കയ്യടിയും ബഹളവും... നാളെ തൃശൂര്‍ പൂരം നടക്കവെ കയ്യടിനേടി ആസാദി കുട; ആശയം ആവിഷ്‌ക്കാരം സുരേഷ് ഗോപിയുടേത്; വിവാദങ്ങളെ തുടര്‍ന്ന് സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയ കുടകള്‍ കുടമാറ്റത്തില്‍ നിന്ന് പിന്‍വലിച്ചു; ഗംഭീരമായി തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്

കോവിഡിന് ശേഷം തൃശൂരിലേക്ക് ജനം ഒഴികിയെത്തുകയാണ്. ഇത്തവണത്തെ തൃശൂര്‍ പൂരം കെങ്കേമമാക്കാനാണ് എല്ലാവരുടേയും ശ്രമം. തൃശൂരിനെ അങ്ങെടുത്ത ശേഷം തൃശൂര്‍പൂരത്തേയും ഏറ്റെടുത്തിരിക്കുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ആശയമായ ആസാദി കുട ശ്രദ്ധ നേടുന്നു.
ഈ കുടയുടെ പിന്നില്‍ താന്‍ തന്നെയാണെന്നാണ് സുരേഷ് ഗോപി വെളിപ്പെടുത്തിയത്. രാജ്യത്തിനു തൃശൂര്‍ പൂരം നല്‍കുന്ന സമര്‍പ്പണമാണ് ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കുടകളെന്ന് സുരേഷ് ഗോപി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയത്ത് ഇതിനു ഏറെ പ്രാധാന്യമുണ്ട്. പാറമേക്കാവ് വിഭാഗത്തിന്റെ പൂരച്ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജി, ചന്ദ്രശേഖര്‍ ആസാദ്, വിവേകാനന്ദന്‍, ചട്ടമ്പി സ്വാമികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ കുടയിലുണ്ട്. താന്‍ തന്നെയാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതിന് പിന്നില്‍ സുരേഷ് ഗോപി തന്നെയാണെന്ന് ബിജെപിയും ആണയിടുന്നു. കുടമാറ്റത്തിന് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം ആലേഖനം ചെയ്ത കുടകള്‍ എന്ന ആശയം പാറമേക്കാവ് ദേവസ്വത്തോട് നിര്‍ദേശിച്ചത് സുരേഷ് ഗോപിയാണെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറും അറിയിച്ചു. പാറമേക്കാവ് പ്രസിഡന്റ് സതീഷിനോടും സെക്രട്ടറി രാജേഷിനോടും ഇത്തരമൊരു ആശയം വച്ചത് സുരേഷ് ഗോപി തന്നെയാണ്. ആ കുടകള്‍ അടങ്ങിയ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനും സുരേഷ് ഗോപി എത്തിയെന്ന് അനീഷ് കുമാര്‍ പറഞ്ഞു.
അതേസമയം വിവാദങ്ങളെ തുടര്‍ന്ന് സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയ കുടകള്‍ കുടമാറ്റത്തില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയിലെന്നായിരുന്നു പാറമേക്കാവിന്റെ വിശദീകരണം.
ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് നടത്തി. രാത്രി എട്ടുമണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. ആദ്യം പാറമേക്കാവ് വിഭാഗവും പിന്നീട് തിരുവമ്പാടി വിഭാഗവും വെടിക്കെട്ട് നടത്തി.
തൃശൂര്‍ പൂരലഹരിയിലാണ്. പൂര വിളംബരം അറിയിച്ച് കുറ്റൂര്‍ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി ഇന്ന് തെക്കെഗോപുരനട തുറന്നിടും. പ്രൗഢിയോടെ, തൃശൂരില്‍ നാളെ പൂരങ്ങളുടെ പൂരം.
നെയ്തലക്കാവിലമ്മ തുറക്കുന്ന തെക്കെഗോപുര നടയിലൂടെയാണ് പൂരത്തിനെത്തുന്ന കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. മേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയില്‍ പ്രവേശിച്ച ശേഷം മൂന്നു തവണ ശംഖ് മുഴക്കുന്നതോടെ പൂരത്തിന് വിളംബരമാകും. ഇന്നലെ രാവിലെ തിരുവമ്പാടിയിലും പാറമേക്കാവിലും ചമയപ്രദര്‍ശനങ്ങള്‍ക്ക് തുടക്കമായി. ആയിരങ്ങളാണ് ചമയപ്രദര്‍ശനത്തിനെത്തിയത്. പൂരപ്പിറ്റേന്ന് പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിനുള്ള ഒരുക്കങ്ങളും തുടരുന്നു.
പൂര ദിവസം ഉച്ചയോടെ എട്ട് ഘടക ക്ഷേത്രങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങും. 11 മണിക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണിത്വത്തില്‍ ബ്രഹ്മസ്വം മഠത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടില്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചു മണിയോടെ പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കെഗോപുരം ഇറങ്ങിയ ശേഷം കുടമാറ്റം നടക്കും. ബുധനാഴ്ച പകല്‍പ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. അതിന് ശേഷം രണ്ട് ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും.
തൃശൂര്‍ പൂരം നിയന്ത്രിക്കാന്‍ 3611 പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പുറമേ 400 റിസര്‍വ് പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആകെ നാലായിരത്തോളം പൊലീസുകാര്‍. 36 ഡിവൈ.എസ്.പിമാരും 64 ഇന്‍സ്‌പെക്ടര്‍മാരും 287 എസ്.ഐമാരും നേതൃത്വം നല്‍കും. ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി വിവരങ്ങള്‍ അറിയുന്നതിന് ഡിജിറ്റല്‍ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതു വരെയുള്ള എല്ലാ ചടങ്ങുകളുടെയും അനിമേഷന്‍ രൂപത്തിലുള്ള വീഡിയോയാണ് തയ്യാറാക്കിയിരിക്കുന്നത്. പൊലീസുകാരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറുകളിലേക്കാണ് വീഡിയോയുടെ ലിങ്ക് അയച്ചു നല്‍കുന്നത്. ഇത് കാണുന്നതോടെ പോലീസുദ്യോഗസ്ഥര്‍ക്ക് അവരുടെ ഡ്യൂട്ടിവിവരം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. തൃശൂര്‍ സിറ്റി പൊലീസ് പി.ആര്‍.ഒ വിഭാഗമാണ് വീഡിയോയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത്.
" f
https://www.facebook.com/Malayalivartha