയ ശേഷം തന്റെ വാഹനത്തില്‍ പ്രശാന്ത് കാര്‍ത്തിക്കിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈകിട്ട് നാലേകാലോടെയാണ് വിശാഖും സുധീഷും അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെടുന്നത്. കൈപ്പട്ടൂര്‍ പന്തളം റോഡരുകില്‍ കുരിശടിക്ക് സമീപമുള്ള കോയിക്കല്‍കടവിലായിരുന്നു അപകടം ഉണ്ടായത്.
കൈപ്പട്ടൂര്‍ സ്വദേശിയായ അഖില്‍ എന്ന യുവാവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ആദ്യം വിശാഖ് ഒഴുക്കില്‍പ്പെട്ടു. ഇതു കണ്ട് രക്ഷിക്കാന്‍ ചാടിയതാണ് സുധീഷ്. ഇവര്‍ മുങ്ങിത്താഴുന്നത് കണ്ട് അഖില്‍ നിലവിളിച്ചത് കേട്ട് തൊട്ടടുത്ത കടവില്‍ കുളിച്ചുകൊണ്ടിരുന്ന സമീപവാസിയായ ഒരാള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ മുങ്ങിത്താഴ്ന്നു പോയി.
"
https://www.facebook.com/Malayalivartha